27 Jun 2023 12:24 PM IST
Summary
- ബോണ്ട്, പണ, വിദേശ വിനിമയ വിപണികള്‍ക്കും അവധി വ്യാഴാഴ്ച
- ഡെറിവേറ്റിവ് കരാറുകളുടെ കാലാവധി ബുധനാഴ്ച തീരും
ബക്രീദ് പ്രമാണിച്ച് രാജ്യത്തെ ഓഹരിവിപണികളില്‍ ജൂൺ 29 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് എൻഎസ്‌ഇ സർക്കുലറിൽ അറിയിച്ചു. നേരത്തേ ബുധനാഴ്ചയാണ് അവധി നിശ്ചയിച്ചിരുന്നത്. ഇത് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഈദ് അവധി ബുധനാഴ്ചയില്‍ നിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ഇന്നലെ നടത്തിയ പ്രഖ്യാപനത്തിന് അനുസൃതമായാണ് എന്‍എസ്ഇയുടെ സര്‍ക്കുലറും എത്തിയിരിക്കുന്നത്.
അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയ സാഹചര്യത്തില്‍, പ്രതിവാര, പ്രതിമാസ ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയതായും എക്സ്ചേഞ്ച് പ്രത്യേക സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. സെറ്റിൽമെന്റ് ഷെഡ്യൂൾ സംബന്ധിച്ച് അതത് ക്ലിയറിംഗ് കോർപ്പറേഷനുകൾ പ്രത്യേകമായി അറിയിക്കുമെന്നും സർക്കുലറിൽ പറയുന്നു.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ വ്യാഴാഴ്ച രാവിലെ സെഷന്‍ അവധിയായിരിക്കും. എന്നാല്‍ വൈകുന്നേരം 5 മുതൽ 11:30/11:55 വരെ ട്രേഡിംഗ് ലഭ്യമാകും. കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തിന്‍റെ ട്രേഡിംഗിനും രാവിലെ അവധിയായിരിക്കും, വൈകിട്ട് ട്രേഡിംഗ് നടത്താനാകും.
കേന്ദ്ര സർക്കാർ ബോണ്ടുകൾ, പണ, വിദേശ വിനിമയ വിപണികൾ ബുധനാഴ്ച പ്രവര്‍ത്തിക്കുമെന്നും വ്യാഴാഴ്ച അവധിയായിരിക്കും എന്നുമാണ് ഇപ്പോള്‍ ട്രേഡര്‍മാരില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല. ഈ വിപണികള്‍ ഈദ് അവധിക്കായി ബുധനാഴ്ച അടച്ചിടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സിസിഐഎൽ) ഒരു അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബോണ്ട് വിപണിയിലെ ട്രേഡര്‍മാര്‍ അവധി സംബന്ധിച്ച ധാരണയില്‍ എത്തിയിട്ടുള്ളത്. വിദേശ വിനിമയ വിപണി സംബന്ധിച്ച് അത്തരമൊരു അറിയിപ്പ് ഇതുവരെ വന്നിട്ടില്ലെങ്കിലും ഫോറെക്‌സ് മാർക്കറ്റിന്‍റെ അവധിയും വ്യാഴാഴ്ച തന്നെയായിരിക്കുമെന്ന് വ്യാപാരികൾ സ്ഥിരീകരിക്കുന്നു. ജൂൺ 27 ലെ ട്രേഡിംഗിന്റെ സെറ്റിൽമെന്റ് തീയതി ജൂൺ 28 ആണെന്നും ജൂൺ 28 ലെ ഇടപാടുകളുടെ സെറ്റില്‍മെന്‍റ് ജൂൺ 30ന് ആയിരിക്കുമെന്നും സിസിഐഎൽ അറിയിപ്പില്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
