7 July 2023 4:32 PM IST
Summary
- ധനകാര്യം, ഐടി, എണ്ണ ഓഹരികളില്‍ വലിയ വില്‍പ്പന
- നിഫ്റ്റിയില്‍ 8 ദിവസത്തെ റാലിക്ക് സമാപ്തി
- യുഎസ് പലിശ നിരക്കുകളിലെ ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ ശക്തമായി
റാലിക്കു പിന്നാലെ ലാഭമെടുക്കലിലേക്ക് നിക്ഷേപകര്‍ നീങ്ങിയതും ആഗോള തലത്തിലെ ദുര്‍ബല പ്രവണതകളും മൂലം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഇടിവിലേക്ക് നീങ്ങി. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം കുത്തനെ ഇടിഞ്ഞ് 65,280.45 പോയിന്റിൽ ക്ലോസ് ചെയ്‌തു. വിപണിയുടെ വിവിധ ഘടകങ്ങളിൽ 25ഉം നഷ്ടത്തിലായിരുന്നു അഞ്ചെണ്ണം മാത്രമാണ് പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ സൂചിക 65,175.74 എന്ന താഴ്ന്ന നിലയ്ക്കും 65,898.98 എന്ന ഉയര്‍ന്ന നിലയ്ക്കും ഇടയിലാണ് സഞ്ചരിച്ചത്. ധനകാര്യം, ഐടി, എണ്ണ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്.
എട്ട് ദിവസത്തെ വിജയ പരമ്പര അവസാനിപ്പിച്ച്, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിശാലമായ നിഫ്റ്റി 165.50 അഥവാ 0.85 ശതമാനം ഇടിഞ്ഞ് 19,331.80 ൽ എത്തി.
സെൻസെക്‌സ് ഓഹരികളിൽ പവർഗ്രിഡ് 2.76 ശതമാനവും ഇൻഡസ്ഇൻഡ് ബാങ്ക് 2.34 ശതമാനവും എച്ച്‌യുഎൽ 2.23 ശതമാനവും എൻടിപിസി 2.04 ശതമാനവും ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, എച്ച്ഡിഎഫ്‍സി, ഐടിസി, ഇൻഫോസിസ്, എൽ ആൻഡ് ടി, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ് 2.94 ശതമാവും, ടൈറ്റൻ 1.26 ശതമാനവും ഉയർന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ടിസിഎസ് തുടങ്ങിയവയാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച മറ്റ് ഓഹരികള്‍.
"ദുർബലമായ ആഗോള വിപണികളിൽ നിന്നുള്ള തരംഗങ്ങൾ ഇവിടേക്കും എത്തിയതോടെ ആഭ്യന്തര വിപണി പ്രോഫിറ്റ് ബുക്കിംഗിന് കീഴടങ്ങി. യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ വർധന കാരണം ആഗോള ഇക്വിറ്റികൾ ഇടിഞ്ഞു. യുഎസിന്‍റെ സ്വകാര്യ തൊഴില്‍ ഡാറ്റയില്‍ ഉണ്ടായിട്ടുള്ള കുത്തനേയുള്ള ഉയര്‍ച്ച കാരണം ഫെഡ് റിസര്‍വ് അധികം വൈകാതെ നിരക്ക് വര്‍ധനയിലേക്ക് തിരിച്ചെത്തുമെന്ന ആശങ്കകളും ശക്തമാണ് ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു. ജൂലൈ അവസാനത്തിലാണ് അടുത്ത ഫെഡ് റിസര്‍വ് .യോഗം നടക്കുന്നത്.
ബിഎസ്‌ഇ മിഡ്‌ക്യാപ് 0.76 ശതമാനം ഇടിഞ്ഞ് 28,999.02ലും ബിഎസ്‌ഇ സ്മോൾ ക്യാപ് 0.28 ശതമാനം ഇടിഞ്ഞ് 33,129.41ലും എത്തി. ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒഴികെയുള്ള എല്ലാ ബിഎസ്ഇ സെക്ടറൽ സൂചികകളും 1.63 ശതമാനം വരെയുള്ള നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളില്‍ ഉടനീളം നെഗറ്റിവ് അന്തരീക്ഷമായിരുന്നു. ഹോങ്കോങ്, ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികള്‍ നഷ്ടത്തിലായിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 76.70 ഡോളറില്‍ എത്തി
ആഗോള വിപണികളിലെ ദുർബലമായ പ്രവണതയെ വെല്ലുവിളിച്ച്, 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 339.60 പോയിന്റ് അല്ലെങ്കിൽ 0.52 ശതമാനം ഉയർന്ന് വ്യാഴാഴ്‌ച അതിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് നിലയായ 65,785.64 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 19,497.30 എന്ന പുതിയ റെക്കോർഡിൽ വ്യാപാരം അവസാനിപ്പിച്ചു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വ്യാഴാഴ്ച 2,641.05 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി ആഭ്യന്തര വിപണിയിലെ അവരുടെ വാങ്ങൽ പ്രവർത്തനം തുടർന്നുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
