image

17 May 2022 12:46 PM IST

Premium

മെറ്റല്‍ ഓഹരികളുടെ പിന്തുണയിൽ വിപണി കുതിച്ചു

Bijith R

മെറ്റല്‍ ഓഹരികളുടെ പിന്തുണയിൽ വിപണി കുതിച്ചു
X

Summary

പ്രതികൂലമായ ആഭ്യന്തര സാമ്പത്തിക സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ വിപണി ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഫെബ്രുവരിക്ക് ശേഷമുണ്ടായ ഈ വര്‍ഷത്തെ ഏറ്റവും നല്ല മുന്നേറ്റമായിരുന്നു. പ്രധാനമായും മെറ്റല്‍ ഓഹരികളിലാണ് മുന്നേറ്റം ദൃശ്യമായത്. ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നു എന്ന വാര്‍ത്തയാണ് ഈ മേഖലയ്ക്ക് സഹായകരമായത്. രൂപയുടെ റിക്കോഡ് തകര്‍ച്ചയ്ക്കും, മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളുടെ മുന്നേറ്റത്തിനിടയിലും വിപണി ഉയര്‍ന്നത്‌ബെയറുകള്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. 'ഷോര്‍ട് പൊസിഷനുകളില്‍' നിന്ന് പിന്മാറുവാന്‍ ഇത് അവരെ പ്രേരിപ്പിച്ചു. സെന്‍സെക്‌സ് […]


പ്രതികൂലമായ ആഭ്യന്തര സാമ്പത്തിക സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ വിപണി ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഫെബ്രുവരിക്ക് ശേഷമുണ്ടായ ഈ...

