image

4 Feb 2024 10:00 AM GMT

Bond

കട വിപണിയില്‍ എഫ്‍പിഐ നിക്ഷേപം ജനുവരിയില്‍ 6 വര്‍ഷത്തെ ഉയര്‍ച്ചയില്‍

MyFin Desk

fpi investment in debt market at 6-year high in january
X

Summary

  • ഓഹരികളിലെ പിന്‍വലിക്കല്‍ തുടരുന്നു
  • ധനക്കമ്മി ലക്ഷ്യം കുറച്ചതും കടവിപണിക്ക് പൊസിറ്റിവ്
  • ജൂണില്‍ ജെപി മോര്‍ഗന്‍ സൂചികയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ ഉള്‍പ്പെടുത്തും


വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജനുവരിയിൽ രാജ്യത്തിൻ്റെ കടവിപണിയില്‍ നിക്ഷേപിച്ചത് 19,800 കോടി രൂപ. ഡെറ്റ് മാര്‍ക്കറ്റില്‍ ആറ് വർഷത്തിനിടെ നടക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണ് ഇത്. ജെപി മോർഗൻ സൂചികയിൽ ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ഉൾപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് സമീപകാലത്ത് എഫ്‍പിഐകള്‍ക്ക് ഇന്ത്യന്‍ ബോണ്ടുകളില്‍ പ്രിയം വര്‍ധിച്ചത്.

മറുവശത്ത്, യുഎസിലെ ബോണ്ട് ആദായം കുതിച്ചുയർന്നതിനാൽ എഫ്‍പിഐകള്‍ 25,743 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഇന്ത്യൻ ഓഹരികളില്‍ നടത്തി. ഡിപ്പോസിറ്ററികളിലെ ഡാറ്റ അനുസരിച്ച്, ജനുവരിയിൽ എഫ്‍പിഐകൾ ഡെറ്റ് മാർക്കറ്റുകളിൽ 19,836 കോടി രൂപയുടെ അറ്റ ​​നിക്ഷേപം നടത്തി. 2017 ജൂണിൽ അവർ 25,685 കോടി രൂപ നിക്ഷേപിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപ വരവാണ് ഇത്.

ഡിസംബറിൽ 18,302 കോടി രൂപയും നവംബറിൽ 14,860 കോടി രൂപയും ഒക്ടോബറിൽ 6,381 കോടി രൂപയും എഫ്പിഐകൾ ഡെറ്റ് മാർക്കറ്റിൽ നിക്ഷേപിച്ചിരുന്നു. 2024 ജൂൺ മുതൽ തങ്ങളുടെ വികസ്വര വിപണി സൂചികയിൽ ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ചേർക്കുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജെപി മോര്‍ഗന്‍ പ്രഖ്യാപിച്ചത്.

തുടർന്നുള്ള 18- 24 മാസങ്ങളിൽ ഏകദേശം 20-40 ബില്യൺ യുഎസ് ഡോളർ ആകർഷിക്കുന്നതിന് ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ ബോണ്ടുകൾ വിദേശ നിക്ഷേപകർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെൻ്റ് റിസർച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ-മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

മാത്രമല്ല, സാമ്പത്തിക കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഡിപി) 5.1 ശതമാനമായി കുറയ്ക്കുകയെന്ന ബജറ്റ് പ്രഖ്യാപനവും കടവിപണിയില്‍ പൊസിറ്റിവ് ആണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

മൊത്തത്തിൽ, 2023 ലെ എഫ്‍പിഐ വരവ് ഇക്വിറ്റികളിൽ 1.71 ലക്ഷം കോടി രൂപയും ഡെറ്റ് മാർക്കറ്റുകളിൽ 68,663 കോടി രൂപയുമാണ്. ഇവർ ചേർന്ന് മൂലധന വിപണിയിലേക്ക് 2.4 ലക്ഷം കോടി രൂപ നിക്ഷേപിച്ചു.