image

1 March 2024 9:30 AM GMT

Buy/Sell/Hold

കത്തിക്കയറും ഈ എണ്ണക്കമ്പനികൾ; ടാർഗറ്റ് വില ഉയർത്തി ബ്രോക്കറേജുകൾ

MyFin Desk

HPCL, BPCL, IOC on brokerage radar
X

Summary

  • ടാർഗറ്റ് വില ഉയർത്തി, ബൈ റേറ്റിംഗ് നൽകി ബ്രോക്കറേജ്
  • ക്രൂഡ് വിലയിലെ മാറ്റങ്ങൾ സ്വാധീനമുണ്ടാക്കും


ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ടാർഗറ്റ് വില ഉയർത്തി ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി. എച്ച്പിസിഎൽ (HPCL), ബിപിസിഎൽ (BPCL), ഐഒസി (IOC) എന്നി കമ്പനികളുടെ ടാർഗറ്റ് വില ഉയർത്തികൊണ്ട് ബൈ റേറ്റിംഗ് ഓഹരികൾക്ക് നൽകിയിട്ടുണ്ട്. 2024ൽ ഇതുവരെ, സെൻസെക്‌സിൽ 0.3 ശതമാനം വർധനയുണ്ടായപ്പോൾ, എച്ച്‌പിസിഎൽ, ബിപിസിഎൽ, ഐഒസി എന്നിവയുടെ ഓഹരി വിലകൾ 27 ശതമാനം മുതൽ 34 ശതമാനം വരെ ഉയർന്നു. എച്ച്പിസിഎൽ ഓഹരികൾക്ക് 630 രൂപ (പഴയ ടാർഗറ്റ് - 375 രൂപ), ബിപിസിഎൽ ഓഹരികൾക്ക് 860 രൂപ (പഴയ ടാർഗറ്റ് - 555 രൂപ), ഐഒസി ഓഹരികൾക്ക് 185 രൂപ (പഴയ ടാർഗറ്റ് - 130 രൂപ) എന്നിങ്ങനെയാണ് ടാർഗറ്റ് നൽകിയിരിക്കുന്നത്.

ആഗോള വിപണികളിൽ ക്രൂഡ് വില ഒരു നിശ്ചിത സോണിനുള്ളിൽ റേഞ്ച്ബൗണ്ട് ആയി തുടരുന്നത് സമീപകാലത്ത് ഈ കമ്പനികളുടെ ലാഭത്തെ പിന്തുണയ്ക്കുമെന്ന് എച്ച്എസ്ബിസി അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. ആഗോള വിപണികളിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളായി വിൽക്കുന്ന പെട്രോളിയം കമ്പനികൾക്ക് ക്രൂഡ് വില അമിതമായി ഉയരാത്തത് ഗുണം ചെയ്യും. സർക്കാരിന്റെ ഇടപെടലുകളും കുറഞ്ഞത് അനുകൂലമായി ബ്രോക്കറേജ് വിലയിരുത്തുന്നു. റിഫൈനറി നവീകരണങ്ങളുടെ ഗുണവും മീഡിയം ടേമിൽ പ്രതിഫലിക്കും. കൂടുതൽ റീ റേറ്റിംഗിന് സാദ്ധ്യത ഉണ്ടെന്നാണ് മോർഗൻ സ്റ്റാൻലിയിലെ വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നത്. കർശനമായ ഇന്ധന വിതരണവും ക്രൂഡിന്റെ ലഭ്യതയും കാരണങ്ങളായി നൽകുന്നു. 'നിക്ഷേപകർ ദീർഘകാല വളർച്ചാ സാധ്യതകൾ വീണ്ടും വിലയിരുത്തുന്നതിനാൽ ഈ എണ്ണ ശുദ്ധീകരണ, വിപണന കമ്പനികളുടെ ഓഹരികളിൽ റീ റേറ്റിംഗ് കാണുന്നു" ബ്രോക്കറേജ് സ്ഥാപനം അതിൻ്റെ റിപ്പോർട്ടിൽ പറഞ്ഞു.

മൂന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം പാദാടിസ്ഥാനത്തിൽ 15.4 ശതമാനം ഉയർച്ചയോടെ 1.11 ലക്ഷം കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തു. സമാനകാലയളവിൽ ലാഭം 87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രോസ് റിഫൈനിംഗ് മാർജിൻ ബാരലിന് 8.5 ഡോളർ ആയിരുന്നു. ഇത് വിപണി പ്രതീക്ഷകൾക്കും താഴെയാണ്. ഭാരത് പെട്രോളിയം പാദാടിസ്ഥാനത്തിൽ 60 ശതമാനം ഇടിവ് നെറ്റ് പ്രോഫിറ്റിൽ രേഖപ്പെടുത്തി. 3397 കോടി രൂപയാണ് ലാഭം. എബിറ്റ്ഡാ മാർജിൻ കഴിഞ്ഞ പാദത്തിലെ 12.5 ശതമാനത്തിൽ നിന്നും 5.4% ആയി കുറഞ്ഞു. അതേസമയം ഗ്രോസ് റിഫൈനിംഗ് മാർജിൻ ബാരലിന് 13.3 ഡോളർ ആയി രേഖപ്പെടുത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാദാടിസ്ഥാനത്തിൽ 38 ശതമാനം ഇടിവാണ് നെറ്റ് പ്രോഫിറ്റിൽ രേഖപ്പെടുത്തിയത്. കമ്പനിയുടെ നെറ്റ് പ്രോഫിറ്റിൽ അദർ ഇൻകം വിഭാഗത്തിന്റെ 1452 കോടി രൂപയുടെ സംഭാവനയുണ്ടായിരുന്നു. ഇത് മുൻപാദത്തേക്കാൾ ഉയർന്നതാണ്. വരുമാനം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് 10.6% ഉയർന്നു 1.99 ലക്ഷം കോടിയായി രേഖപ്പെടുത്തി. ഗ്രോസ് റിഫൈനിംഗ് മാർജിൻ ബാരലിന് 11.73 ഡോളർ ആയിരുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല