7 July 2023 10:35 AM IST
Summary
- ഇരു വിപണികളിലും ചാഞ്ചാട്ടം പ്രകടമാകുന്നു
- നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങി
- ആഗോള പ്രവണതകള്‍ ദുര്‍ബലം
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ രാജ്യത്തെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടക്കവ്യാപാരത്തില്‍ കാര്യമായ ചലനങ്ങള്‍ പ്രകടമാക്കിയില്ല. ധനകാര്യ, ഐടി ഓഹരികളിലെ ലാഭമെടുപ്പ് ബെഞ്ച്മാർക്ക് സ്റ്റോക്ക് സൂചികകളായ സെൻസെക്സിനെയും നിഫ്റ്റിയെയും ഇന്നത്തെ വ്യാപാര സെഷനില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് താഴ്ന്ന നിലയില്‍ വ്യാപാരം ആരംഭിക്കുകയും പിന്നീട് 294 പോയിന്റ് ഇടിഞ്ഞ് 65,785.64 എന്ന താഴ്ന്ന നിലയില്‍ എത്തുകയും ചെയ്തു. ബിഎസ്ഇ ബാരോമീറ്റർ 10 .21 AM ന് 9.03 പോയിന്റ് അല്ലെങ്കിൽ 0.014% ശതമാനം ഇടിഞ്ഞ് 65,761.77 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിശാലമായ നിഫ്റ്റി 10.21 ന് 6.35 പോയിന്റ് അഥവാ 0.033% ശതമാനം ഇടിഞ്ഞ് 19,490.95 ൽ എത്തി. തുടക്ക വ്യാപാരത്തിൽ ഇത് 19,499.55 നും 19,421.60 നും ഇടയിൽ നീങ്ങി.
സെൻസെക്‌സ് ഓഹരികളിൽ, നെസ്‌ലെ, ഇൻഡസ്‌ഇൻഡ് ബാങ്ക്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, എച്ച്‌സിഎൽ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവ റെക്കോർഡ് റാലിക്ക് ശേഷം പ്രോഫിറ്റ് ബുക്കിംഗിലേക്ക് നീങ്ങിയതിനാല്‍ ഇടിവ് നേരിടുകയാണ്. ടൈറ്റൻ, എം ആൻഡ് എം, മാരുതി, റിലയൻസ്, സൺ ഫാർമ, എൻടിപിസി, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടം കൊയ്യുന്ന പ്രധാന ഓഹരികള്‍, ഇത് ബെഞ്ച്മാർക്ക് സൂചികയ്ക്ക് പിന്തുണ നൽകുന്നു.
ആഗോള വിപണികളില്‍ പൊതുവേ നെഗറ്റിവ് പ്രവണതയാണ് ദൃശ്യമാകുന്നത്. യുഎസ് ഇക്വിറ്റികളില്‍ ഒറ്റരാത്രി കൊണ്ട് നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഹോങ്കോംഗ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സ്റ്റോക്കുകൾ ഇടിഞ്ഞു. യുഎസ് തൊഴിൽ വിപണി പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതിരോധശേഷി പ്രകടമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീർഘകാലമായി ഭീഷണിയായി മുന്നിലുള്ള ഭയാനകമായ മാന്ദ്യത്തിൽ നിന്ന് അകറ്റി നിർത്തുന്നതിനാൽ കരുത്തുറ്റ തൊഴില്‍ വിപണി പ്രധാന പങ്കുവഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഉയർന്ന പണപ്പെരുപ്പത്തെ പരാജയപ്പെടുത്താനുള്ള തങ്ങളുടെ പോരാട്ടത്തിന്‍റെ ഭാഗമായി കൂടുതൽ കാലം പലിശനിരക്ക് ഉയർത്താൻ യുഎസ് ഫെഡറൽ റിസർവിനെ ഇത് പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നച്യ
"വികസിത വിപണികളിലെ വൻ തളർച്ചയും ബോണ്ട് യീൽഡുകളുടെ വർദ്ധനയും മൂലം ആഗോള വിപണിയുടെ ഘടന പ്രതികൂലമായി മാറുന്നതിനാൽ ഈ റാലി നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.25 ശതമാനം ഉയർന്ന് ബാരലിന് 76.70 ഡോളറിലെത്തി.
ആഗോള വിപണിയിലെ ദുർബലമായ പ്രവണതയെ വെല്ലുവിളിച്ച് ഇന്നലെ സെൻസെക്‌സ് 339.60 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 65,785.64 എന്ന എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 98.80 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 19,497.30 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ റെക്കോര്‍ഡ് ബ്രേക്കിംഗ് റാലിക്കു ശേഷം സെന്‍സെക്സ് ബുധനാഴ്ച ഇടിവിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വ്യാഴാഴ്ച 2,641.05 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി ആഭ്യന്തര വിപണിയിലെ തങ്ങളുടെ വാങ്ങൽ പ്രവർത്തനം തുടരുന്നുവെന്നാണ്, എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
