image

6 March 2024 11:44 AM GMT

Buy/Sell/Hold

ഏറ്റെടുക്കലിലൂടെയും തനത് പ്രവർത്തനങ്ങളിലൂടെയും ലാഭം കുതിച്ചുയരും; ഓഹരിയിൽ 36% മുന്നേറ്റം പ്രതീക്ഷിച്ചു ബ്രോക്കറേജ്

Jesny Hanna Philip

Business services company to consider for portfolio
X

Summary

  • ലിസ്റ്റിംഗ് വിലയിൽ നിന്നും ഏകദേശം 34% റിട്ടേൺസ് മൂന്നു മാസങ്ങൾക്കുള്ളിൽ
  • ക്ളയന്റുകളിൽ രണ്ട് ടാറ്റ കമ്പനിയും ടെക്നോളജി കേമൻ മൈക്രോസോഫ്റ്റും



സമീപകാലത്തു വിപണിയിലേക്ക് കടന്നു വന്ന, ലിസ്റ്റിംഗ് വിലയിൽ നിന്നും ഏകദേശം 34% റിട്ടേൺസ് മൂന്നു മാസങ്ങൾക്കുള്ളിൽ നിക്ഷേപകർക്ക് നൽകിയ ബിസിനസ് സർവീസ് കമ്പനി വിദഗ്ധരുടെ ശ്രദ്ധ ആകർഷിച്ചു തുടങ്ങുകയാണ്. ഒക്ടോബറിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ഇരുപതു ശതമാനത്തോളം ഇടിവിലേക്ക് പോയിരുന്നെങ്കിലും ആ നഷ്ടങ്ങളും മറികടന്നാണ് 34 ശതമാനത്തിന്റെ നേട്ടം നൽകിയത്. പക്ഷികൾക്ക് ഇരു ചിറകെന്ന പോലെ അപ്ഡേറ്റർ സർവീസസ് (UDS) എന്ന കമ്പനിയുടെ ബിസിനെസ്സ് സമവാക്യം ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് (Integrated Facility Management (IFM)) + ബിസിനസ് സപ്പോർട്ട് സർവീസസ് (Business Support Services (BSS)) എന്നതാണ്. കമ്പനിയുടെ പ്രധാന ബിസിനെസ്സ് സെഗ്മെന്റ് ഇവ രണ്ടുമാണ്.

സമവാക്യം പിരിച്ചു പരിശോധിക്കുമ്പോൾ

2024 സാമ്പത്തിക വർഷത്തെ ആദ്യ 9 മാസങ്ങളിലെ വരുമാനത്തിന്റെ 67.5% സംഭാവന ചെയ്തത് ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് വിഭാഗമാണ്.സോഫ്റ്റ് സർവീസസ് വിഭാഗത്തിൽ ഹൗസ് കീപ്പിംഗ്, ക്ലീനിംഗ് സേവനങ്ങൾ, അണുവിമുക്തമാക്കൽ, മറ്റു സാനിറ്റൈസേഷൻ സേവനങ്ങൾ, കീടനിയന്ത്രണം, ഹോർട്ടികൾച്ചർ, ഫാക്കയ്ഡ് ക്ലീനിങ് എന്നിവ ഉൾപ്പെടുന്നു. മെറ്റീരിയൽ ഹാൻഡ്ലിങ്, മെറ്റീരിയൽ മൂവേമെന്റ്, ഓൺ-സൈറ്റ് വെയർഹൗസ്, ഇൻവെൻ്ററി മാനേജ്മെൻ്റ് എന്നിവയാണ് കമ്പനിയുടെ പ്രൊഡക്ഷൻ സപ്പോർട്ട് സേവനങ്ങൾ. മൂന്നാം വിഭാഗമായ എഞ്ചിനീയറിംഗ് സർവീസുകളിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് (MEP) സേവനങ്ങൾ ഉൾപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവക്കുള്ള ഇന്സ്ടിട്യൂഷണൽ കാറ്ററിംഗ് സേവനങ്ങളും കസ്റ്റമർ വെയർഹൌസ് മാനേജ്‌മന്റ് സേവനങ്ങളും ജനറൽ സ്റ്റാഫിംഗ് (റിക്രൂട്ട്‌മെൻ്റ്, പേറോൾ, ഹ്യൂമൻ റിസോഴ്‌സ് സേവനങ്ങൾ എന്നിങ്ങനെ ഫീൽഡ് സ്റ്റാഫുകൾ) സർവീസും ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് സംവിധാനത്തിന് കീഴിലുണ്ട്.

രണ്ടാമത്തെ പ്രധാന വിഭാഗമായ ബിസിനസ് സപ്പോർട്ട് സർവീസസ് വരുമാനത്തിന്റെ 32.5% സംഭാവന നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി നൽകിയിട്ടുണ്ട്. ബിഎസ്എസ് സെഗ്‌മെന്റിന്റെ പ്രധാന ഉപവിഭാഗം സെയിൽസ് എൻഏബിൾമെന്റ് സർവീസുകളാണ് (Sales Enablement Services). 24.7% വരുമാനം ഇതിൽ നിന്നുമാണ്. മെയിൽറൂം മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് സൊല്യൂഷൻ, ഓഡിറ്റ് ആൻഡ് അഷുറൻസ്, എംപ്ലോയീ വെരിഫിക്കേഷൻ, എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ എന്നിവയും ബിസിനസ് സപ്പോർട്ട് സർവീസുകളിൽ ഉൾപ്പെടുന്നു.

'കൂട്ടിചേർത്ത' ശക്തി

തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1990 കളിൽ ഹൗസ് കീപ്പിംഗ്, കാറ്ററിംഗ് സേവന കമ്പനിയായി പ്രവർത്തനം ആരംഭിച്ച അപ്ഡേറ്റർ സർവീസസ് ആദ്യകാലങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത് ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് വിഭാഗത്തിൽ തന്നെയായിരുന്നു. ബിഎസ്എസ് വിഭാഗത്തിന്റെ വളർച്ചയുടെ ഒരു പ്രധാന പങ്ക് വഹിക്കുന്നത് മറ്റു കമ്പനികളെ ഏറ്റെടുത്തുകൊണ്ടാണ്. 2007 ൽ ആവോൺ സൊല്യൂഷൻസ് ആൻഡ് ലോജിസ്റ്റിക്സ് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ട് മെയിൽറൂം മാനേജ്മെൻ്റ് വിഭാഗത്തിലേക്കും ബിസിനസ് സപ്പോർട്ട് സർവീസുകളിലേക്കും പ്രവേശിച്ചു. 2018 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി ആറോളം കമ്പനികളെ ഏറ്റെടുത്തു. ഫ്യുഷൻ ഫുഡ്സ് (2017), ഗ്ലോബൽ ഫ്ലൈറ്റ് ഹാൻഡ്ലിങ് സർവീസ് (2018), വാഷ്റൂം ഹൈജീൻ കോൺസെപ്റ്റസ് (2019), മാട്രിക്സ് ബിസിനസ് സർവീസസ് (2019), ഡീനാവേ (2022), അഥീന ബി.പി.ഒ (2023) എന്നിങ്ങനെയുള്ള വിവിധ കമ്പനികളെ ഓരോ വിഭാഗത്തിലേക്ക് ഏറ്റെടുത്തുകൊണ്ടു ഓർഗാനിക് വളർച്ചയിലൂടെയാണ് ബിഎസ്എസ് വിഭാഗം ഉയർന്നു വന്നത്.

