image

27 Feb 2024 1:58 PM GMT

Buy/Sell/Hold

ഏഷ്യൻ പെയിന്റ് ഓഹരികളുടെ നിറം മങ്ങുകയാണോ? വിദഗ്ദ്ധർ രണ്ടറ്റങ്ങളിൽ!!

Jesny Hanna Philip

color asian paints bulls or bears
X

Summary

  • ഏഷ്യൻ പെയിന്റ്സ് നേരിട്ടത് 16% ഇടിവ്
  • 37 ബ്രോക്കറേജുകളുടേത് വ്യത്യസ്ത നിലപാട്


ഇന്ത്യൻ പെയിൻ്റ് മേഖലയിലെ മുൻനിര കമ്പനിയായ ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് കഴിഞ്ഞ 2 മാസങ്ങളിലായി വിപണിയിൽ നേരിട്ടത് 16% ഇടിവ്. കാൻസായി നെറോലാക് (-11.30%), ബെർജർ പെയിന്റ്സ് (-6.07%), ഇൻഡിഗോ പെയിന്റ്സ് (-4.73%) എന്നിങ്ങനെ മറ്റു മേഖല കമ്പനികളും സമാന കാലയളവിൽ ഇടിവ് നേരിട്ടെങ്കിലും നഷ്ടത്തിലും മുമ്പൻ ഏഷ്യൻ പെയിന്റ്സ് തന്നെ! ഓഹരികൾ കഴിഞ്ഞ ~3 വർഷങ്ങളായി 2680 - 3590 എന്നൊരു സോണിൽ കനത്ത കൺസോളിഡേഷനാണു നേരിട്ടുകൊണ്ടിരിക്കുന്നത്. ആകർഷകമായ പരസ്യങ്ങളിലൂടെയും ബഹുജന സമ്മതിയിലൂടെയും മുൻപിലുള്ള കമ്പനിയാണ് ഏഷ്യൻ പെയിന്റ്സ്.

ഗ്രാസിം ഇൻഡസ്ട്രീസിന്റെ കടന്നുവരവ് മത്സര തീവ്രത വർധിപ്പിക്കുമെന്നതാണ് പ്രധാനമായും ഓഹരികളെ വലക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഗ്രാസിമിൻ്റെ "ബിർള ഓപസ്" ലോഞ്ച് ചെയ്തതിന് ശേഷം ഉയർന്നു വരുന്ന മത്സരം ചൂണ്ടികാണിച്ചുകൊണ്ട് സിഎൽഎസ്എ ഓഹരികൾക്ക് അണ്ടർപെർഫോം (underperform) റേറ്റിംഗ് നൽകിയിരുന്നു. ടാർഗറ്റ് വില 2425 രൂപയായി കുറച്ചു. മുൻപ് ബ്രോക്കറേജ് നൽകിയിരുന്ന ടാർഗറ്റ് വില 3215 രൂപയായിരുന്നു. ഓഹരികൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ ടാർഗറ്റ് വില കൂടിയാണിത്. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഗ്രാസിം പെയിന്റ് വ്യവസായത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പെയിൻ്റ് ബിസിനസ് ലാഭത്തിലെത്തുമെന്നും വരുമാനം 10000 കോടി കടക്കുമെന്നുമാണ് ചെയർമാൻ കുമാർ മംഗലം ബിർള ലക്ഷ്യമിടുന്നത്.

സിഎൽഎസ്എയും ഓഹരികളിൽ ഡീ-റേറ്റിംഗ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ എങ്കിൽ 15 വർഷത്തെ ശരാശരി ഗുണിതത്തിലേക്ക് ഓഹരികൾ എത്തിച്ചേർന്നേക്കാം. തൽഫലമായി 2025 - 2026 സാമ്പത്തിക വർഷങ്ങളിലേക്കുള്ള വരുമാന കണക്കുകൾ യഥാക്രമം 8%, 10% എന്നിങ്ങനെ വെട്ടിക്കുറച്ചു. ബ്രോക്കറേജിന്റെ അഭിപ്രായത്തിൽ വ്യവസായത്തിലെ ചിലവുകളും മാർജിൻ ഘടനകളും മത്സരം കൂടുതൽ ആഴത്തിലുള്ളതാക്കും എന്നാണ്. ചെറുകിട കമ്പനികൾ ഗണ്യമായ തിരിച്ചടി നേരിടുന്നതിനൊപ്പം ഏഷ്യൻ പെയിന്റ്സ് അടക്കമുള്ള മുൻനിര കമ്പനികളെയും പുതിയ ചിലവ് ഘടനയും ബാധിക്കും.

