image

13 Feb 2024 10:55 AM GMT

Buy/Sell/Hold

കഴിഞ്ഞോ മൾട്ടിബാഗർ കാലം? ഇടിവ് തുടർന്ന് എസ്ജെവിഎൻ

Jesni Henna Philip

is the multibagger era over, decline followed by sjvn
X

Summary

  • എസ്‌ജെവിഎൻ -ൻ്റെ അറ്റലാഭം 51% ഇടിവോടെ 138.97 കോടി രൂപയായി
  • എൻഎച്ച്പിസിയുടെ മൂന്നാം പാദത്തിലെ ലാഭം 30.1% ഇടിവോടെ 546.1 കോടി രൂപയായി
  • രാജ്യത്തെ വൈദ്യുതി ആവശ്യം 2025 സാമ്പത്തിക വർഷത്തിലും ഉയർന്നു തന്നെ നില നിൽക്കാനാണ് സാധ്യത


ഒരു കാലത്തു വിപണിയിൽ നിശബ്ദമായിരുന്ന പൊതുമേഖലാ കമ്പനികൾ വെളിച്ചത്തിലേക്കും ഉയർച്ചയിലേക്കും കടന്നു വന്നിട്ട് നാളുകൾ ഏറെ ആയിട്ടില്ല. എന്നാൽ ഈ പുതുമയും പുകഴ്ചയും മങ്ങുകയാണോ? കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൾട്ടിബാഗർ ആയി മാറിയ രണ്ടു പൊതുമേഖലാ ജലവൈദ്യുത കമ്പനികളുടെ ഇന്നത്തെ മാർക്കറ്റ് പ്രകടനവും അനുബന്ധ വിവരങ്ങളും പരിശോധിക്കാം.

എസ്ജെവിഎൻ (SJVN)

പൊതുമഖല കമ്പനിയായ സത്‌ലജ് ജൽ വിദ്യുത് നിഗം (എസ്ജെവിഎൻ) ന്റെ ഓഹരികൾക്ക് 35 രൂപയിൽ നിന്ന് 170 രൂപയിലേക് എത്തിച്ചേരാൻ 10 മാസത്തിനും താഴെ മാത്രമേ വേണ്ടി വന്നുള്ളൂ. 500 ശതമാനത്തിനടുത്ത നേട്ടമാണ് ചുരുങ്ങിയ നാളുകളിൽ നൽകിയത്. അതേ ഓഹരി 6 ദിവസത്തിനകം 40 ശതമാനത്തോളം ഇടിവും നേരിട്ടു കഴിഞ്ഞു. ദുർബലമായ മൂന്നാം പാദഫലങ്ങളാണ് എസ്ജെവിഎൻ ഓഹരികളിൽ ബെയറുകൾക്ക് ശക്തി പകർന്നത്. ഫെബ്രുവരി 9 വെള്ളിയാഴ്ച വിപണി സമയം അവസാനിച്ചതിന് ശേഷമാണ് ഫലങ്ങൾ വന്നത്. എസ്ജെവിഎൻ വൈദ്യുതി ഉൽപാദന ബിസിനസിലും ജലവൈദ്യുത പദ്ധതികൾക്ക് കൺസൾട്ടൻസി നൽകുന്ന ബിസിനസ്സിലും ഏർപ്പെട്ടിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌ജെവിഎൻ -ൻ്റെ അറ്റലാഭം 51 ശതമാനത്തിലധികം ഇടിവോടെ 138.97 കോടി രൂപയായി.

2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ അതിൻ്റെ അറ്റലാഭം 287.42 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തിലെ വരുമാനം കുറഞ്ഞത് തന്നെയാണ് ലാഭത്തിലും ഇടിവുണ്ടാകാനുള്ള കാരണം. മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 711.24 കോടി രൂപയിൽ നിന്ന് 607.72 കോടി രൂപയായി കുറഞ്ഞു. 15.6 ശതമാനത്തിന്റെ ഇടിവ് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിലുണ്ടായി.

ഇതേ കാലയളവിൽ കമ്പനിയുടെ സാമ്പത്തിക ചെലവ് അല്ലെങ്കിൽ ഫിനാൻസ് കോസ്റ്റ് 122.37 കോടി രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ 16.24% വർദ്ധന ആണിത്. എന്നാൽ അവലോകന കാലയളവിൽ ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 6.94% കുറഞ്ഞു 65.48 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 551.99 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1.57 ശതമാനം ഇടിഞ്ഞ് 543.31 കോടി രൂപയായി. നികുതിക്കും മുമ്പുള്ള ലാഭം മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ചു 39.65% ഇടിഞ്ഞു 199.45 കോടി രൂപയായി. മൂന്നാം പാദത്തിൽ കമ്പനി 24.99 കോടി രൂപയുടെ നഷ്ടം (exceptional loss) രേഖപ്പെടുത്തിയത് മറ്റൊരു തിരിച്ചടിയായി. സാമ്പത്തിക വർഷത്തെ ഇതുവരെയുള്ള ഒമ്പത് മാസത്തിൽ, കമ്പനികളുടെ നെറ്റ് പ്രോഫിറ്റ് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചു 36.63% ഇടിഞ്ഞ് 850.36 കോടി രൂപയായി. സമാന കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർഷം തോറും 13.88% കുറഞ്ഞ് 2,096.46 കോടി രൂപയായി.

