14 Sep 2023 12:16 PM GMT
Summary
- യൂറിയ വില്‍പ്പനയില്‍ കുതിച്ചുചാട്ടം
- തായ്മാര്‍ക്കറ്റില്‍ റബര്‍വില താഴ്ന്നു
ഓഗസ്റ്റില്‍ യൂറിയ വില്‍പ്പനയില്‍ 57 ശതമാനം കുതിച്ചു ചാട്ടം. കാര്‍ഷിക മേഖല വരണ്ട കാലാവസ്ഥയ്ക്ക് ഇടയിലും ഇടവളം നല്‍കുന്നതില്‍ കര്‍ഷകര്‍ കാണിച്ച ഉത്സാഹം യൂറിയ വില്‍പ്പനയ്ക്ക് വേഗത പകര്‍ന്നു. ഇതിനിടയില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ വളം നല്‍കിയതും മൊത്തം വില്‍പ്പന ഉയരാന്‍ അവസരം ഒരുക്കി. അതേ സമയം റഷ്യ-ഉക്രൈയിന്‍ സംഘര്‍ഷാവസ്ഥ മൂലം അവിടെ നിന്നുള്ള യൂറിയ കയറ്റുമതി മുന്‍ വര്‍ഷങ്ങളെ അക്ഷേപിച്ച് കുറഞ്ഞിരുന്നു. രാജ്യാന്തര യൂറിയ വിപണിയിലെ വന്‍ ശക്തികളാണ് ഈ രണ്ട് രാജ്യങ്ങളും.
രാത്രി മഴ പല ഭാഗങ്ങളിലും നിലനിന്നെങ്കിലും പുലര്‍ച്ചെ ടാപ്പിങിന് കര്‍ഷകര്‍ ഉത്സാഹിച്ചു. എന്നാല്‍ തിരക്കിട്ട് ചരക്ക് വിറ്റുമാറാന്‍ അവര്‍ തയ്യാറായില്ല. മുഖ്യ വിപണികളില്‍ ലഭ്യത കുറഞ്ഞ അവസരത്തിലും ഷീറ്റ് വില ഇടിയുന്നത് മുന്‍ നിര്‍ത്തി സ്റ്റോക്കിസ്റ്റുകള്‍ വിപണിയില്‍ നിന്നും പിന്നോക്കം വലിഞ്ഞു. ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ റബര്‍ അവധി വ്യാപാരത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദ്ദഫലമായി തായ് മാര്‍ക്കറ്റായ ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 130 രൂപയിലേയ്ക്ക് താഴ്ന്നു. മികച്ചയിനം റബര്‍ കിലോ 145 രൂപയിലാണ് കൊച്ചിയില്‍ വ്യാപാരം നടന്നത്.
അറബ് രാജ്യങ്ങളില്‍ നിന്നും ഏലത്തിന് പുതിയ ഓര്‍ഡറുകളെത്തിയായി വിപണി വൃത്തങ്ങള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതില്‍ നിന്നും പല കയറ്റുമതിക്കാരും ഒഴിഞ്ഞുമാറി. ഡിസംബര്‍ വരെയുള്ള കാലയളവിലേയ്ക്ക് വേണ്ട ഏലക്ക സംബന്ധിച്ചുള്ള ആവശ്യങ്ങളാണ് അറബ് ഇറക്കുമതിക്കാരില്‍ നിന്നും ഉയര്‍ന്നത്. വാരത്തിന്റെ ആദ്യ പകുതിയില്‍ ഓരോ ലേലത്തിലും ശരാശരി അരലക്ഷം കിലോ ഏലക്കയാണ് വില്‍പ്പനയ്ക്ക് എത്തിയതെങ്കില്‍ ഇന്ന് (വ്യാഴം) വരവ് മൂക്കാല്‍ ലക്ഷത്തിലേയ്ക്ക് ഉയര്‍ന്നു. ഇന്ന് ഉല്‍പ്പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മൊത്തം 75,866 കിലോ ചരക്ക് വന്നതില്‍ 66,388 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വ്യവസായികളും ചെറുകിട വ്യാപാരികളും ഏലക്കയില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 2586 രൂപയായും ശരാശരി ഇനങ്ങള്‍ 1865 രൂപയിലും ഇടപാടുകള്‍ നടന്നു.
വിദേശ പാം ഓയില്‍ സൃഷ്ടിച്ച ആഘാതത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ നാളികേര വിപണികള്‍ വന്‍ പ്രതിസന്ധിയില്‍. സാധാരണ കാലവര്‍ഷത്തിലും ചിങ്ങമാസത്തിലും അടിവെച്ച് ഉയരുന്ന നാളികേരോല്‍പ്പന്നങ്ങളുടെ വില ഇക്കുറി താഴ്ന്ന തലങ്ങിലേയ്ക്ക് നീങ്ങി. വെളിച്ചെണ്ണ വിലയെ അപേക്ഷിച്ച് 4000 രൂപ കുറവിലാണ് വ്യവസായികള്‍ പാം ഓയില്‍ വിറ്റഴിക്കുന്നത്. ഇത് മൂലം ഹോട്ടലുകള്‍ അടക്കമുള്ള വാങ്ങലുകാര്‍ വില കുറവിന് തന്നെയാണ് മുന്‍ തൂക്കം നല്‍ക്കുന്നത്. പാം ഓയില്‍ 8400 ലും കൊപ്ര 8050 രൂപയിലുമാണ് കൈമാറ്റം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം ഔണ്‍സിന് 1900 ഡോളറിലെ നിര്‍ണായക താങ്ങ് തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഏഷ്യ വിപണികളില്‍ രാവിലെ 1905 ഡോളര്‍ വരെ താഴ്ന്ന് ഇടപാടുകള്‍ നടന്നങ്കിലും യൂറോപ്യന്‍ ട്രേഡിങ് വേളയില്‍ നിരക്ക് 1911 വരെ ഉയര്‍ന്നു. ഇതിനിടയില്‍ കേരളത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും സ്റ്റെഡിയാണ്. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 43,600 രൂപയില്‍ വിപണനം നടന്നു. ഒരു ഗ്രാം സ്വര്‍ണ വില 5450 രൂപ.