image

28 Jan 2023 9:30 AM GMT

Market

ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി ഗ്രൂപ്പ്; ഓഡിറ്റ് നടത്തുന്നത് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങള്‍

MyFin Desk

adani audit hindenburg research
X

Summary

  • അദാനി ഗ്രൂപ്പിന്റെ ഒമ്പത് കമ്പനികള്‍ക്കെതിരെ അക്കൗണ്ടിംഗ് തട്ടിപ്പ്, ഓഹരികളിലെ കൃത്രിമത്വം എന്നിവയുള്‍പ്പെടെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. ആരോപണ വിധേയമായിരിക്കുന്ന ഒമ്പത് കമ്പനികളില്‍ എട്ടെണ്ണം ഓഡിറ്റ് ചെയ്തത് രാജ്യത്തെ ഏറ്റവും മികച്ച ആറ് ഓഡിറ്റിംഗ് സ്ഥാപനങ്ങളാണെന്നും കമ്പനി വ്യക്തമാക്കുന്നു.


മുംബൈ: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ കത്തി നില്‍ക്കുമ്പോൾ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ഒമ്പത് കമ്പനികള്‍ക്കെതിരെ അക്കൗണ്ടിംഗ് തട്ടിപ്പ്, ഓഹരികളിലെ കൃത്രിമത്വം എന്നിവയുള്‍പ്പെടെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നാണ് വാദം. ആരോപണ വിധേയമായിരിക്കുന്ന ഒമ്പത് കമ്പനികളില്‍ എട്ടെണ്ണം ഓഡിറ്റ് ചെയ്തത് രാജ്യത്തെ ഏറ്റവും മികച്ച ആറ് ഓഡിറ്റിംഗ് സ്ഥാപനങ്ങളാണെന്നും കമ്പനി വ്യക്തമാക്കുന്നു.

തങ്ങള്‍ ഒരു ഇന്‍കുബേറ്ററായാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകള്‍, അനുബന്ധ കമ്പനികള്‍, അസോസിയേറ്റുകള്‍ എന്നിങ്ങനെ എട്ട് അധികാരപരിധികളിലായി കമ്പനിക്ക് ബിസിനസുകളുണ്ട്. ഇവയ്‌ക്കെല്ലാം 27 ല്‍ അധികം നിയമാനുസൃതമായുള്ള ഓഡിറ്റിംഗ് സ്ഥാപനങ്ങളുമുണ്ട്. ഇവ അദാനി എന്റര്‍പ്രൈസസിലെ വിവിധ സ്ഥാപനങ്ങളെ ഓഡിറ്റ് ചെയ്യുന്നു. ഇതില്‍ നാല് വലിയ ഓഡിറ്റിംഗ് സ്ഥാപനങ്ങളും, അതാത് മേഖലയിൽ പ്രശസ്തി നേടിയവയാണ്.

അദാനി എയര്‍പോര്‍ട്ടിന്റെ അനുബന്ധ കമ്പനിയായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓഡിറ്റ് ചെയ്യുന്നത് ഗ്രാന്റ് തോര്‍ടണ്‍ എന്ന സ്ഥാപനമാണ്. എന്നാല്‍, മറ്റ് ആറ് വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പാനല്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് ഗയേന്ദ്ര ആന്‍ഡ് കമ്പനിയാണ് ഓഡിറ്റ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. അദാനി ഗ്രൂപ്പ് കടം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് വ്യക്തമാക്കിയ കമ്പനി, അദാനി എന്റര്‍പ്രൈസസിന്റെ വിവിധ കമ്പനികളില്‍ 100 എണ്ണത്തിന് മൂഡീസ് ഉള്‍പ്പെടെയുള്ള മുന്‍ നിര സ്ഥാപനങ്ങളാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കി.

വരുമാനം, ബാലന്‍സ് ഷീറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആണെന്നുള്ള വാദവും തള്ളി. വരുമാനം, ക്ലെയിം ചെയ്ത ചെലവുകള്‍, ക്ലെയിം ചെയ്ത മൂലധന ചെലവുകള്‍ എന്നിവ റെഗുലേറ്റര്‍മാര്‍ സ്വതന്ത്രമായാണ് അവലോകനം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. വ്യാഴാഴ്ച, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അദാനി ഗ്രൂപ്പ്, റിപ്പോര്‍ട്ട് മൂലം ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടം ആശങ്കാജനകമാണെന്നും, നിക്ഷേപകരെ ഇത് കാര്യമായി ബാധിച്ചുവെന്നും അഭിപ്രായപ്പെട്ടിരുന്നു.