image

29 March 2022 3:21 AM IST

Premium

ഉയരുന്ന ഉത്പന്ന വിലകള്‍ വിപണിക്ക് തിരിച്ചടി

MyFin Desk

ഉയരുന്ന ഉത്പന്ന വിലകള്‍ വിപണിക്ക് തിരിച്ചടി
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് 'റേഞ്ച് ബൗണ്ടാ'യുള്ള നീക്കങ്ങളാകും ഉണ്ടാവുക. ഉയരുന്ന കമോഡിറ്റി വിലകളും അതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടവും കണക്കിലെടുക്കുമ്പോള്‍ വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. യുദ്ധം മൂലമുണ്ടാകുന്ന ഉത്പന്നങ്ങളുടെ വിലക്കയറ്റം ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഇത് സമ്പദ്ഘടനയിലെ ഡിമാന്റിനേയും കമ്പനികളുടെ ലാഭത്തേയും കുറയ്ക്കും. ചൈനയില്‍ വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ മറ്റൊരു തലവേദനയായി മാറാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിപണികള്‍ ഉടനെയെങ്ങും സ്ഥിരതകൈവരിക്കാന്‍ ഇടയില്ല. അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗണ്‍ ജോണ്‍സ് 0.27 […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് 'റേഞ്ച് ബൗണ്ടാ'യുള്ള നീക്കങ്ങളാകും ഉണ്ടാവുക. ഉയരുന്ന കമോഡിറ്റി വിലകളും അതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന...

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് 'റേഞ്ച് ബൗണ്ടാ'യുള്ള നീക്കങ്ങളാകും ഉണ്ടാവുക. ഉയരുന്ന കമോഡിറ്റി വിലകളും അതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടവും കണക്കിലെടുക്കുമ്പോള്‍ വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

യുദ്ധം മൂലമുണ്ടാകുന്ന ഉത്പന്നങ്ങളുടെ വിലക്കയറ്റം ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഇത് സമ്പദ്ഘടനയിലെ ഡിമാന്റിനേയും കമ്പനികളുടെ ലാഭത്തേയും കുറയ്ക്കും. ചൈനയില്‍ വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ മറ്റൊരു തലവേദനയായി മാറാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിപണികള്‍ ഉടനെയെങ്ങും സ്ഥിരതകൈവരിക്കാന്‍ ഇടയില്ല.

അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗണ്‍ ജോണ്‍സ് 0.27 ശതമാനം, എസ് ആന്‍ഡ് പി 500 0.71 ശതമാനം, നാസ്ഡാക് 1.31 ശതമാനം ഉയര്‍ന്നു.

സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.40 am) 163 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 801.41 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,161.70 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം:

കൊട്ടക്ക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "വിപണി ഇന്നലെ വലിയ ഉയര്‍ച്ച താഴ്ച്ചകളില്ലാത്ത (sideways) നീക്കങ്ങളായിരുന്നു തുടക്കത്തില്‍ പ്രകടിപ്പിച്ചത്. എന്നാല്‍ അവസാന പാദത്തോട് അടുപ്പിച്ച് നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചു. ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിലുണ്ടായ വന്‍ ഡിമാന്റാണ് ഇതിനു പിന്നില്‍. സാങ്കേതികമായി നിഫ്റ്റി ഒരിക്കല്‍ കൂടി 17000 ന് അടുത്ത് പിന്തുണ നേടുകയും, പെട്ടന്നുതന്നെ ഉയര്‍ന്ന് 50 ദിവസത്തെ സിംപിള്‍ മൂവിംഗ് ആവറേജിന് മുകളിലായി ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും വിപണിക്ക് കൃത്യമായ ദിശയില്ല. സമീപ ഭാവിയില്‍, സൂചിക 17100 ലെവലില്‍ നിലനിന്നാല്‍ അത് വീണ്ടും 17325-17400 നിലവരെ ചെന്നെത്താം. താഴേക്ക് പോയാല്‍, സൂചിക 17000-16950 നിലവരെ എത്തിച്ചേര്‍ന്നേക്കാം."

ശ്രദ്ധിക്കേണ്ട ഓഹരികള്‍:

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ കണക്കുകള്‍ പ്രകാരം വ്യാപാരികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍ ഇവയാണ് - സുപ്രീം പെട്രോകെം, ലെമണ്‍ ട്രീ ഹോട്ടല്‍സ്, ഇനോക്‌സ് ലഷര്‍, ഗുജറാത്ത് ആല്‍ക്കലീസ്, ഗുജറാത്ത് അംബുജ, ടാറ്റാ എല്‍ക്‌സി, ജിഎന്‍എഫ്‌സി.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ കണക്കുകള്‍ പ്രകാരം വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്ന ഓഹരികള്‍ ഇവയാണ് - വൈഭവ് ഗ്ലോബല്‍, മാക്‌സ് ഫിനാന്‍ഷ്യല്‍, ദിലിപ് ബില്‍ഡ്‌കോണ്‍, ഗോദറെജ് ഇന്‍ഡ്‌സ്ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, ആരതി ഡ്രഗ്‌സ്, എഫ്ഡിസി.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,810 രൂപ (മാര്‍ച്ച് 28)
ഒരു ഡോളറിന് 76.31 രൂപ (മാര്‍ച്ച് 28)
ബ്രെന്റ് ക്രൂഡ് ബാരലിന് 110.53 ഡോളര്‍ (മാര്‍ച്ച് 29, 8.10 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 36,62,886 രൂപ (മാര്‍ച്ച് 29, 8.11 am, വസീര്‍എക്‌സ്)