image

26 March 2024 8:49 AM GMT

Buy/Sell/Hold

സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യൻ കെമിക്കൽ മേഖല, 'കോവിഡ് നേട്ടം' തുടരുമോ?

Jesny Hanna Philip

സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യൻ കെമിക്കൽ മേഖല, കോവിഡ് നേട്ടം തുടരുമോ?
X

Summary

  • കോവിഡ് കാലത്തിൽ 400% മുതൽ 1000% വരെ നേട്ടം ഓഹരികൾ നൽകിയിട്ടുണ്ട്.
  • മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ രണ്ടു മുതൽ മൂന്നു വർഷങ്ങളായി കറക്ഷൻ നേരിടുന്നു.
  • വീണ്ടുമൊരു മൾട്ടിബാഗർ കുതിപ്പിന് ലക്ഷ്യമിടുമ്പോൾ നിരീക്ഷിക്കേണ്ട ഘടകങ്ങൾ മനസിലാക്കാം.



ഇന്ത്യൻ കെമിക്കൽ മേഖല ദീർഘമായ വെല്ലുവിളികളും ഓഹരികൾ തുടർച്ചയായ കൺസോളിഡേഷനും വിപണിയിൽ നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സ്പെഷ്യലിറ്റി കെമിക്കൽ ഓഹരികളും കോവിഡ് കാലങ്ങളിൽ മൾട്ടിബാഗർ നേട്ടങ്ങൾ നൽകിയതിന് ശേഷം കഴിഞ്ഞ രണ്ടു മുതൽ മൂന്നു വർഷങ്ങളായി കറക്ഷൻ നേരിടുന്നുണ്ട്. മൂന്നാം പാദത്തിൽ വരുമാനം, ലാഭം എന്നിവയിൽ ഇടിവും മാർജിനിൽ ശക്തമായ സമ്മർദ്ദവും കെമിക്കൽ കമ്പനികൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നുള്ള വർധിച്ച ഇറക്കുമതിയും ഡിമാൻഡിലെ ഇടിവുമാണ് മേഖലക്ക് വെല്ലുവിളിയായി തുടർന്നത്. ക്രമേണ ഇരു ഘടകങ്ങളും അനുകൂലമായി വരുമെന്നാണ് കമ്പനികൾ നൽകുന്ന സൂചനകൾ.

ബൃഹത്തായ ചിത്രം പരിശോദിക്കുമ്പോൾ ഉയരുന്ന ആഭ്യന്തര ഉപഭോഗം, ബയോ ഫ്രണ്ട്ലി ഉത്പന്നങ്ങളിലേക്കുള്ള ഉപഭോക്തൃ മുൻഗണന, ആഗോള ഉത്പ്പാദനത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എന്നിവ ഇന്ത്യൻ കെമിക്കൽ മേഖലയെ നയിക്കുമെന്ന് തീർച്ച. അടുത്ത 5-7 വർഷത്തിനുള്ളിൽ നിരവധി രാസവസ്തുക്കളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടുതൽ അടുക്കാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നു. ഈ മുന്നേറ്റത്തെ നയിക്കുക i) കൽക്കരി ഗ്യാസിഫിക്കേഷൻ പ്ലാൻ്റുകളുടെ കമ്മീഷൻ ii) വിവിധ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളുടെ പെട്രോകെമിക്കൽ കാപെക്‌സ്, iii) ബേസിക് കെമിക്കൽ കപ്പാസിറ്റി ഉയർത്താനുള്ള കെമിക്കൽ കമ്പനികളുടെ നീക്കം എന്നീ ഘടകങ്ങൾ ആയിരിക്കും.

ആഗോള കെമിക്കൽ ഹബ്ബായി മാറുന്നതിനു ഇന്ത്യയ്ക്ക് ബെൻസീൻ, ഫിനോൾ, മെഥനോൾ, പോളിയോലിഫിൻസ് മുതലായ പ്രൈമറി ഫീഡ്‌സ്റ്റോക്കുകളിലെ ഗണ്യമായ നിക്ഷേപം ആവശ്യമാണ്. ഈ മേഖലയിലെ ചൈനയുടെ വിജയത്തിന്റെ കാരണവും ഉയർന്ന ഫീഡ്സ്റ്റോക് നിക്ഷേപമായിരുന്നു. ചൈനയ്ക്ക് സമാനമായി കൽക്കരി-കെമിക്കൽസ് പദ്ധതികൾക്കായുള്ള ഇന്ത്യയുടെ നീക്കം ശരിയായ ചുവടുവെപ്പാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. കൽക്കരി ഗ്യാസിഫിക്കേഷൻ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ സർക്കാർ വൈകിയെങ്കിലും അനുമതി നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിനായി 85 ബില്യൺ രൂപ മൂല്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതിന് ശേഷം, കൽക്കരി ഗ്യാസിഫിക്കേഷൻ പ്ലാൻ്റുകൾ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ കമ്പനികളിൽ നിന്നും നിർദ്ദേശങ്ങൾക്കായി കൽക്കരി മന്ത്രാലയം മൂന്ന് അഭ്യർത്ഥനകൾ പുറപ്പെടുവിച്ചു. കൂടാതെ, കോൾ ഇന്ത്യ 249 ബില്യൺ രൂപ മൂല്യമുള്ള രണ്ട് പദ്ധതികൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുമുണ്ട്.

ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളുടെ പെട്രോകെമിക്കൽ കാപെക്‌സ് ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കൂടുതൽ കുറയ്ക്കുമെന്നും ഇന്ത്യൻ കെമിക്കൽസ് കമ്പനികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ബാർമർ റിഫൈനറി കം പെറ്റ്-കെം കോംപ്ലക്സ് മറ്റ് പോളിമറുകൾക്കൊപ്പം ബെൻസീൻ, ടോലുയിൻ, ബ്യൂട്ടാഡീൻ തുടങ്ങിയ അടിസ്ഥാന നിർമ്മാണ ബ്ലോക്കുകൾ നിർമ്മിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ടുമാദ് റിഫൈനറി ബ്യൂട്ടൈൽ അക്രിലേറ്റും ഐസോബുട്ടനോളും ഉത്പാദിപ്പിക്കും. ഐഒസിഎൽ അതിൻ്റെ പാനിപ്പത്ത് റിഫൈനറിയിൽ, മറ്റ് രാസവസ്തുക്കൾക്കൊപ്പം മലിക് അൻഹൈഡ്രൈഡ് (വിവിധ കാർഷിക രാസവസ്തുക്കൾ, ലൂബ് അഡിറ്റീവുകൾ മുതലായവയിൽ ഉപയോഗിക്കുന്നു), ടെട്രാഹൈഡ്രോഫ്യൂറാൻ, ബ്യൂട്ടാനേഡിയോൾ എന്നിവ ഉൽപ്പാദിപ്പിക്കും. ഈ സൈറ്റിൽ, ഐഒസി ഒരു സ്റ്റൈറൈൻ മോണോമർ യൂണിറ്റും സ്ഥാപിക്കും.

നിരവധി ഇന്ത്യൻ കെമിക്കൽ കമ്പനികൾ അടിസ്ഥാന കെമിക്കൽ ഘടകങ്ങൾക്കായുള്ള മൂലധന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പോളികാർബണേറ്റ്, അനിലിൻ മുതലായവയ്‌ക്കായി 140 ബില്യൺ രൂപയുടെ കാപെക്‌സ് ദീപക് നൈട്രൈറ്റ് പ്രഖ്യാപിച്ചതിനു പുറമെ ദീപക് ഫെർട്ടിലൈസേഴ്‌സിൻ്റെ അമോണിയ പ്ലാൻ്റ് കഴിഞ്ഞ വർഷം കമ്മീഷൻ ചെയ്തിരുന്നു. ഇതുകൂടാതെ, ഹാൽദിയ പെട്രോകെമിക്കൽസ് ഓൺ-പർപ്പസ് പ്രൊപിലീൻ പ്ലാൻ്റിനൊപ്പം ഫിനോൾ-അസെറ്റോൺ പ്ലാൻ്റും കമ്മീഷൻ ചെയ്യും. ഫ്താലിക് അൻഹൈഡ്രൈഡ്, ഫ്യൂമാരിക് ആസിഡ് തുടങ്ങിയ ഉൽപന്നങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി തിരുമലൈ കെമിക്കൽസ് കാപെക്സ് പ്രഖ്യാപിച്ചു. മേഘ്മണി ഓർഗാനിക്സ് അതിൻ്റെ ടൈറ്റാനിയം ഡയോക്സൈഡ് ശേഷി വിപുലീകരിക്കും. ഇത്തരം കപ്പാസിറ്റി വിപുലീകരണം മെച്ചപ്പെട്ട വരുമാനത്തിലേക്ക് നയിക്കുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു.

ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ നിലവിൽ കെമിക്കൽ മേഖലയിലെ ടോപ് പിക്‌സായി തിരഞ്ഞെടുത്തിരിക്കുന്നത് എസ്.ആർ.എഫ് (SRF), ദീപക് നൈട്രൈറ്റ് (Deepak Nitrite), പിസിബിഎൽ (PCBL) എന്നി കമ്പനികളെയാണ്. ഇതുകൂടാതെ, നവീൻ ഫ്ലൂറിനിലെ സമീപകാല കറക്ഷൻ അവസരമായി കണക്കാക്കണമെന്നു ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. 2019 മുതൽ 2021 വരെയുള്ള കോവിഡ് കാലത്തിൽ മൾട്ടിബാഗർ നേട്ടമാണ് ഓഹരികൾ നൽകിയിരുന്നത്. എസ്.ആർ.എഫ് - 600% നേട്ടം, ദീപക് നൈട്രൈറ്റ് - 1000%, പിസിബിഎൽ - 400%, നവീൻ ഫ്ലൂറിൻ - 700% എന്നിങ്ങനെയാണ് പ്രസ്തുത കമ്പനികളുടെ മുന്നേറ്റം.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല