19 Jun 2023 4:46 PM IST
Summary
- സ്വകാര്യ ബാങ്ക് ഓഹരികളില്‍ ശക്തമായ പ്രോഫിറ്റ് ബുക്കിംഗ്
- മുഖ്യ ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തില്‍
- ഏറ്റവും വലിയ നഷ്‍ടം കൊട്ടക് മഹീന്ദ്ര ബാങ്കിന്
ആഗോള വിപണികളില്‍ പൊതുവേ പ്രകടമായ നെഗറ്റിവ് പ്രവണതയുടെയും പ്രോഫിറ്റ് ബുക്കിംഗിന്‍റെയും പശ്ചാത്തലത്തില്‍ നിക്ഷേപകർ ടെലികോം, പവർ, യൂട്ടിലിറ്റി ഓഹരികളില്‍ കാര്യമായ വില്‍പ്പന നടത്തിയതിന്‍റെ ഫലമായി ആഭ്യന്തര ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്‍ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടക്കത്തിലെ നേട്ടത്തിനു ശേഷമാണ് വിപണികള്‍ ഇടിവിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച റെക്കോഡ് ഉയരത്തിലാണ് സെന്‍സെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തിരുന്നത്.
ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്ക് കൗണ്ടറുകളിലെ വലിയ വിൽപ്പനയും സൂചികകളെ താഴേക്ക് വലിച്ചിഴച്ചതായി ബ്രോക്കർമാർ നിരീക്ഷിക്കുന്നു. 30-ഷെയർ ബിഎസ്ഇ സൂചിക 216.28 പോയിന്റ് അല്ലെങ്കിൽ 0.34 ശതമാനം ഇടിഞ്ഞ് 63,168.30 ൽ എത്തി. പകൽ സമയത്ത്, ഇത് 336.75 പോയിന്റ് അല്ലെങ്കിൽ 0.53 ശതമാനം ഇടിഞ്ഞ് 63,047.83 ആയി.എൻഎസ്ഇ നിഫ്റ്റി 70.55 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 18,755.45 ൽ അവസാനിച്ചു.
" സ്വകാര്യ ബാങ്കുകളുടെ ഓഹരികളാണ് പ്രധാനമായും പ്രോഫിറ്റ് ബുക്കിംഗിനെ നയിച്ചത്.യുഎസ് ഫെഡറൽ റിസര്‍വിന്‍റെയും ചൈനയുടെ നിരക്ക് പ്രഖ്യാപനത്തിന്‍റെയും വാര്‍ത്തകളാക്കായി നിക്ഷേപകർ ഉറ്റുനോക്കിയ കഴിഞ്ഞ ആഴ്ച ശക്തമായ റാലി പ്രകടമായിരുന്നു. അതിനു ശേഷം ആഗോള വിപണികളും ഇന്ന് താഴേക്ക് വന്നിട്ടുണ്ട്, " ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.
സെൻസെക്‌സില്‍ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് കൊട്ടക് മഹീന്ദ്ര ബാങ്കാണ്, 1.83 ശതമാനം ഇടിഞ്ഞു, ആക്‌സിസ് ബാങ്ക്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ എന്നിവയാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ ഇക്വിറ്റി വിപണികളും നെഗറ്റീവ് തലത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.38 ശതമാനം ഇടിഞ്ഞ് ബാരലിന് 76.31 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 794.78 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കി. ബിഎസ്‌ഇ ബെഞ്ച്മാർക്ക് വെള്ളിയാഴ്ച 466.95 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 63,384.58 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. നിഫ്റ്റി 137.90 പോയിൻറ് അഥവാ 0.74 ശതമാനം ഉയർന്ന് 18,826 എന്ന റെക്കോഡ് തലത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
