3 July 2023 4:46 PM IST
ബിഎസ്ഇ സെൻസെക്‌സ് ആദ്യമായി 65,000ന് മുകളിൽ വ്യാപാര സെഷന്‍ അവസാനിപ്പിച്ചു. ആഗോള ഓഹരി വിപണികളിലെ റാലിയുടെയും വിദേശ ഫണ്ട് ഒഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തങ്ങളുടെ റാലി തുടർന്നു. 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് നിലയായ 65,205.05 ൽ എത്തി.
പകൽ സമയത്ത്, സെന്‍സെക്സ് 581.79 പോയിന്റ് അഥവാ 0.89 ശതമാനം ഉയർന്ന് അതിന്റെ സര്‍വകാല ഇൻട്രാ-ഡേ നിലയായ 65,300.35 -ലേക്ക് എത്തിയിരുന്നു. തുടർച്ചയായ നാലാമത്തെ സെഷനിലാണ് സെന്‍സെക്സ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സൂചികയിലെ പ്രമുഖ ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്ഡിഎഫ്‍സി ഇരട്ടകൾ എന്നിവയിലെ തിരക്കേറിയ വാങ്ങലും വിപണിയുടെ ആക്കം കൂട്ടിയെന്ന് ട്രേഡര്‍മാര്‍ പറയുന്നു.
എൻഎസ്ഇ നിഫ്റ്റി 133.50 പോയിന്റ് അഥവാ 0.70 ശതമാനം ഉയർന്ന് 19,322.55 എന്ന റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേ ട്രേഡിൽ, ബെഞ്ച്മാർക്ക് 156.05 പോയിന്റ് അല്ലെങ്കിൽ 0.81 ശതമാനം ഉയര്‍ന്ന് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഇൻട്രാ-ഡേ നിലയായ 19,345.10-ൽ എത്തി. തുടർച്ചയായ മൂന്നാം സെഷനിലാണ് മാർക്കറ്റ് ബെഞ്ച്മാർക്കുകൾ പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിക്കുന്നത്.
2.53 ശതമാനം ഉയർന്ന റിലയൻസ് ഇൻഡസ്ട്രീസ് സെൻസെക്‌സ് ചാർട്ടിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി. ഐടിസി, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, അൾട്രാടെക് സിമന്റ്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് മികച്ച നേട്ടം നല്‍കിയ മറ്റ് ഓഹരികള്‍
എന്നാല്‍ പവർ ഗ്രിഡ്, മാരുതി, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, നെസ്‌ലെ, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികളില്‍ 1.86 ശതമാനം വരെ ഇടിവ് പ്രകടമാക്കി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികളും പോസിറ്റീവ് തലത്തില്‍ വ്യാപാരം നടത്തി. വെള്ളിയാഴ്ച രാത്രി വ്യാപാരത്തിൽ യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.97 ശതമാനം ഉയർന്ന് ബാരലിന് 76.14 ഡോളറിലെത്തി.
ആഭ്യന്തര വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 6,397.13 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
ജൂണിൽ ജിഎസ്‍ടി സമാഹരണം 12 ശതമാനം ഉയർന്ന് 1.61 ലക്ഷം കോടി രൂപയായെന്ന് ശനിയാഴ്ച ധനമന്ത്രാലയം അറിയിച്ചിരുന്നു. ചരക്കു സേവന നികുതി സംവിധാനം നിലവിൽ വന്നതിന് ശേഷം നാലാം തവണയാണ് ജിഎസ്‍ടി വരുമാനം 1.60 ലക്ഷം കോടി കവിയുന്നത്.
"നിക്ഷേപകരുടെ വികാരങ്ങൾ പോസിറ്റീവ് ആയ ആഭ്യന്തര ഡാറ്റകളെയും ശുഭാപ്തിവിശ്വാസമുള്ള ആഗോള സൂചനകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മാന്ദ്യത്തിന്റെ സാധ്യത ഒഴിവാക്കിക്കൊണ്ട് മുന്നേറാന്‍ ആഗോള വിപണിക്കുള്ള പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന ഡാറ്റകളാണ് യുഎസില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ പോസിറ്റിവ് പ്രവണത വിശാലമായ ഒന്നായിരുന്നു. എങ്കിലും ഊർജ്ജം, ധനകാര്യം, ലോഹം, എഫ്എംസിജി മേഖലകൾ താരതമ്യേന വലിയ മുന്നേറ്റം നടത്തി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
