25 July 2023 3:37 PM IST
Summary
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ്
- ഏഷ്യന്‍ പെയിന്‍റ്സ് ഓഹരികള്‍ക്ക് ഇടിവ്
- ടാറ്റ മോട്ടോര്‍സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്രമായ തലത്തില്‍. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കും അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചുവെങ്കിലും ആഗോള വിപണികളിലെ പോസിറ്റിവ് പ്രവണതയും മികച്ച ആദ്യപാദ ഫലങ്ങളും വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് കരകയറ്റി.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 29.07 പോയിന്റ് അഥവാ 0.044 ശതമാനം ഇടിഞ്ഞ് 66,355.71ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിശാലമായ എൻഎസ്ഇ നിഫ്റ്റി 8.25 പോയിന്റ് അഥവാ 0.042 ശതമാനം ഉയർന്ന് 19,680.60 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ഇന്ന് ആദ്യപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച ഏഷ്യന്‍ പെയ്ന്‍റ്സിന്‍റെ ഓഹരികള്‍ 4 ശതമാനത്തോളം ഇടിവ് പ്രകടമാക്കി. പവര്‍ ഇന്ത്യയുടെ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ടാറ്റാ മോട്ടോര്‍സിന്‍റെ ഓഹരികള്‍ എകദേശം 2 ശതമാനത്തോളം ഉയര്‍ന്ന് 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 641.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സ് പാക്കിൽ നിന്ന്, അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. മറുവശത്ത്, ഐടിസി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൌ ജോണ്‍സ് , നാസ്‍ഡാഖ് , എസ് & പി 500 എന്നിവയെല്ലാം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് . ഷാങ്ഹായ് , ഹോങ് കോങ് , തായ്വാന്‍ വിപണികളില്‍ പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിക്കെയ് ഇടിവിലാണ്. അതേ സമയം യൂറോപ്യന്‍വിപണികള്‍ സമ്മിശ്രമായ തലത്തിലാണ്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ 82.96 കോടി രൂപയുടെ ഓഹരികൾ വിറ്റു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 934.87 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെയും ആഭ്യന്തര വിപണികളില്‍ വില്‍പ്പനക്കാരായിരുന്നു എന്ന് ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ബിഎസ്ഇ സെൻസെക്‌സ് 299.48 പോയിന്റ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 66,384.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 72.65 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 19,672.35 ൽ അവസാനിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
