image

22 Feb 2022 3:08 AM IST

Market

സംഘര്‍ഷ വാര്‍ത്തകളില്‍ വിപണി പതറുന്നു

MyFin Desk

സംഘര്‍ഷ വാര്‍ത്തകളില്‍ വിപണി പതറുന്നു
X

Summary

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതകള്‍ ഇല്ലാതിരിക്കെ റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ ഇന്ത്യന്‍ വിപണിയെയും ഗുരുതരമായി ബാധിച്ചേക്കാം. റഷ്യ-യുഎസ് ഉച്ചകോടിയ്ക്ക് കൃത്യമായ പദ്ധതികളൊന്നുമില്ല എന്ന ക്രെംലിന്റെ പ്രസ്താവനയോടെ യൂറോപ്യന്‍ ഓഹരികളെല്ലാം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സ്റ്റോക്ക് യൂറോപ്പ് 600 സൂചിക നാലാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. റഷ്യന്‍ ഓഹരികള്‍ മാര്‍ച്ച് 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. അമേരിക്കന്‍ വിപണി ഇന്നലെ അവധിയായിരുന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ […]


അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതകള്‍ ഇല്ലാതിരിക്കെ റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ ഇന്ത്യന്‍ വിപണിയെയും ഗുരുതരമായി ബാധിച്ചേക്കാം.

റഷ്യ-യുഎസ് ഉച്ചകോടിയ്ക്ക് കൃത്യമായ പദ്ധതികളൊന്നുമില്ല എന്ന ക്രെംലിന്റെ പ്രസ്താവനയോടെ യൂറോപ്യന്‍ ഓഹരികളെല്ലാം കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സ്റ്റോക്ക് യൂറോപ്പ് 600 സൂചിക നാലാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.

റഷ്യന്‍ ഓഹരികള്‍ മാര്‍ച്ച് 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. അമേരിക്കന്‍ വിപണി ഇന്നലെ അവധിയായിരുന്നു.

അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത നഷ്ടം രേഖപ്പെടുത്തിയേക്കാം. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 57 പോയിന്റ് താഴ്ന്ന് ഇന്ന് രാവിലെ വ്യാപാരം നടക്കുന്നു.

മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെയുടെ അഭിപ്രായത്തില്‍, “നിഫ്റ്റിയുടെ തിരിച്ചുവരവിന് ഏറ്റവും ബുദ്ധിമുട്ടേറിയ സമയമാണിപ്പോള്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തോടൊപ്പം യുഎസ് ഫെഡിന്റെ 'ഹോക്കിഷ്' നിലപാടുകളും വിപണിയില്‍ നെഗറ്റീവ് സെന്റിമെന്റ്‌സ് സൃഷ്ടിച്ചിട്ടുണ്ട്.”

“സാങ്കേതികമായി പറഞ്ഞാല്‍, നിഫ്റ്റിയുടെ ലോങ് ടേം ചാര്‍ട്ടുകള്‍ കാണിക്കുന്നത് ബെയറിഷ് പിക്ചറാണ്. 16,401 ല്‍ വീണ്ടും താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. 17,807 ന് മുകളില്‍ മാത്രമേ എന്തെങ്കിലും ഗൗരവമായ നീക്കം പ്രതീക്ഷിക്കാനുള്ളൂ. ഇന്നത്തെ വ്യാപാരത്തില്‍, 17,421 ല്‍ പ്രതിരോധം അനുഭവപ്പെടാം. ചാഞ്ചാട്ടം തുടര്‍ന്നേക്കാം. ഇന്‍ട്രാ-ഡേ വ്യാപാരത്തില്‍ ഉണ്ടാകുന്ന ചെറിയ നേട്ടങ്ങളെ ബുള്ളുകള്‍ വലിയ പ്രതീക്ഷയോടെ കാണരുത്. നിഫ്റ്റി 17,057 ന് താഴേക്ക് പോയാല്‍ കനത്ത വില്‍പ്പന പ്രതീക്ഷിക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,261.90 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 2,392.85 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വാങ്ങി. മീഡിയ, മെറ്റല്‍ ഓഹരികളില്‍ ലാഭമെടുപ്പ് സംഭവിച്ചു. എന്നാല്‍ ബാങ്കിംഗ്-ധനകാര്യ ഓഹരികള്‍ക്ക് ആവശ്യക്കാരേറെയുണ്ടായിരുന്നു.

കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: “സാങ്കേതികമായി, ഇന്നലെ രാവിലത്തെ വീഴ്ചയ്ക്ക് ശേഷം നിഫ്റ്റിയ്ക്ക് 17,070 ല്‍ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ വേഗത്തില്‍ ആ നിലയ്ക്ക് മാറ്റമുണ്ടായി. 20 ദിവസത്തെ സിംപിള്‍ മൂവിങ്ങ് ആവറേജിനു മുകളില്‍ ക്ലോസ് ചെയ്യാന്‍ ഒരിക്കല്‍കൂടി സാധിച്ചില്ല. ഇത് തീര്‍ച്ചയായും നെഗറ്റീവായ ഘടകമാണ്. ഡെയ്‌ലി ചാര്‍ട്ടുകളില്‍ 'ലോങ് ലെഗ് ഡോജി ഫോര്‍മേഷന്‍' കാണപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് ബുള്ളുകളുടെയും ബെയറുകളുടെയും നിശ്ചയമില്ലായ്മയാണ്. എനിക്ക് തോന്നുന്നത്, 17,250-17,300 ല്‍ തൊട്ടടുത്ത പ്രതിരോധം അനുഭവപ്പെടാം. ഇതിനു മുകളിലേക്ക് പോയാല്‍ സൂചിക 17,375 വരെ എത്തിച്ചേരാം. മറുഭാഗത്ത്, 17,100 ന് താഴെ വ്യാപാരം തുടര്‍ന്നാല്‍, 17,050-17,000 നിലയിലേക്ക് സൂചിക ചെന്നെത്തിയേക്കാം.”

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,590 രൂപ (ഫെബ്രുവരി 21).
ഒരു ഡോളറിന്റെ വില 74.57 രൂപ (ഫെബ്രുവരി 21).
ഒരു ബിറ്റ് കോയിന്റെ വില 30,38,601 രൂപ (@7.37 am, വസിര്‍ എക്‌സ്).
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 94.32 ഡോളര്‍ (-0.36%, @ 8.04 am).