ക്ളയന്റുകൾ പ്രമുഖർ

കമ്പനിയുടെ കസ്റ്റമർ ബേസ്, വരുമാന ഡിവിഷൻ എന്നിവയുടെ പ്രധാന സവിശേഷത കുറഞ്ഞ ഉപഭോക്തൃ ഏകാഗ്രതയും (low customer concentration) ക്രോസ് സെല്ലിംഗിലൂടെ വാലറ്റ് ഷെയർ വർദ്ധിപ്പിക്കാനുള്ള കഴിവുമാണ്. ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് വിഭാഗത്തിൽ 1,593 കസ്റ്റമേഴ്സും ബിസിനസ് സപ്പോർട്ട് സർവീസ് സെഗ്മെന്റിൽ 1,723 കസ്റ്റമേഴ്സും കമ്പനിക്കുണ്ട്. ഓട്ടോ, ബാങ്കിങ്, ഇലക്ട്രോണിക്സ് എന്നിങ്ങനെ ഐഎഫ്എം വിഭാഗത്തിൽ വൈവിധ്യമാർന്ന കസ്റ്റമർ ബേസ് യുഡിഎസ്സിന് ഉണ്ട്. ഹ്യൂണ്ടായ്, ഐഷർ മോട്ടോർസ്, ഹോണ്ട മോട്ടോർസൈക്കിൾ എന്നിങ്ങനെയുള്ള വാഹന നിർമാണ കമ്പനികൾ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ട്രാൻസ്‌പോർട്,ഐഐഎഫ്എൽ ഫിനാൻസ് എന്നി ധനകാര്യ കമ്പനികൾ, സോണി, സെയിന്റ് ഗോബൈൻ, ടിടികെ ഹെൽത്ത്കെയർ എന്നി പ്രമുഖരും കമ്പനിയുടെ കസ്റ്റമേഴ്‌സാണ്. ഇവയിൽ ഹ്യൂണ്ടായ്, സെയിന്റ് ഗോബൈൻ എന്നീ കമ്പനികളുമായി 10 വർഷത്തിലധികം നീണ്ട ബന്ധവുമുണ്ട്. ബിഎസ്എസ് സെഗ്മെന്റിൽ ഐടി,ഏവിയേഷൻ, ടെലികോം, റീറ്റെയ്ൽ, കൺസ്യൂമർ എന്നി വിഭാഗങ്ങളിൽ സാന്നിധ്യമുണ്ട്. മൈക്രോസോഫ്റ്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ്‌, ടാറ്റ കമ്മ്യൂണിക്കേഷൻസ്, പി ആൻഡ് ജി, ആദിത്യ ബിർള ഫാഷൻ റീറ്റെയ്ൽ, മോർ, സ്‌പൈസ്‌ജെറ്റ് എന്നിവയും കമ്പനിയുടെ ക്ളയന്റുകളാണ്.

വേറിട്ട് നിർത്തുന്ന വളർച്ച ഘടകങ്ങൾ

ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് സേവനങ്ങളിൽ ഓർഗനൈസ്ഡ് കമ്പനികൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നത് ഈ മേഖലയിലെ ലീഡിങ് കമ്പനിയെന്ന നിലയിൽ യുഡിഎസ്സിന് ഗുണം ചെയ്യും. വിവിധ സേവനങ്ങൾ ഒരു കുടകീഴിൽ ലഭ്യമാകുമെന്നതാണ് ഇതിനൊരു കാരണം. യന്ത്രവൽകൃത ശുചീകരണത്തിൻ്റെ വർദ്ധിച്ച ആവശ്യം, കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ, ചെലവ് കാര്യക്ഷമത എന്നിവയും അനുകൂലമാണ്. യുഡിഎസ് ന്റെ മറ്റൊരു പ്രത്യേകത വിവിധ മേഖലകളിലെ എൻഡ് കസ്റ്റമേഴ്സ് കമ്പനിക്കുണ്ടെന്നതാണ്. ഇൻഡസ്ടറി, കോർപ്പറേറ്റ്, എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഗവണ്മെന്റ്, റീറ്റെയ്ൽ എന്നിങ്ങനെ അത് നീളുന്നു. കൂടാതെ ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്‌മന്റ് നിലവിൽ ഇൻ-ഹൌസ് സേവനങ്ങളും ഔട്സോഴ്സിങ് സേവനങ്ങളും നൽകുന്നുണ്ട്. അവയിൽ ഔട്ട്‌സോഴ്‌സിംഗിനുള്ള മുൻഗണനയും ട്രെൻഡും ഉയർന്നു നില നില്കുന്നത് കമ്പനിക്കേറെ പ്രയോജനകരമാണ്. 2023-28 സാമ്പത്തിക വർഷങ്ങളിൽ ഔട്ട്സോഴ്സിങ് 17 ശതമാനം സിഎജിആർ(CAGR) വളർച്ച കൈവരിക്കുമെന്നാണ് മൂന്നാം പാദഫല പ്രഖ്യാപനങ്ങൾക്കൊപ്പം കമ്പനി സൂചിപ്പിച്ചത്.

36% മുന്നേറ്റം പ്രവചിച്ചു ബ്രോക്കറേജ്

ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാൾ ചൂണ്ടിക്കാണിക്കുന്നത് 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഐഎഫ്എം വിഭാഗം 23% വളർച്ച വാർഷികാടിസ്ഥാനത്തിൽ രേഖപെടുത്തിയെന്നാണ്. "20 ശതമാനത്തിലധികം സ്ഥിരതയുള്ള വാർഷിക വളർച്ചാ നിരക്ക് സ്ഥിരപ്പെടുന്നതിനു മുമ്പ് വരുമാന വളർച്ച 2024 സാമ്പത്തിക വർഷത്തിൽ മിതമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ബ്രോക്കറേജ് പറഞ്ഞു. യുഡിഎസ് അതിന്റെ ഉയർന്ന മാർജിൻ വിഭാഗമായ ബിഎസ്എസ് സെഗ്‌മെന്റിന്റെ വളർച്ചയുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

ഡീനാവേ, അഥീന എന്നി ഏറ്റെടുക്കലുകൾ കമ്പനിയുടെ സേവനശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ലാഭ വളർച്ചയിലും സഹായിക്കുന്നുണ്ട്. ഇരു കമ്പനികളും യഥാക്രമം വരുമാനത്തിൽ 27%, 26% സിഎജിആർ (CAGR) വളർച്ച നൽകുമെന്നാണ് 2024-26 കാലങ്ങളിൽ നൽകുമെന്നാണ് ബ്രോക്കറേജിന്റെ അനുമാനം. മൊത്തം ബിസിനസ് സപ്പോർട്ട് സർവീസസ് സെഗ്മെന്റ് സമാനകാലയളവിൽ 23% വരുമാന സിഎജിആർ (CAGR) ഉയർച്ച കൈവരിക്കുമെന്ന കണക്കുകളും മോത്തിലാൽ റിപ്പോർട്ടിലൂടെ ചൂണ്ടികാണിക്കുന്നു. മറ്റൊരു പ്രധാന വിഭാഗമായ ഐഎഫ്എം 22% എബിറ്റ്ഡാ സിഎജിആർ വളർച്ച നൽകുമെന്നും കരുതപ്പെടുന്നു.

ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 343.80 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 2023 ഒക്ടോബറിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരിയുടെ ഐപിഓ വില 300 രൂപയായിരുന്നു. വിപണിയിൽ 5% ഡിസ്‌കൗണ്ടോടെ 285 രൂപയിലായിരുന്നു ലിസ്റ്റ് ചെയ്യപ്പെട്ടത്. വരുമാനഘടകങ്ങളെ അടിസ്ഥാനമാക്കി യുഡിഎസ് (UDS) ഓഹരികൾക്ക് 36% മുന്നേറ്റം പ്രവചിച്ചുകൊണ്ട് 465 രൂപയാണ് ടാർഗറ്റ് ആയി നല്കിയിരിക്കുന്നത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല