ലോകമെമ്പാടുമുള്ള ഓഹരി വിപണികളെ താറുമാറാക്കിയ സാമ്പത്തിക ഘടകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, വെള്ളിയാഴ്ച യുഎസ്...
ലോകമെമ്പാടുമുള്ള ഓഹരി വിപണികളെ താറുമാറാക്കിയ സാമ്പത്തിക ഘടകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, വെള്ളിയാഴ്ച യുഎസ് വിപണികളിലുണ്ടായ മികച്ച പ്രകടനം നാളെ ആഭ്യന്തര വിപണിയില്‍ ഒരു പ്രചോദനമായി മാറാം. വിപണിയിലെ പ്രമുഖ കമ്പനികളുടെ നാലാംപാദ ഫലങ്ങള്‍ ഏതാണ്ട് അവസാനിച്ചതിനാല്‍, നാളെ മുതല്‍ വിപണികള്‍ ആഗോള ഘടകങ്ങളോട് കൂടുതല്‍ പ്രതികരിക്കും.
താഴ്ന്ന നിലകളില്‍ നിന്നുള്ള വിപണിയുടെ തിരിച്ചുവരവ് തള്ളിക്കളയാനാവില്ലെങ്കിലും, ഈ മുന്നേറ്റം എത്രമാത്രം നിലനിര്‍ത്താനാകും എന്നതില്‍ സംശയമുണ്ട്. പ്രത്യേകിച്ചും, ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം, കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തുമോ എന്ന ഭയം, രൂപയുടെ തുടര്‍ച്ചയായ വിലയിടിവ് എന്നിവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. വിദേശ നിക്ഷേപകര്‍ (എഫ്പിഐ) വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ ഇടയാക്കിയതാണ് ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ പതനത്തിന് കാരണമായത്.
"നിരക്ക് വര്‍ധന ഉണ്ടാകുമെന്നുള്ള ഭീതി ആഗോള ഓഹരി വിപണികളില്‍ മാന്ദ്യം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ആഭ്യന്തര വിപണിയിലെ തുടര്‍ച്ചയായ എഫ്ഐഐ വില്‍പ്പനയും മൊത്തത്തിലുള്ള തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. നിഫ്റ്റി 16,000 സോണ്‍ കടക്കാന്‍ പാടുപെടുകയാണ്. ഉയര്‍ന്ന തലത്തില്‍ വില്‍പ്പന ശക്തമാകുന്നതാണ് കാരണം. വിപണികളില്‍ അമിതമായ വിറ്റഴിക്കലുകള്‍ നടന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈ ആഴ്ചയും വിപണിയിലെ അസ്ഥിരതയും ബലഹീനതയും തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഗോള സൂചനകളും അത്തരത്തിലാണ്. മുന്‍നിര കമ്പനികളിലെ വിദേശ നിക്ഷേപങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പന സാധ്യമായ ഏത് ഉയര്‍ച്ചയേയും പരിമിതപ്പെടുത്താം," മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
ആഭ്യന്തര വിപണിയില്‍, മൊത്ത വില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനായി എല്ലാവരും കാത്തിരിക്കുകയാണ്. എല്ലാറ്റിനുമുപരി, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ മേയ് 17 ന് (ചൊവ്വാഴ്ച്ച) ലിസ്റ്റ് ചെയ്യും. റീട്ടെയില്‍ നിക്ഷേപകരുടെയും പോളിസി ഉടമകളുടെയും വലിയ പങ്കാളിത്തത്തോടെ എല്‍ഐസി വിപണിയില്‍ നിന്നും 21,000 കോടി രൂപ സമാഹരിച്ചു.
സാംകോ സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് യേഷ ഷാ പറയുന്നു: "നിഫ്റ്റി വന്‍ വീഴ്ച്ചയിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ചത്. 15,700 എന്ന ശക്തമായ പിന്തുണയ്ക്ക് ചുറ്റുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇത് വീഴ്ച്ചയുടെ ഏതാണ്ട് അവസാന ഘട്ടത്തോടടുത്തിരിക്കുന്നു എന്നു പറയാം. 2020 മാര്‍ച്ചില്‍ രൂപപ്പെട്ട ഏറ്റവും താഴ്ന്ന നിലവച്ച് നോക്കുമ്പോള്‍ ബാങ്ക് നിഫ്റ്റി ഇപ്പോള്‍ ഉയര്‍ച്ചയുടെ പാതയിലാണുള്ളത്."
ഇന്ത്യന്‍ സൂചികകളും, പ്രമുഖ ആഗോള സൂചികകളും അമിത വില്‍പ്പന നടന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതിനാല്‍, നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും പെട്ടന്നുള്ള ഒരു തിരിച്ചുവരവ് സാധ്യമാണ്. നിഫ്റ്റി അടുത്തയാഴ്ച്ച എങ്ങനെ വ്യാപാരം ആരംഭിക്കും എന്നതിനെ അടിസ്ഥാനമാക്കി, ഉയര്‍ന്ന റിസ്‌ക്ക് എടുക്കാന്‍ താല്‍പ്പര്യമുള്ള വ്യാപാരികള്‍ ലോംഗ് പൊസിഷനുകള്‍ സ്വീകരിച്ചേക്കാം. 15,700 നോട് അടുപ്പിച്ച് കര്‍ശനമായ 'സ്റ്റോപ്പ് ലോസ്' സംവിധാനം സജ്ജീകരിച്ചേക്കാം. തൊട്ടടുത്ത പ്രതിരോധം ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത് 16,600 ന് അടുത്താണ്," ഷാ കൂട്ടിച്ചേർത്തു.