image

12 May 2022 10:12 PM GMT

Market

സാമ്പത്തിക സൂചകങ്ങള്‍ വിപണിയെ നിരാശപ്പെടുത്തിയേക്കാം

Suresh Varghese

സാമ്പത്തിക സൂചകങ്ങള്‍ വിപണിയെ നിരാശപ്പെടുത്തിയേക്കാം
X

Summary

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഇന്നലെ പുറത്തു വന്ന സാമ്പത്തിക സൂചകങ്ങളൊന്നും തന്നെ ആശാവഹമല്ല. ഏപ്രിലിലെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കുകള്‍ എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് ഉയര്‍ന്നു. കൂടാതെ, മാര്‍ച്ചിലെ വ്യാവസായിക വളര്‍ച്ച 1.9 ശതമാനം മാത്രമാണ്. ഈ രണ്ട് പ്രതികൂല ഘടകങ്ങളും വിപണിയെ ഇന്ന് ബാധിച്ചേക്കാം. രൂപയുടെ വീഴ്ച്ച രൂപ, ഡോളറിനെതിരെ, അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 77.50 ലേക്ക് താണിരിക്കുകയാണ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിരക്ക് 77.63 വരെ ചെന്നെത്തിയിരുന്നു. വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് […]


ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഇന്നലെ പുറത്തു വന്ന സാമ്പത്തിക സൂചകങ്ങളൊന്നും തന്നെ ആശാവഹമല്ല. ഏപ്രിലിലെ റീട്ടെയില്‍ പണപ്പെരുപ്പ...

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഇന്നലെ പുറത്തു വന്ന സാമ്പത്തിക സൂചകങ്ങളൊന്നും തന്നെ ആശാവഹമല്ല. ഏപ്രിലിലെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കുകള്‍ എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലേക്ക് ഉയര്‍ന്നു. കൂടാതെ, മാര്‍ച്ചിലെ വ്യാവസായിക വളര്‍ച്ച 1.9 ശതമാനം മാത്രമാണ്. ഈ രണ്ട് പ്രതികൂല ഘടകങ്ങളും വിപണിയെ ഇന്ന് ബാധിച്ചേക്കാം.

രൂപയുടെ വീഴ്ച്ച
രൂപ, ഡോളറിനെതിരെ, അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 77.50 ലേക്ക് താണിരിക്കുകയാണ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിരക്ക് 77.63 വരെ ചെന്നെത്തിയിരുന്നു.
വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഓഹരി വിപണിയില്‍ കനത്ത വില്‍പ്പന നടന്നുകഴിഞ്ഞുവെന്നാണ്. അതിനാല്‍, ഒരു തിരിച്ചു വരവിനുള്ള സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍, അതിന്റെ സമയം നിശ്ചയിക്കുക അസാധ്യമാണ്. ഇന്ന് നിലനില്‍ക്കുന്ന ഘകങ്ങളെല്ലാം ഏറെക്കുറെ പ്രതികൂലവുമാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍
ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പ നിരക്കും, കുറഞ്ഞ വ്യവസായ ഉത്പാദനവും കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ വിറ്റഴിക്കലിലേക്ക് പോയേക്കാം. ഇന്നലെ അവര്‍ എന്‍എസ്ഡിഎല്‍ കണക്കുപ്രകാരം 3,003.58 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ എന്‍എസ്ഇ പ്രൊവിഷണല്‍ കണക്കുകളനുസരിച്ച് 4,815 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

ക്രൂഡോയില്‍
ഇന്നു രാവിലെ (8.15 am) ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില 1.38 ശതമാനം ഉയര്‍ന്നു. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മറ്റൊരു തിരിച്ചടിയാണ്. ചൈനയിലെ മാന്ദ്യത്തിന്റെയും ലോക്ഡൗണിന്റെയും വാര്‍ത്തകള്‍ക്കു പിന്നാലെ ക്രൂഡോയില്‍ വില അല്‍പ്പം താഴ്ന്നിരുന്നു. പ്രതീക്ഷ നല്‍കുന്ന ഏക കാര്യം, ഏഷ്യന്‍ ഓഹരി വിപണികളെല്ലാം ഇന്ന് രാവിലെ ലാഭത്തിലാണെന്നതാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.21 am ന് 0.97 ശതമാനം ഉയര്‍ന്നു. ജപ്പാനിലെ നിക്കി, ഷാങ്ഹായ്, ചൈന എ50, തായ് വാന്‍ വെയിറ്റഡ്, ഹോംകോംഗിലെ ഹാങ് സെങ്, കൊറിയയിലെ കോസ്പി എന്നിവയെല്ലാം നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

അമേരിക്കന്‍ വിപണി
അമേരിക്കന്‍ ഓഹരി വിപണികളില്‍ ഇന്നലെ സമ്മിശ്ര പ്രതികരണമായിരുന്നു. ഡൗ ജോണ്‍സ് 0.33 ശതമാനവും, എസ് ആന്‍ഡ് പി 500 0.13 ശതമാനവും താഴ്ന്നു. എന്നാല്‍, നാസ്ഡാക് 0.06 ശതമാനം ഉയര്‍ന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ പ്രതീക്ഷിച്ചിരിക്കുയാണ് വിപണി. ഇത് ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളെയെല്ലാം ആശങ്കയിലാഴ്ത്തുന്നുണ്ട്.

കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തുവരാനിരിക്കുന്ന നാലാംപാദ ഫലങ്ങള്‍ ഒരു പക്ഷേ, വിപണിയില്‍ ചലനങ്ങളുണ്ടാക്കിയേക്കാം. ഒട്ടേറെ ബാങ്കിംഗ് ഫലങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡ, ബന്ധന്‍ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഫലങ്ങള്‍ പുറത്തുവരും. മറ്റു പ്രമുഖ കമ്പനികള്‍ ഇവയാണ്: ടെക് മഹീന്ദ്ര, ആല്‍കെം ലബോറട്ടറീസ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ഐഷര്‍ മോട്ടേഴ്‌സ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ഇമാമി, എസ്‌കോര്‍ട്‌സ്, കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,665 രൂപ (മേയ് 12)
ഒരു ഡോളറിന് 77.58 രൂപ (മേയ് 13)
ബ്രെന്റ് ക്രൂഡ് ബാരലിന് 109.6 ഡോളര്‍ (8.25 am)
ഒരു ബിറ്റ് കോയിന്റെ വില 24,80,104 രൂപ (8.25 am)