image

27 Feb 2024 12:30 PM GMT

Buy/Sell/Hold

മാനേജ്‌മന്റ് വീക്ഷണം അനുകൂലം, വടക്കേ അമേരിക്കയുടെ വീണ്ടെടുപ്പ് ആവശ്യം; ഐടി കമ്പനികളുടെ മൂന്നാംപാദ വിശകലനം

Jesny Hanna Philip

3 IT stocks to watch based on Q3 results
X

Summary

  • ടിസിഎസ്, എച്സിഎൽ ടെക്, കൊഫോർജ് തുടങ്ങിയ ഓഹരികൾ സർവകാല നേട്ടത്തിനരികെ
  • മൂന്നാം പാദത്തിൽ ഐടി കമ്പനികൾക്ക് അനുകൂലമായത് എന്ത്?
  • ആക്സിസ് സെക്യൂരിറ്റീസ് മുന്നേറ്റം കാണുന്നത് ഈ 3 ഓഹരികളിൽ


കോവിഡ് കാലത്തിൽ 'എല്ലാം ഓൺലൈൻ ആയി മാറിയപ്പോൾ' ശുക്രദശ തെളിഞ്ഞത് ഐടി കമ്പനികൾക്കായിരുന്നു. വിപണിയിൽ ഓഹരികൾ ടെക്നോളോജിയെക്കാൾ വേഗത്തിൽ കുതിച്ചു. ഈ ടെക്‌നോളജി കുതിപ്പിന് ആന്റിവൈറസ്സായത് യുഎസ്, യൂറോപ്യൻ വിപണികളിലെ മാന്ദ്യഭീഷണിയും പിന്നീട് ബാങ്കിങ് ഫിനാൻഷ്യൽ രംഗത്തെ വെല്ലുവിളികളുമായിരുന്നു. എന്നാൽ നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ 3 മാസകാലയളവിൽ 20% മുന്നേറ്റമാണ് പ്രകടമാക്കിയത്. ടിസിഎസ്, എച്സിഎൽ ടെക്, കൊഫോർജ് തുടങ്ങിയ ഏതാനും ചില കമ്പനികൾ സർവകാല നേട്ടത്തിനരികെയുമാണ്. കഴിഞ്ഞ പാദങ്ങളിൽ മാനേജ്‌മന്റ് പ്രകടമാക്കിയ പ്രതികൂല കമന്ററികളിൽ നിന്നും വ്യത്യസ്തമായി മൂന്നാം പാദത്തിലെ പോസിറ്റീവ് കമന്റുകൾ ആശാവഹമാണ്. മൂന്നാം പാദഫലങ്ങളെ വിലയിരുത്തി വിദഗ്ധർ 3 ഐടി ഓഹരികളെ പരിഗണിക്കുന്നു.

മൂന്നാംപാദത്തിലെ പ്രതീക്ഷകൾ

2025 സാമ്പത്തിക വർഷം മുതൽ ഡിമാൻഡിൽ ഉയർച്ച കണ്ടു തുടങ്ങുമെന്ന് ഭൂരിഭാഗം മാനേജ്‌മെന്റുകളും വിലയിരുത്തുന്നു. ആഗോള അനിശ്ചിതത്വങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഡീൽ ഇടപാടുകൾ വർധിക്കും എന്നാണ് കണക്ക്കൂട്ടൽ. ഓട്ടോമേഷൻ ചെലവുകളിൽ കാലതാമസം ഉണ്ടായിട്ടും (പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ നിന്ന്), ഡീൽ വിജയങ്ങൾ ഈ പാദത്തിൽ ശക്തമായി തുടർന്നു. പല ഇന്ത്യൻ ഐടി സേവന കമ്പനികളും ജനറേറ്റീവ് എഐ, ഐഒടി മെഷീൻ ലേണിംഗ് തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾക്കായുള്ള ഡിമാൻഡ് കാണുന്നുണ്ട്. സപ്ലൈ സൈഡ് പരിമിതികളും ആശ്വാസകരമായി മാറി തുടങ്ങുന്നതിനാൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും കുറഞ്ഞിട്ടുണ്ട്. പ്രാദേശിക പ്രകടനം വിലയിരുത്തുമ്പോൾ അമേരിക്കയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ യൂറോപ്പിന് സാധിച്ചു. കൂടാതെ പരമ്പരാഗത ഐടി സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് (ER&D) സേവനങ്ങൾ ശക്തമായി നിലനിന്നു. മാനുഫാക്ചറിംഗ്/റീട്ടെയിൽ വിഭാഗങ്ങൾ ശക്തമായ വളർച്ച നൽകി.

