image

16 May 2022 10:26 PM GMT

Market

എല്‍ഐസി ലിസ്റ്റിംഗും, പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും

Suresh Varghese

എല്‍ഐസി ലിസ്റ്റിംഗും, പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും
X

Summary

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തുവരും. പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. ഈ പരിസ്ഥിതിയില്‍ എല്‍ഐസി ഓഹരികള്‍ ഏതു ദിശയില്‍ നീങ്ങുമെന്ന് പ്രവചിക്കാനാവില്ല. ആഗോള വിപണികള്‍ ഇന്നലെ വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചുവെങ്കിലും ഇന്ന് കടമ്പകള്‍ ഏറെയാണ്. ഏഷ്യന്‍ വിപണികളെല്ലാം നേരിയ ലാഭം കാണിക്കുന്നുവെങ്കിലും വളരെ ദുര്‍ബലമായ നിലയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.21 ന് 0.06 ശതമാനം […]


ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക...

ഇന്ത്യന്‍ വിപണിയില്‍ ഇന്ന് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എല്‍ഐസി ഓഹരികളുടെ ലിസ്റ്റിംഗ് നടക്കും. കൂടാതെ, മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തുവരും. പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. ഈ പരിസ്ഥിതിയില്‍ എല്‍ഐസി ഓഹരികള്‍ ഏതു ദിശയില്‍ നീങ്ങുമെന്ന് പ്രവചിക്കാനാവില്ല.
ആഗോള വിപണികള്‍
ഇന്നലെ വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചുവെങ്കിലും ഇന്ന് കടമ്പകള്‍ ഏറെയാണ്. ഏഷ്യന്‍ വിപണികളെല്ലാം നേരിയ ലാഭം കാണിക്കുന്നുവെങ്കിലും വളരെ ദുര്‍ബലമായ നിലയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.21 ന് 0.06 ശതമാനം ഉയര്‍ച്ച മാത്രമേ കാണിക്കുന്നുള്ളു. അമേരിക്കന്‍ വിപണിയും സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ഇന്നലെ, ഡൗ ജോണ്‍സ് 26 പോയിന്റ് മാത്രം ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു. എസ് ആന്‍ഡ് പി 500, നാസ്ഡാക് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.
ആഭ്യന്തര വിപണി
ഇന്നലെ വിപണിയെ ലാഭത്തിലേക്ക് നയിച്ചതില്‍ പ്രധാന പങ്കു വഹിച്ചത് അദാനിയുടെ എസിസി, അംബുജ ഏറ്റെടുക്കല്‍ നീക്കമാണ്. എസിസി ഓഹരികള്‍ 8 ശതമാനവും, അംബുജ സിമന്റ്‌സ് 5 ശതമാനവും ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വിപണിയില്‍ പോസിറ്റീവായ നീക്കങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, റീട്ടെയില്‍ നിക്ഷേപകരില്‍ ഏറെ താല്‍പര്യമുണര്‍ത്തിയ എല്‍ഐസി ഓഹരികള്‍ വാങ്ങാനുള്ള അവസരവുമാണ്. ഇത് രണ്ടും വിപണിക്ക് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഉയരുന്ന പണപ്പെരുപ്പവും, പലിശ നിരക്കുകളും, മന്ദഗതിയാലാകുന്ന ആഗോള വളര്‍ച്ചയും വിപണിയെ നിരാശപ്പെടുത്തുന്നുണ്ട്.
കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നിതിനാല്‍ ചൈനയിലെ വ്യവസായ വളര്‍ച്ച കുറഞ്ഞേക്കാം. ഈ അനുമാനത്തില്‍ ആഗോള ക്രൂഡ് വിലയിലും കുറവുണ്ടാകുന്നുണ്ട്. ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ എണ്ണ വില താഴുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 113.92 ഡോളറിലെത്തി.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ, എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, 1788 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങല്‍ 1,428 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ഇന്നത്തെ സുപ്രധാനമായ സംഭവം എല്‍ഐസി ലിസ്റ്റിംഗാണ്. ഈ ഓഹരികളുടെ ചലനം, ഹ്രസ്വകാലത്തേക്ക്, വിപണിയില്‍ സ്വാധീനം ചെലുത്തും. എന്നാല്‍, വിപണികള്‍ പൊതുവേ വലിയ ചാഞ്ചാട്ടം പ്രകടിപ്പിച്ചേക്കാം. പണപ്പെരുപ്പവും യുഎസ് ഫെഡിന്റെ നയ തീരുമാനങ്ങളും വിപണിയെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും മാസങ്ങളില്‍, പണപ്പെരുപ്പം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിനുശേഷം കുറഞ്ഞ് തുടങ്ങാം. വിപണി ഭയപ്പെടുന്നതിനനുസരിച്ച്, കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തിയേക്കില്ല. അപ്പോൾ വിപണിയുടെ തിരിച്ചുവരവ് ആരംഭിച്ചേക്കാം. പക്ഷേ, ഇതിനായി കാത്തിരിക്കേണ്ടി വരും. ഈ ദിവസങ്ങളില്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരാനാണ് സാധ്യത. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത് നല്ലൊരു അവസരമാണ്. ഐടി, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാം. ചില ഓട്ടോമൊബൈല്‍ ഓഹരികളും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്."
കമ്പനി ഫലങ്ങള്‍
ഇന്ന് പുറത്തു വരുന്ന കമ്പനി ഫലങ്ങളില്‍ പ്രധാനപ്പെട്ടവ അബോട്ട് ഇന്ത്യ, ബജാജ് ഇലക്ട്രിക്കല്‍സ്, ബജാജ് ഹെല്‍ത്ത് കെയര്‍, ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ്, ജിഎംആര്‍ ഇന്‍ഫ്ര, ഇന്ത്യന്‍ ഓയില്‍, കജാരിയ സെറാമിക്‌സ്, ഡോ ലാല്‍ പാത്‌ലാബ്‌സ് എന്നിവയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,625 രൂപ (മേയ് 16)
ഒരു ഡോളറിന് 77.67 രൂപ (മേയ് 16)
ബ്രെന്റ് ക്രൂഡ് ബാരലിന് 113.92 ഡോളര്‍ (8.30 am)
ഒരു ബിറ്റ് കോയിന്റെ വില 24,37,159 രൂപ (8.30 am)