എൻഎച്ച്പിസി (NHPC)

ജലവൈദ്യുത മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു പൊതുമേഖലാ മിനി രത്‌ന കമ്പനി എൻഎച്ച്പിസി ആണ്. ഇന്ത്യൻ സർക്കാരിൻ്റെ മുൻനിര ജലവൈദ്യുത ഉൽപ്പാദന കമ്പനിയാണ്. വിവിധ പവർ യൂട്ടിലിറ്റികളിലേക്ക് ബൾക്ക് പവർ ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിലുമാണ് കമ്പനി പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്. പ്രോജക്ട് മാനേജ്‌മെൻ്റ് / കൺസ്ട്രക്ഷൻ കോൺട്രാക്ടുകൾ / കൺസൾട്ടൻസി അസൈൻമെൻ്റ് സേവനങ്ങൾ, പവർ ട്രേഡിങ്ങ് എന്നിവ നൽകുന്നതാണ് ഇതിൻ്റെ മറ്റ് ബിസിനസ്സ്. എസ്ജിവിഎൻ ഓഹരികളുടെ ഇടിവും കമ്പനിയുടെ ദുർബലമായ മോശം പാദഫലവും എൻഎച്ച്പിസിയിലും സമ്മർദ്ദം സൃഷ്ടിച്ചിരുന്നു.

കമ്പനിയുടെ മൂന്നാം പാദത്തിലെ ലാഭം മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ചു 30.1% ഇടിഞ്ഞു 546.1 കോടി രൂപയായി രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.3% വാർഷികാടിസ്ഥാനത്തിൽ ഇടിഞ്ഞു 1,697 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. എബിറ്റ്ഡാ കുത്തനെ ഇടിഞ്ഞു 70.3% നഷ്ടത്തോടെ 438.3 കോടി രൂപയായി. എൻഎച്ച്പിസി ഓഹരികൾ രണ്ടിരട്ടിയോളം ഉയർച്ച കഴിഞ്ഞ പത്തു മാസങ്ങൾക്കിടയിൽ നൽകിയിട്ടുണ്ട്. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 115.85 യിൽ നിന്നും കഴിഞ്ഞ 6 ട്രേഡിങ്ങ് സെഷനുകളിലായി ഓഹരികൾ വില്പന സമ്മർദ്ദം നേരിടുന്നുണ്ട്. ഇൻട്രാഡേയിൽ ഓഹരികൾ 77.50 രൂപയെന്ന താഴ്ചയിലേക്ക് എത്തിച്ചേർന്നു.

രാജ്യത്തെ വൈദ്യുതി ആവശ്യകതയിലുണ്ടായ ശക്തമായ വർധനയാണ് എൻഎച്ച്പിസി, എസ്ജിവിഎൻ എന്നിവയുടെ മൾട്ടി ബാഗർ റിട്ടേണുകൾക്ക് കാരണമായത്. കൊവിഡ് നിയന്ത്രണവും ആഘാതവും ലഘൂകരിച്ചതിന് ശേഷവും വൈദ്യുതി ആവശ്യകത ശക്തമായി ഉയർന്നു.

2024 സാമ്പത്തിക വർഷത്തിൽ കുത്തനെ ഉയർന്ന രാജ്യത്തെ വൈദ്യുതി ആവശ്യം 2025 സാമ്പത്തിക വർഷത്തിലും ഉയർന്നു തന്നെ നില നിൽക്കാനാണ് സാധ്യത. ഉത്സവ സീസണിൻ്റെ പശ്ചാത്തലത്തിൽ നവംബർ മാസത്തിലും ഉയർന്ന ഡിമാൻഡാണ് ഉണ്ടായത്.

പവർ ഡിമാൻഡ് ഉയരുന്നതിനൊപ്പം പുനരുൽപ്പാദന വൈദ്യുത ശേഷിയിൽ കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തുന്നതും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഫണ്ടമെന്റൽ ഘടകങ്ങൾ ശക്തമാണെങ്കിലും ഉയർന്ന വാല്യൂവേഷൻ തന്നെയാണ് വില്ലൻ. ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ സൂചിപ്പിക്കുന്നതും വാല്യൂവേഷൻ ഉയർന്നു നിൽകുമ്പോൾ ഏതൊരു ചെറിയ അശുഭ വാർത്തകളും വിപണിയെ താഴേക്ക് കൊണ്ട് വരാൻ ബെയറുകൾ ഉപയോഗിക്കും എന്നതാണ്.