image

11 May 2022 3:42 AM IST

Market

വിപണിയുടെ മുന്നേറ്റ ശ്രമങ്ങൾ തുടരും

Suresh Varghese

വിപണിയുടെ മുന്നേറ്റ ശ്രമങ്ങൾ തുടരും
X

Summary

ഇന്നലെ വ്യാപാരത്തിന്റെ ഭൂരിഭാ​ഗം സമയവും ലാഭത്തിൽ തുടർന്ന വിപണി അവസാന ഘട്ടത്തിലെ ലാഭമെടുപ്പോടെയാണ് നഷ്ടത്തിലേക്ക് വീണത്. ഇന്ന് വിപണി വീണ്ടും മുന്നേറാനുള്ള ശ്രമങ്ങൾ തുടർന്നേക്കും. ഇതിന് സഹായകരമാകുന്നത് ആഭ്യന്തര കമ്പനികൾ ഇതുവരെ റിപ്പോർട്ട് ചെയ്ത മികച്ച നാലാംപാദ ഫലങ്ങളാണ്. മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ടനുസരിച്ച് എൻഎസ്ഇ 50 യിലുള്ള പകുതിയിലേറെ കമ്പനികൾ മികച്ച ഫലങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഇതു നൽകുന്ന ശുഭപ്രതീക്ഷ വളരെ വലുതാണ്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം പ്രതികൂലമായേക്കാവുന്ന ഘടകങ്ങളൊന്നും തൊട്ടടുത്ത് നിലനിൽക്കുന്നില്ല. രൂപയുടെ […]


ഇന്നലെ വ്യാപാരത്തിന്റെ ഭൂരിഭാ​ഗം സമയവും ലാഭത്തിൽ തുടർന്ന വിപണി അവസാന ഘട്ടത്തിലെ ലാഭമെടുപ്പോടെയാണ് നഷ്ടത്തിലേക്ക് വീണത്. ഇന്ന് വിപണി വീണ്ടും മുന്നേറാനുള്ള ശ്രമങ്ങൾ തുടർന്നേക്കും. ഇതിന് സഹായകരമാകുന്നത് ആഭ്യന്തര കമ്പനികൾ ഇതുവരെ റിപ്പോർട്ട് ചെയ്ത മികച്ച നാലാംപാദ ഫലങ്ങളാണ്.

മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ടനുസരിച്ച് എൻഎസ്ഇ 50 യിലുള്ള പകുതിയിലേറെ കമ്പനികൾ മികച്ച ഫലങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഇതു നൽകുന്ന ശുഭപ്രതീക്ഷ വളരെ വലുതാണ്.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം പ്രതികൂലമായേക്കാവുന്ന ഘടകങ്ങളൊന്നും തൊട്ടടുത്ത് നിലനിൽക്കുന്നില്ല. രൂപയുടെ മൂല്യം കുറയുന്നുണ്ടെങ്കിലും ഇന്നലെ ആർബിഐയുടെ ഇടപെടലിൽ നേരിയ നേട്ടം കൈവരിക്കാനായി. രൂപ 14 പൈസ നേട്ടത്തോടെ 77.33 ൽ ഇന്നലെ ക്ലോസ് ചെയ്തു.

ക്രൂഡോയിൽ വില
ക്രൂഡോയിൽ വിലകളിൽ വലിയ വർദ്ധനവുണ്ടാകുന്നില്ല. ഈ ആഴ്ച്ച എട്ട് ശതമാനമാണ് ക്രൂഡോയിൽ വിലയിൽ കുറവുണ്ടായത്. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമോ എന്ന ഭീതിയാണ് ഇതിനു പ്രധാനകാരണം. ഇത് രൂപയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പണപ്പെരുപ്പത്തിനെതിരായ ആർബിഐയുടെ നീക്കങ്ങൾക്ക് ഇത് ഏറെ സഹായകരമാകും.

അമേരിക്കൻ വിപണി
യുഎസ് കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകൾ ഇന്നു വൈകിട്ടോടെ പുറത്തുവരും. ഫെഡിന്റെ നയതീരുമാനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണിത്. നാളത്തെ വിപണിയിൽ മാത്രമേ ഇതിന്റെ പ്രതിഫലനമുണ്ടാകുകയുള്ളു. ഇഐഎയുടെ (Energy Information Administration) ക്രൂഡ് ഇൻവെന്ററി റിപ്പോർട്ടും ഇന്ന് പുറത്തു വന്നേക്കും. ആ​ഗോള ക്രൂഡ് വിലകളിൽ ചലനമുണ്ടാക്കാൻ ഇതിനു സാധിക്കും. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ ചില തീരുവകൾ എടുത്തു കളയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത് അമേരിക്കയിലെ പണപ്പെരുപ്പം തടയുന്നതിനും ആ​ഗോള വളർച്ചയ്ക്കും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

ഇന്നലെ അമേരിക്കൻ വിപണിയിലും സമ്മിശ്ര പ്രതികരണമായിരുന്നു. ഡൗ ജോൺസ് 0.26 ശതമാനം നഷ്ടത്തിലവസാനിച്ചപ്പോൾ, നാസ്ഡാക് 0.98 ശതമാനവും, എസ് ആൻഡ് പി 500 0.25 ശതമാനവും നേട്ടം കൈവരിച്ചു.

ഏഷ്യൻ വിപണി
ഏഷ്യൻ വിപണിയിൽ ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ് കാണുന്നത്. സിം​ഗപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 8.06 ന് 30 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി, ഷാങ്ഹായ്, ചൈന എ50, ഹോംകോം​ഗിലെ ഹാങ് സെങ് എന്നീ വിപണികൾ നേട്ടത്തിലാണ്. തായ് വാൻ വെയിറ്റഡ്, കൊറിയയിലെ കോസ്പി എന്നിവ നഷ്ടം കാണിക്കുന്നു.

എഫ്പിഐ വിൽപ്പന
എൻഎസ്ഇ പ്രൊവിഷണൽ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 3,960 കോടി രൂപ വിലയുള്ള ഓഹരികൾ അധികമായി വിറ്റു. എന്നാൽ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,958 കോടി രൂപ വിലയുള്ള ഓഹരികൾ അധികമായി വാങ്ങി.

ഇന്ന് പ്രതീക്ഷിക്കുന്ന കമ്പനി ഫലങ്ങൾ
അദാനി പോർട്സ്
ബിർള കോർപറേഷൻ
ലോയിഡ് സ്റ്റീൽ
നാ​ഗാർജുന കൺസ്ട്രക്ഷൻ കമ്പനി
പഞ്ചാബ് നാഷണൽ ബാങ്ക്
എസ്കെഎഫ് ഇന്ത്യ

കൊച്ചിയിൽ 22 കാരറ്റ് സ്വർണം ​ഗ്രാമിന് 4,740 രൂപ (മേയ് 10)
ഒരു ഡോളറിന് 77.33 രൂപ (മേയ് 10)
ബ്രെന്റ് ക്രൂഡ് ബാരലിന് 103.97 ഡോളർ (8.29 am)
ഒരു ബിറ്റ് കോയിന്റെ വില 25,54,933 രൂപ (8.29 am)