പ്രതികൂലമായ ആഭ്യന്തര സാമ്പത്തിക സൂചനകളെ അവഗണിച്ച് ഇന്ത്യന്‍ വിപണി ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ഫെബ്രുവരിക്ക് ശേഷമുണ്ടായ ഈ വര്‍ഷത്തെ ഏറ്റവും നല്ല മുന്നേറ്റമായിരുന്നു. പ്രധാനമായും മെറ്റല്‍ ഓഹരികളിലാണ് മുന്നേറ്റം ദൃശ്യമായത്. ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നു എന്ന വാര്‍ത്തയാണ് ഈ മേഖലയ്ക്ക് സഹായകരമായത്.
രൂപയുടെ റിക്കോഡ് തകര്‍ച്ചയ്ക്കും, മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളുടെ മുന്നേറ്റത്തിനിടയിലും വിപണി ഉയര്‍ന്നത്‌ബെയറുകള്‍ക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. 'ഷോര്‍ട് പൊസിഷനുകളില്‍' നിന്ന് പിന്മാറുവാന്‍ ഇത് അവരെ പ്രേരിപ്പിച്ചു.
സെന്‍സെക്‌സ് 1,344.63 പോയിന്റ് (2.54 ശതമാനം) ഉയര്‍ന്ന് 54,318.47 ല്‍ എത്തി. നിഫ്റ്റി 417 പോയിന്റ് ഉയര്‍ന്ന് അതിന്റെ നിര്‍ണായക നിലയായ 16,000 ല്‍ തിരിച്ചെത്തി. സൂചിക 16,259.30 ല്‍ ക്ലോസ് ചെയ്തു. മെറ്റല്‍ ഓഹരികളാണ് വിപണിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഇവ 7.62 ശതമാനം ഉയര്‍ന്നു. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നിവ യഥാക്രമം 11.84 ശതമാനം, 9.52 ശതമാനം, 7.62 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. കോള്‍ ഇന്ത്യ 7.54 ശതമാനവും, ജെഎസ്ഡബ്ല്യു സ്റ്റീല്‍ 6.70 ശതമാനവും, സെയില്‍ 5.16 ശതമാനവും, ജിന്‍ഡാല്‍ സ്റ്റീല്‍ 4.67 ശതമാനവും ഉയര്‍ന്ന് ക്ലോസ് ചെയ്തു.
എല്‍കെപി സെക്യൂരിറ്റീസ് റിസേര്‍ച്ച് ഹെഡ് എസ് രംഗനാഥന്‍ പറയുന്നു: "മെറ്റല്‍ ഇന്‍ഡെക്‌സിലുണ്ടായ ശക്തമായ ഉയര്‍ച്ച മറ്റു മേഖല സൂചികകളെയെല്ലാം വ്യാപാരത്തിന്റെ രണ്ടാം പകുതിയില്‍ ഉയര്‍ത്തി. ഇത് ഷോര്‍ട് പൊസിഷനുകള്‍ ഉപേക്ഷിക്കാന്‍ ബെയറുകളെ പ്രേരിപ്പിച്ചു."
ഏഷ്യന്‍ വിപണികളിലും മികച്ച മുന്നേറ്റമുണ്ടായി. ഷാങ്ഹായ് ഡെപ്യൂട്ടി മേയര്‍ സോങ് മിംങ് കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുമെന്നും ജനജീവിതം സാധാരണ നിലയിലേക്ക് ജൂണ്‍ മാസത്തോടെ മടങ്ങിവരുമെന്നും പ്രസ്താവിച്ചത് വിപണികള്‍ക്ക് പ്രതീക്ഷ നല്‍കി. ഹോംകോംഗിലെ ഹാങ് സെങ് സൂചിക 3.27 ശതമാനവും, ദക്ഷിണ കൊറിയയിലെ കോസ്പി 0.92 ശതമാനവും, ഷാങ്ഹായ് കോംപോസിറ്റ് ഇന്‍ഡെക്‌സ് 0.65 ശതമാനവും, തായ് വാന്‍ വെയിറ്റഡ് 0.98 ശതമാനവും നേട്ടമുണ്ടാക്കി.
ആഭ്യന്തര വിപണിയില്‍ ടാറ്റ സ്റ്റീലിനോടൊപ്പം മികച്ച നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ഇത് 4.2 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 7.27 ശതമാനം കുറഞ്ഞ് 22.74 ല്‍ എത്തി. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന ആത്മവിശ്വാസമാണ്. ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകളും മികച്ച മുന്നേറ്റം നടത്തി. ഇവ യഥാക്രമം 2.78 ശതമാനവും, 2.51 ശതമാനവും ഉയര്‍ന്ന് ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 2624 എണ്ണം ലാഭത്തില്‍ അവസാനിച്ചു. എന്നാല്‍, 714 ഓഹരികള്‍ നഷ്ടത്തിലും.
ജൂലിയസ് ബെയര്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മിലിന്ദ് മുച്ചാലയുടെ അഭിപ്രായത്തില്‍ കേന്ദ്ര ബാങ്കുകളുടെ, പ്രത്യേകിച്ച് യുഎസ് ഫെഡിന്റെ, പണപ്പെരുപ്പത്തിനെതിരായ നടപടികളുടെയും, നിരക്കുയര്‍ത്തലുകളുടെയും വാര്‍ത്തകള്‍ വിപണികളെ സ്വാധീനിക്കും. "ഹ്രസ്വകാലത്തേക്ക് ചില സാങ്കേതികമായ തിരിച്ചടികള്‍ വിപണിയിലുണ്ടായേക്കാം. പ്രത്യേകിച്ചും വിപണിയില്‍ നിലനില്‍ക്കുന്ന നെഗറ്റീവ് വാര്‍ത്തകളുടെ പ്രവാഹവും, അമിത വില്‍പ്പന സാഹചര്യവും കണക്കിലെടുക്കുമ്പോള്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കാഴ്ച്ചപ്പാടില്‍, അവര്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള 'നെറ്റ് ലോംഗ് പൊസിഷന്‍സ്' ആണ് നിലനിര്‍ത്തിയിട്ടുള്ളത്. വിപണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ കൂടുതല്‍ വില്‍പ്പനയ്ക്ക് തുനിഞ്ഞേക്കും. എന്നിരുന്നാലും, നമ്മള്‍ കുറച്ചു ദൈര്‍ഘ്യമേറിയ വിപണി ഏകീകരണത്തിലൂടെ കടന്നു പോകുകയാണ്. ഇടയ്ക്കിടെയുള്ള ചാഞ്ചാട്ടങ്ങളും ഇതോടൊപ്പം സംഭവിച്ചേക്കാം," അദ്ദേഹം പറഞ്ഞു.
ഇന്ന് വിപണി മുന്നേറ്റത്തോടൊപ്പം രൂപ ഡോളറിനെതിരെ അതിന്റെ എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് എത്തിച്ചേര്‍ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപ ഏറ്റവും താഴ്ന്ന നിലയായ 77.79 വരെ എത്തി.