image

16 Jan 2024 5:53 AM GMT

Bond

ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ 2023ല്‍ വിപണിയില്‍ സമാഹരിച്ചത് 9.58 ലക്ഷം കോടി

MyFin Desk

9.58 lakh crore raised in the market by indian corporates in 2023
X

Summary

  • 2023ൽ 920 കമ്പനികളുടെ ബോണ്ട് ഇഷ്യൂ വിപണി കണ്ടു
  • സ്വകാര്യ മേഖലയുടെ സമാഹരണം 40 ശതമാനം വര്‍ധിച്ചു
  • 2023ല്‍ 404 കമ്പനികളാണ് തങ്ങളുടെ ആദ്യ ഇഷ്യൂവുമായി എത്തിയത്


പോയവര്‍ഷം ഇന്ത്യന്‍ കോർപ്പറേറ്റുകള്‍ വിപണിയില്‍ നടത്തിയത് 9.58 ലക്ഷം കോടി രൂപയുടെ റെക്കോർഡ് സമാഹരണം. 2022നെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് 2023ല്‍ രേഖപ്പെടുത്തിയത്. 2022ൽ കോർപ്പറേറ്റ് ബോണ്ടുകൾ വഴി സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ കമ്പനികള്‍ നടത്തിയ മൊത്തം ഫണ്ട് സമാഹരണം 7.58 ലക്ഷം കോടി രൂപയായിരുന്നു സമാഹരണം.

2023ൽ 920 കമ്പനികളുടെ ബോണ്ട് ഇഷ്യൂ വിപണി കണ്ടു. മുൻ വർഷം ഇത് 863 ആയിരുന്നു. 365 ദിവസത്തിന് മുകളില്‍ കാലയളവുള്ളതും പുട്ട്-കോൾ ഓപ്ഷന്‍ ഉള്ളതുമായി ലിസ്‌റ്റ് ചെയ്‌തതും ലിസ്‌റ്റ് ചെയ്യാത്തതുമായ ഡെറ്റുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പ്രൈംഡാറ്റബേസ് പുറത്തുവിട്ടിട്ടുള്ളത്.

വായ്പാ ആവശ്യകത ഉയര്‍ന്നതും ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി പരിമിതിയുമാണ് കമ്പനികള്‍ വിപണിയെ ആശ്രയിക്കുന്നത് വര്‍ധിപ്പിച്ചതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ചേർന്ന് 4.72 ലക്ഷം കോടി രൂപ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് സമാഹരിച്ചു. 2022ൽ ഈ വിഭാഗം സമാഹരിച്ച 3.66 ലക്ഷം കോടിയേക്കാൾ 29 ശതമാനം കൂടുതലാണ്.

സ്വകാര്യ മേഖലയുടെ സമാഹരണം 40 ശതമാനം വര്‍ധനയോടെ 4.45 ലക്ഷം കോടി രൂപയായി. 2022ല്‍ 3.18 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് സ്വകാര്യ മേഖലയിലെ കമ്പനികള്‍ നടത്തിയിരുന്നത്. പൊതുമേഖലാ സ്ഥാനപനങ്ങളുടെ സമാഹരണം 38 ശതമാനം ഉയര്‍ന്നുവെന്നും ഡാറ്റ വ്യക്തമാക്കുന്നു.

എച്ച്‌ഡിഎഫ്‌സി (74,062 കോടി രൂപ), നബാർഡ് (63,164 കോടി രൂപ), പിഎഫ്‌സി (52,575 കോടി രൂപ), ആർഇസി (51,354 രൂപ), എസ്‌ബിഐ (51,080 കോടി രൂപ) എന്നിവയാണ് ഏറ്റവും കൂടുതൽ സമാഹരണം നടത്തിയത്. ഈ അഞ്ച് ഇഷ്യൂവർമാരും ചേര്‍ന്ന് മൊത്തം 2.92 ലക്ഷം കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനികള്‍ സമാഹരിച്ച മൊത്തം തുകയുടെ 31 ശതമാനമാണിത്. 2022ൽ മുന്നില്‍ നിന്ന അഞ്ച് ഇഷ്യൂവർമാർ സ്വരൂപിച്ചത് 1,96,276 കോടി രൂപയാണ്. മൊത്തം കമ്പനികള്‍ സമാഹരിച്ച തുകയുടെ 26 ശതമാനമാണിത്,

2023ല്‍ 404 കമ്പനികളാണ് തങ്ങളുടെ ആദ്യ ഇഷ്യൂവുമായി എത്തിയത്. മുൻവർഷം 408 കമ്പനികളുടെ ആദ്യ ഇഷ്യൂവാണ് നടന്നത്. പബ്ലിക് ബോണ്ടുകളില്‍ 44 ഇഷ്യൂകളിലൂടെ 18,176 കോടി രൂപയുടെ സമാഹരണം കഴിഞ്ഞ വര്‍ഷം നടന്നു. 2022ല്‍ 29 ഇഷ്യൂകളില്‍ നിന്ന് 6,611 കോടി രൂപ സമാഹരിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ 175 ശതമാനം വർധനയാണ് ഉണ്ടായത്. പവർ ഫിനാൻസ് കോർപ്പറേഷൻ 2,824 കോടി രൂപ സമാഹരിച്ചതാണ് ഏറ്റവും വലിയ ഇഷ്യു.

കൂടാതെ, കമ്പനികൾ വിദേശത്ത് നിന്ന് (ഇസിബികൾ ഉൾപ്പെടെ) 3.29 ലക്ഷം കോടി രൂപയുടെ കടവും സമാഹരിച്ചു, ഇത് 2022 നെ അപേക്ഷിച്ച് 4 ശതമാനം കൂടുതലാണ്.