image

2 Aug 2023 2:13 AM GMT

Bond

ക്രെഡിറ്റ് റേറ്റിംഗ് താഴ്ന്ന് യുഎസ്; ആഗോള വിപണികളില്‍ ഇടിവ് ; വിപണി തുറക്കും മുമ്പ് അറിയേണ്ടത്

MyFin Desk

Stock Market
X

Summary

  • ഗാലിയത്തിനും ജെര്‍മേനിയത്തിനും കയറ്റുമതി വിലക്കുമായി ചൈന


നിശ്ചിത പരിധിക്കുള്ളില്‍ ചാഞ്ചാട്ടം തുടര്‍ന്ന മറ്റൊരു വ്യാപാര സെഷനാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണികള്‍ സാക്ഷ്യം വഹിച്ചത്. തുടക്കത്തില്‍ നേട്ടത്തിലായിരുന്ന സൂചികകള്‍ പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. എന്നാല്‍ ക്ലോസിംഗ് ബെല്‍ മുഴങ്ങുമ്പോഴേക്കും വലിയ അളവില്‍ നഷ്ടങ്ങള്‍ നികത്തപ്പെട്ട് ഏറക്കുറെ ഫ്ലാറ്റായാണ് സെന്‍സെക്സിലും നിഫ്റ്റിയിലും വ്യാപാരം അവസാനിച്ചിട്ടുള്ളത്.

ഇന്ന് ആഗോള തലത്തില്‍ വന്നിട്ടുള്ള ഒരു പ്രധാന സംഭവ വികാസം, ക്രെഡിറ്റ് ഗ്രേഡിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ് യുഎസിന്‍റെ റേറ്റിംഗ് താഴ്ത്തിയതാണ്. AAA എന്നതില്‍ നിന്ന് AA+ എന്നതിലേക്കാണ് റേറ്റിംഗ് പരിഷ്കരിച്ചത്. രാജ്യത്തിന്‍റെ ധനക്കമ്മി വര്‍ധിക്കുന്നുവെന്നും വായ്പാ പരിധി ഉയരുന്നുവെന്നും ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. യുഎസ് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഫിച്ച് റേറ്റിംഗ്സ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ നിക്ഷേപകരുടെ വികാരത്തെ നെഗറ്റിവായി ബാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ജൂലൈ ഡാറ്റകളും വീണ്ടെടുപ്പില്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ്. ചിപ്പ് നിര്‍മാണത്തിന് ആവശ്യമായ ഗാലിയം, ജെര്‍മേനിയം തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് സര്‍ക്കാരിന്‍റെ പ്രഖ്യാപനവും ഈ മേഖലയിലെ കമ്പനികളെയും ഓഹരികളെയും ദോഷകരമായി ബാധിക്കുന്നതാണ്.

ഏഷ്യന്‍ വിപണികള്‍ നഷ്ടത്തില്‍ തുടങ്ങി

ഇന്ന് ഏഷ്യന്‍വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ് , ഹോംഗ്കോംഗ്, നിക്കെയ് , തായ്വാന്‍ തുടങ്ങിയ വിപണികളെല്ലാം നഷ്ടത്തിലാണ് സെഷന്‍ ആരംഭിച്ചത്. യുഎസ് വിപണികളില്‍ ഡൌ ജോണ്‍സ് ഇന്നലെ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നാസ്‍ഡാഖ് , എസ് & പി 500 എന്നിവ നഷ്ടത്തിലായിരുന്നു. യൂറോപ്പിലെ പ്രധാന വിപണികളിലും പൊതുവേ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര വിപണികളുടെ തുടക്കവും ചുവപ്പിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

പൊതുമേഖലാ സ്ഥാപനം എന്ന നിലയ്ക്കുള്ള കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഗ്രേഡിംഗ് കേന്ദ്ര സര്‍ക്കാര്‍ ഷെഡ്യൂള്‍ ബി എന്നതില്‍ നിന്ന് ഷെഡ്യൂള്‍ എ എന്നതിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ മാനേജ്മെന്‍റ് ശേഷിയും പ്രവര്‍ത്തന ശേഷിയും കൈവരിക്കാന്‍ കമ്പനിയെ സഹായിക്കുന്നതാണ് ഇത്.

ജൂലൈയില്‍ 1.86 ലക്ഷം വാഹനങ്ങളില്‍ അധികം നിര്‍മിച്ചുവെന്ന കണക്ക് മാരുതി സുസുക്കി പുറത്തുവിട്ടിട്ടുണ്ട്. മുന്‍ വര്‍ഷം ജൂലൈയിനെ അപേക്ഷിച്ച് 1 ശതമാനം മാത്രം വര്‍ധനയാണിത്. ടൂ വീലറുകളിലും ത്രീ വീലറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉല്‍പ്പാദനം ജൂലൈയില്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3.26 ലക്ഷം യൂണിറ്റുകളിലേക്ക് എത്തിയിട്ടുണ്ട്.

രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമ്മാതാവായ അശോക് ലെയ്ലാന്‍ഡ് ജൂലൈയിൽ 15,068 യൂണിറ്റുകളുടെ വിൽപ്പന നടന്നെന്ന് പ്രഖ്യാപിച്ചു, അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കും അപ്പുറം 10.6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. എയ്ഷര്‍ മോട്ടോഴ്സ് തങ്ങളുടെ റോയൽ എൻഫീൽഡിന്റെ വിൽപ്പന വോളിയം ഡാറ്റ പ്രഖ്യാപിച്ചു. മൊത്തം വിൽപ്പന 32 ശതമാനം വർധിച്ച് 73,117 മോട്ടോർസൈക്കിളുകളായി. ആഭ്യന്തര വിൽപ്പന 42 ശതമാനം ഉയർന്ന് 66,062 യൂണിറ്റിലെത്തി, എന്നാൽ അതേ കാലയളവിൽ കയറ്റുമതി 22 ശതമാനം ഇടിഞ്ഞ് 7,055 യൂണിറ്റിലെത്തി.

സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജിക്ക് ഇന്ത്യയിലെ ഒരു പ്രോജക്റ്റിനായി 360 കോടി രൂപയുടെ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ, പ്രൊക്യുർമെന്റ് ഓർഡറുമായി മുന്നോട്ട് പോകാനുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നാം പാദത്തിൽ കമ്പനി റിപ്പോർട്ട് ചെയ്ത 466 കോടി രൂപയുടെ പുതിയ ഓർഡർ മൂല്യത്തിന് പുറമേയാണിത്.

സർക്കാർ ഉടമസ്ഥതയിലുള്ള പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് മധ്യപ്രദേശിലെ നഗ്ദയിൽ 85 മെഗാവാട്ട് സോളാർ പിവി പവർ പ്രോജക്ട് നടപ്പാക്കുന്നതിന് ബോർഡ് അനുമതി ലഭിച്ചു. 554.91 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്.

എനർജി ആൻഡ് എൻവയോൺമെന്റ് സൊല്യൂഷൻസ് പ്രൊവൈഡറായ തെര്‍മാക്സ്, ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് 50.63 കോടി രൂപ വകയിരുത്തിയതിനാല്‍ ജൂണ്‍ പാദത്തിലെ ഏകീകൃത ലാഭത്തിൽ 0.1 ശതമാനം ഇടിവ് രേഖപ്പെടുത്തി പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24 സാമ്പത്തിക വർഷത്തിൽ 16.83 ശതമാനം ഉയർന്ന് 1,933 കോടി രൂപയായി.

വിദേശ ഫണ്ടിന്‍റെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 92.85 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) ഓഗസ്റ്റ് ഒന്നിന് 1,035.69 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.

774.18 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്നലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 26.49 കോടി രൂപയുടെ അറ്റ വില്‍പ്പനയും നടത്തി.

വന്ന ഡാറ്റകളും വരാനിരിക്കുന്ന ഡാറ്റകളും

ഇന്ത്യയുടെ മാനുഫാക്ചറിംഗ് ഉല്‍പ്പാദനം ജൂലൈയിലും ശക്തമായ വളര്‍ച്ചാ ആക്കം നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും ജൂണിലെ 57.8 ൽ നിന്ന് മാനുഫാക്ചറിംഗ് പിഎംഐ 57.7 ആയി കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് മാനുഫാക്ചറിംഗ് പിഎംഐ ഇടിവ് രേഖപ്പെടുത്തുന്നത്. സേവന മേഖലയുടെ പിഎംഐ സംബന്ധിച്ച വിവരം ഈ വാരം തന്നെ പുറത്തുവരും .

ജിഎസ്‍ടി സമാഹരണം ജൂലൈയില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.69 ലക്ഷം കോടി രൂപയില്‍ എത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ആറാം മാസമാണ് 1.6 ലക്ഷം കോടിക്കു മുകളിലുള്ള കളക്ഷന്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസത്തെ വാഹന വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ വിവിധ കമ്പനികള്‍ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. മൊത്തം മേഖലയുടെ വില്‍പ്പന സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകളും ഉടന്‍ തന്നെ ലഭ്യമാകും.

ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച ഡാറ്റകള്‍ മാസത്തിന്‍റെ പകുതിയോടെ പുറത്തുവരും. ചെറുകിട പണപ്പെരുപ്പം ജൂലൈയില്‍ റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിക്ക് മുകളിലേക്ക് പോകുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. റിസര്‍വ് ബാങ്കിന്‍റെ ധനനയ അവലോകന യോഗവും അടുത്തയാഴ്ച നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ജിഎസ്‍ടി കൌണ്‍സില്‍ യോഗത്തിന്‍റെ തീരുമാനങ്ങളും നിക്ഷേപകരെ സ്വാധീനിക്കും. ഗെയ്മിംഗ് മേഖലയുടെ നികുതി ഘടന സംബന്ധിച്ച് അന്തിമ ധാരണ ഈ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

സ്വര്‍ണവും ക്രൂഡ് ഓയിലും

ഒക്ടോബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 71 സെൻറ് കുറഞ്ഞ് ബാരലിന് 84.72 ഡോളറില്‍ എത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 81.13 ഡോളറായിരുന്നു, മുൻ സെഷനിലെ സെറ്റിൽമെന്റിൽ നിന്ന് 67 സെൻറ് കുറഞ്ഞു.

സ്പോട്ട് ഗോൾഡ് രാത്രിയോടെ ഔൺസിന് 1 ശതമാനം കുറഞ്ഞ് 1,943.39 ഡോളറിലെത്തി, അതേസമയം യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 1.4 ശതമാനം ഇടിഞ്ഞ് 1,981.0 ഡോളറിലെത്തി.