അതെ സമയം ഗോൾഡ്മാൻ സാച്ച്സ് ന്യൂട്രൽ" റേറ്റിംഗ് നിലനിറുത്തിക്കൊണ്ട് സ്റ്റോക്കിൻ്റെ ടാർഗറ്റ് വില മുൻപ് നൽകിയിരുന്ന 3300 രൂപയിൽ നിന്ന് 2850 ആയി കുറച്ചു. ബിർളയുടെ പ്രവേശനം നേരത്തെ അനുമാനിച്ചതിനേക്കാൾ കൂടുതൽ സമഗ്രമാണെന്ന് ചൂണ്ടിക്കാട്ടി 2025, 2026 സാമ്പത്തിക വർഷങ്ങളിലെ ഏഷ്യൻ പെയിൻ്റ്‌സിൻ്റെ വരുമാന (ഇപിഎസ്) എസ്റ്റിമേറ്റ് യഥാക്രമം 5.2%, 10.9% എന്നിങ്ങനെ കുറച്ചു. ആഗോള ബ്രോക്കറേജ് കമ്പനിയായ സിറ്റിയും ഗ്രാസിമിൻ്റെ മത്സരക്ഷമതയെ ഉയർത്തികാട്ടുന്നു. ഉൽപ്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം മികച്ച രണ്ടാമത്തെ കമ്പനിയായി മാറാൻ ഗ്രാസിമിനെ സഹായിക്കും. കമ്പനിക്ക് വ്യക്തമായ ഡീലർ പുൾ പ്ലാനും നിലവിലുണ്ട്. പ്രഭുദാസ് ലീലാധർ നൽകുന്ന ടാർഗറ്റ് വില 2702 രൂപയാണ്.

പൊടുന്നനവെയുള്ള പെയിന്റ് വ്യവസായത്തിലെ ഇത്തരം മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ കുറഞ്ഞു വരുമ്പോൾ ഏഷ്യൻ പെയിന്റ്‌സിന് വീണ്ടും വിപണി നേതാവായി മാറാൻ കഴിയുമെന്നാണ് സിഎൽഎസ്എ നൽകുന്ന അനുകൂല അഭിപ്രായം. പക്ഷെ വിരൽ ഞൊടിക്കുന്ന ലാഘവത്തോടെ അത്തരമൊരു സാധ്യത നടപ്പാകില്ല എന്നും ബ്രോക്കറേജ് എടുത്തു പറയുന്നു. അതെ സമയം ഏറ്റവുമധികം ബുള്ളിഷായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് മക്വാറിയാണ്. 'ഔട്ട്പെർഫോം' റേറ്റിംഗ് നൽകികൊണ്ട് ഓഹരിയൊന്നിന് 4000 രൂപ ടാർഗറ്റ് ആയി നൽകിയിട്ടുണ്ട്. കടുത്ത മത്സരങ്ങൾ കടന്നുവന്നപ്പോളും വിപണി വിഹിതം ഫലപ്രദമായി നിലനിർത്തിയ ട്രെൻഡ് ഇനിയും തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷ. പുതുതായ പ്രവേശനങ്ങൾ താരതമ്യേന കൂടുതൽ ബാധിക്കുക ബെർജർ പെയിന്റസിനെയായിരിക്കുമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. ഏഷ്യൻ പെയിൻ്റ്സ് ഓഹരികളിൽ കവറേജ് നൽകിയ 37 ബ്രോക്കറേജുകളിൽ, 16 'സെൽ' റേറ്റിംഗ് ഉൾപ്പെടുന്നു. ബാക്കി 12 അനലിസ്റ്റുകൾക്ക് "ഹോൾഡ്" റേറ്റിങ്ങും ഒമ്പത് പേർ 'ബൈ' റേറ്റിങ്ങും നിർദേശിക്കുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല