image

10 March 2023 8:13 AM GMT

Bond

എൻസിഡി-യിലൂടെ 6,500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ്

C L Jose

muthoot finance
X

Summary

  • ചീഫ് കംപ്ലയൻസ് ഓഫീസറായി ടി എം സെയ്തുമുഹമ്മദിനെ നിയമിച്ചു.
  • മുത്തൂറ്റ് ഫിനാൻസി-ന്റെ സ്വർണ്ണ വായ്പ ശാഖകളിൽ 59 ശതമാനവും ദക്ഷിണേന്ത്യയിലാണ്
  • വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് കമ്പനിയിൽ ഏകദേശം 22.82 ശതമാനം ഓഹരിയുണ്ട്.


കൊച്ചി: പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 6,500 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ (എംഎഫ്എൽ) ഡയറക്ടർ ബോർഡ് അനുമതി നൽകി.

2023 ഏപ്രിൽ 1 മുതൽ കമ്പനിയുടെ ചീഫ് കംപ്ലയൻസ് ഓഫീസറായി ടി എം സെയ്തുമുഹമ്മദിനെ നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.

മുത്തൂറ്റ് ഫിനാൻസിന് 2022 ഡിസംബർ അവസാനം വരെ 44,304.6 കോടി രൂപയുടെ സ്ഥിരമായ ഫണ്ടിംഗ് സ്രോതസ്സുണ്ട്, ഈ ഫണ്ട് ബേസിന്റെ 62 ശതമാനത്തിലധികം, അതായത് 27,585.8 കോടി രൂപ, ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ (financial institutions) നിന്നും കടമെടുത്തതാണ്,

ലാഭകരമായ നിരക്കിൽ മതിയായ നിക്ഷേപം സമാഹരിക്കുന്നതിന് ബാങ്കുകൾ തന്നെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, മുത്തൂറ്റ് പോലുള്ള എൻബിഎഫ്‌സി (non banking financial institutions) കൾക്ക് അവരുടെ ഫണ്ടിംഗ് ആവശ്യങ്ങൾക്കായി മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ബാങ്കുകളെ ആശ്രയിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങൾ പറയുന്നത്.

"ബാങ്കുകൾ തന്നെ ഉയരുന്ന വായ്പ വളർച്ചക്കു അനുസൃതമായി അവരുടെ ബാധ്യതാ പുസ്തകങ്ങൾ മാറ്റിയെടുക്കാൻ പാടുപെടുകയാണ്. അതിനാൽ, വരും കാലങ്ങളിൽ ഈ എൻബിഎഫ്‌സികൾ കൂടുതലായി മറ്റ് ഫണ്ടിംഗ് സ്രോതസ്സുകളിലേക്ക് തിരിയുമെന്നു ഞങ്ങൾ കരുതുന്നു," ഒരു ബാങ്കിന്റെ ഫിനാൻഷ്യൽ കൺട്രോളർ മൈഫിൻപോയിന്റ്-നോട് പറഞ്ഞു.

2022 ഡിസംബർ അവസാനത്തോടെ, മുത്തൂറ്റ് ഫിനാൻസിന് അതിന്റെ പുസ്തകത്തിൽ 11,163.5 കോടി രൂപയുടെ സുരക്ഷിത നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഉണ്ടായിരുന്നു, അതേസമയം കമ്പനി അവസാന പാദത്തിൽ അതിന്റെ ബാഹ്യ വാണിജ്യ വായ്പകളുടെ (ഇസിബി; external commerial borrowing) വലിയൊരു ഭാഗം അതായതു 44 ശതമാനം കുറച്ചു; ഡിസംബർ അവസാനത്തിൽ അത് 8,134.5 കോടി രൂപയിൽ നിന്ന് 4,549.9 കോടി രൂപയായി.

മുത്തൂറ്റ് ഫിനാൻസി-ന്റെ ഗോൾഡ് ലോൺ ബുക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയായി വർധിച്ച് 2022 ഡിസംബർ വരെ 56,825 കോടി രൂപയായി. ഇത് കമ്പനിയുടെ ഏകീകൃത പോർട്ട്‌ഫോളിയോയുടെ 87 ശതമാനം വിഹിതമാണ്. എന്നിരുന്നാലും, "തീവ്രമായ മത്സരം മൂലം, പ്രത്യേകിച്ച് ബാങ്കുകളിൽ നിന്നുള്ളവ " കാരണം, ഈ വിഭാഗത്തിന്റെ വളർച്ചാ നിരക്ക് വാർഷികാടിസ്ഥാനത്തിൽ (YoY) 5 ശതമാനം കുറഞ്ഞതായി റേറ്റിങ് ഏജൻസിയായ ഇക്ര (ICRA) റിപ്പോർട്ട് ചെയ്യുന്നു.

47 ശതമാനം സ്വർണ വായ്പ സൗത്ത് ഇന്ത്യയിൽ നിന്ന്

മുത്തൂറ്റ് ഫിനാൻസി-ന്റെ സ്വർണ്ണ വായ്പ ശാഖകളിൽ 59 ശതമാനവും ദക്ഷിണേന്ത്യയിലാണ്; ഇവ സ്വർണ്ണ വായ്പ ബുക്കിലേക്ക് 47 ശതമാനം സംഭാവന ചെയ്യുന്നു. 2022 ഡിസംബർ 31 വരെ, മുത്തൂറ്റ് ഫിനാൻസിന് ഇന്ത്യയിലെമ്പാടുമായി 4,672 ശാഖകാലുണ്ട്.

2022 ഡിസംബർ 31 ലെ കണക്കനുസരിച്ച് 57,731 കോടി രൂപയുടെ (ഇതിൽ 98 ശതമാനവും സ്വർണ്ണ വായ്പയാണ്) മൊത്തം പോർട്ട്‌ഫോളിയോയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കേന്ദ്രീകരിച്ചുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്.

മുത്തൂറ്റ് ഫിനാൻസ്ന്റെ ഏകീകൃത പോർട്ട്‌ഫോളിയോ 2021 ഡിസംബർ 31-ൽ 60,896 കോടി രൂപയയായിരുന്നത് 2022 ഡിസംബറിൽ 65,085 കോടി രൂപയായി ഉയർന്നു, അതിൽ സ്വർണ്ണം, മൈക്രോഫിനാൻസ്, ഹൗസിംഗ് എന്നിവ യഥാക്രമം 87.3 ശതമാനം, 8.2 ശതമാനം, 2.2 ശതമാനം എന്നിങ്ങനെയാണ്.

2023 സാമ്പത്തിക വർഷത്തിൽ, 2022 ഡിസംബർ 31 ലെ (ഒമ്പത് മാസത്തേക്ക്) കണക്കനുസരിച്ച് 66,014 കോടി രൂപയുടെ ആസ്തിയിൽ 2,571 കോടി രൂപയുടെ അറ്റാദായം എംഎഫ്എൽ റിപ്പോർട്ട് ചെയ്തു.

2021 സാമ്പത്തിക വർഷത്തിൽ 63,465 കോടി രൂപയുടെ ആസ്തി അടിസ്ഥാനത്തിൽ 3,722 കോടി രൂപയുടെ അറ്റാദായത്തിനെതിരെ 2022 സാമ്പത്തിക വർഷത്തിൽ 70,555 കോടി രൂപയുടെ ആസ്തി അടിസ്ഥാനത്തിൽ 3,954 കോടി രൂപയുടെ അറ്റാദായം എംഎഫ്എൽ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രൊമോട്ടർമാർക്കു 73.35 ശതമാനം

പ്രൊമോട്ടറും പ്രൊമോട്ടർ ഗ്രൂപ്പും ചേർന്ന് 2022 ഡിസംബർ 31 വരെ എം‌എഫ്‌എല്ലിൽ 73.35 ശതമാനം ഓഹരികൾ കൈവശം വെക്കുന്നുണ്ട്. അതേസമയം വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് കമ്പനിയിൽ ഏകദേശം 22.82 ശതമാനം ഓഹരിയുണ്ട്, പൊതുജനങ്ങൾക്ക് 3.83 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്.

37,810 കോടി രൂപ വിപണി മൂലധനം നൽകിക്കൊണ്ട് ഇന്നലെ എൻഎസ്ഇയിൽ എംഎഫ്എൽ ഓഹരികൾ ഇന്ന് 943.85 രൂപയിൽ ക്ലോസ് ചെയ്തു.