സമീപകാല വെല്ലുവിളികൾ ദീർഘകാല വീക്ഷണത്തെ ബാധിക്കുന്നില്ല

2022, 2023 സാമ്പത്തിക വർഷങ്ങളിലെ ശക്തമായ വരുമാന വളർച്ചയ്ക്ക് ശേഷം, ഐടി കമ്പനികൾ ഡിമാൻഡിലും മാർജിൻ മേഖലയിലും വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് ആക്സിസ് സെക്യൂരിറ്റീസ് വിശ്വസിക്കുന്നു. മാന്ദ്യവും മാക്രോ ഇക്കണോമിക് അനിശ്ചിതത്വവും കാരണങ്ങളായി ബ്രോക്കറേജ് വിലയിരുത്തുന്നു. ഒപ്പം നോർത്ത് അമേരിക്കൻ ഡിമാൻഡ് ഉയർന്നു വരാത്തതിനാൽ തന്നെ സമീപകാല മുന്നേറ്റത്തിൽ സന്ദേഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്റെ ~40 ശതമാനം കടന്നുവരുന്നത് നോർത്ത് അമേരിക്കൻ കമ്പനികളിൽ നിന്നാണ്. എന്നിരുന്നാലും, സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ദീർഘകാല വീക്ഷണം ശക്തമായി തുടരുന്നു. വീണ്ടെടുക്കൽ പുതുവർഷത്തിൻ്റെ തുടക്കത്തിൽ ആരംഭിക്കുമെന്നും 2025 സാമ്പത്തിക വർഷം ശക്തമായ വരുമാന വളർച്ച കാണിക്കുമെന്നും ആക്സിസ് കൂട്ടിച്ചേർക്കുന്നു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസേർവ് പലിശനിരക്ക് വെട്ടികുറക്കൽ തീരുമാനങ്ങൾ കൈകൊള്ളുകയാണെങ്കിൽ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന് ഐടി കമ്പനികൾ സാക്ഷ്യം വഹിക്കും. ബാങ്കിംഗ് പ്രതിസന്ധി കുറഞ്ഞു വരികയാണെങ്കിൽ ഓട്ടോമേഷൻ ചിലവുകൾ കമ്പനികൾ ഉയർത്താനും ഇത് ബിഎഫ്എസ്ഐ മേഖലയിൽ നിന്നുള്ള വരുമാന വർദ്ധനവിന് സഹായകമാവുകയും ചെയ്യും.

നിക്ഷേപകർക്ക് പരിഗണിക്കാവുന്ന 3 ഐടി ഓഹരികൾ

കോഫോർജ് (Coforge) : ഇൻഷുറൻസ്, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ബാങ്കിങ് ഫിനാൻഷ്യൽ സേവനങ്ങൾ, ഹെൽത്ത്കെയർ എന്നി മേഖലകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. മൂന്നാം പാദത്തിലെ മൊത്തം കരാർ മൂല്യം (TCV) ഉയർന്നതിനോടൊപ്പം ബിഎഫ്എസ്ഐ, ട്രാവൽ വിഭാഗങ്ങളിൽ ഓരോന്നിലും 354 മില്യൺ ഡോളർ ഡീൽ വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ബാങ്കിങ് /ഇൻഷുറൻസ്/ട്രാൻസ്‌പോർട് വിഭാഗങ്ങൾ യഥാക്രമം 3.4%/4%/3% മുന്നേറ്റം പാദാടിസ്ഥാനത്തിൽ നേടി. മറ്റു പ്രധാന വെർട്ടിക്കലുകളും സമാനകാലയളവിൽ 1% വളർച്ച കൈവരിച്ചു. ഇടക്കാല- ദീർഘകാല (MEDIUM TERM) അടിസ്ഥാനത്തിൽ ഡിമാൻഡ് സാഹചര്യങ്ങൾ അനുകൂലമാകുമെന്ന് ബ്രോക്കറേജ് കരുതുന്നു. സമീപകാലത്തിലും ശക്തമായ ഡീൽ പൈപ്പ്ലൈനിൻ്റെ പിന്തുണയോടെ കൂടുതൽ വളർച്ച റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഓഹരികൾ നിലവിൽ ഉയർന്നാണ് വ്യാപാരം നടത്തുന്നത്. കോഫോർജിന്റെ സർവകാല നേട്ടം 6847 രൂപയാണ്. എന്നിരുന്നാലും സമീപഭാവിയിലെ കമ്പനിയുടെ വളർച്ചയിൽ ആക്സിസ് സെക്യൂരിറ്റീസ് ആത്മവിശ്വാസം പുലർത്തുന്നു. ഇടിവുകൾ (Dips) ബൈയിങ് അവസരങ്ങളായി കണക്കാക്കാൻ ആക്സിസ് നിർദേശിക്കുന്നു. ഓഹരിയൊന്നിന് 6905 രൂപയാണ് ടാർഗെറ്റായി നൽകിയിരിക്കുന്നത്.

പെർസിസ്റ്റൻ്റ് സിസ്റ്റംസ് (Persistent Systems) : വെല്ലുവിളി നിറഞ്ഞ കാലയളവിലും പെർസിസ്റ്റൻ്റ് സിസ്റ്റംസ് ശക്തമായ വളർച്ച റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നുവന്നു ബ്രോക്കറേജ് വിലയിരുത്തുന്നു. 521 മില്യൺ ഡോളറിന്റെ ഡീൽ വിജയങ്ങളോടെ മൊത്തം കരാർ മൂല്യം ശക്തമായി നിലകൊണ്ടു. മുൻ പാദങ്ങളിൽ നേടിയ ഡീലുകളുടെ പിന്തുണ ഇടക്കാല ഡിമാൻഡിന്റെ ആക്കം കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് മാനേജ്‌മെൻ്റ്. മാർജിൻ ഫ്രണ്ടിലും പുരോഗതി പ്രതീക്ഷിക്കുന്നു. ബിഎഫ്എസ്ഐ/ഫാർമ/ടെക് എന്നീ വിഭാഗങ്ങൾ യഥാക്രമം 1%/4%/1% വളർച്ച പാദാടിസ്ഥാനത്തിൽ നൽകി. ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുമായുള്ള ദീർഘകാല കരാറുകൾ കണക്കിലെടുത്ത് പ്രോത്സാഹജനകമായ വളർച്ച കൈവരിക്കുന്നതിന് പെർസിസ്റ്റൻ്റിന് സാധ്യമാകുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. ദൃഢമായ ഡീൽ മേക്കിംഗും മികച്ച നിർവ്വഹണ ശേഷിയും പിന്തുണയ്‌ക്കുന്ന കമ്പനിയുടെ വളർച്ചാ സാധ്യതകൾ കണക്കിലെടുത്ത് ഓഹരിയുടെ മൂല്യനിർണ്ണയം ഉയർത്തിയിട്ടുണ്ട് (35x FY26E നിന്നും 40x FY26E). ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകികൊണ്ട് 9,570 രൂപ ടാർഗറ്റ് ആയി നിശ്ചയിച്ചിരിക്കുന്നു.

കെപിഐടി ടെക് (KPIT Tech) : പരമ്പരാഗതരീതികളിൽ നിന്നും ഡിജിറ്റൽ എഞ്ചിനീയറിംഗ് വിനിയോഗങ്ങൾ വർധിച്ചു വരുന്നതും ബന്ധപ്പെട്ട ചിലവുകളിലേക്കുള്ള വിഹിതം വർധിക്കുന്നതും കെപിഐടി ടെക്കിനു അനുകൂലമാണ്. നിർമ്മാണം,ബിഎഫ്എസ്ഐ, മീഡിയ & ടെക്‌നോളജി, റീട്ടെയിൽ, ഹെൽത്ത്‌കെയർ പേയേഴ്‌സ് & പ്രൊവൈഡർമാർ, ട്രാവൽ & ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങൾ അതത് മേഖലകളിൽ തങ്ങളെ വ്യത്യസ്തമാക്കുന്നതിന് പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും അതുവഴി കമ്പനിക്ക് ശ്രദ്ധേയമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പാസഞ്ചർ കാർ വെർട്ടിക്കൽ 6.2% വളർച്ച പാദാടിസ്ഥാനത്തിൽ രേഖപ്പെടുത്തി. സേവന നിരയിൽ, ഫീച്ചർ ഡെവലപ്‌മെൻ്റ് ആൻഡ് ഇൻ്റഗ്രേഷൻ സേവനങ്ങൾ (വരുമാനത്തിൻ്റെ 90% പങ്ക് ) 3.8% ഉയർച്ച സെപ്റ്റംബർ പാദത്തെ അപേക്ഷിച്ചു നൽകി. ക്ലൗഡ് അധിഷ്‌ഠിത കണക്‌റ്റഡ് സേവനങ്ങൾ (വരുമാനത്തിൻ്റെ 26% പങ്ക് ) 9% അനുക്രമ വളർച്ച മുൻപാദവുമായി താരതമ്യം ചെയ്യുമ്പോൾ നൽകുന്നു. അതേസമയം ആർക്കിടെക്‌ചറും മിഡിൽവെയർ കൺസൾട്ടിംഗും (വരുമാനത്തിൻ്റെ 29% പങ്ക്) 6.1% ൻ്റെ വളർച്ചാനിരക്ക് കാണിക്കുന്നത് തുടരുന്നു. കെപിഐടി ടെക് ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയിലധികം നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. ആക്സിസ് സെക്യൂരിറ്റീസ് ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകികൊണ്ട് 1750 രൂപ ടാർഗറ്റ് വിലയായി നൽകിയിരിക്കുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല