image

19 March 2024 4:40 PM GMT

Buy/Sell/Hold

ന്യൂട്രലിൽ നിന്ന് 'ബൈ' നിർദേശത്തിലേക്ക് അപ്‌ഗ്രേഡ് നേടി പേടിഎം

MyFin Desk

yes securities predicts advance in paytm
X

Summary

  • ഏകദേശം 23% മുന്നേറ്റമാണ് നിലവിലെ ഓഹരിവിലയിൽ നിന്നും കണക്കാക്കുന്നത്.
  • ആർബിഐ ഇടപെടലിനെ തുടർന്നുണ്ടായ ഇടിവിൽ ഓഹരികൾ 318 രൂപ വരെ താഴ്ന്നിരുന്നു.


ദുർബലമായ വിപണിയിലും ശക്തമായ നേട്ടം രേഖപ്പെടുത്തി പേടിഎം ഓഹരികൾ. 5% ഉയർച്ചയോടെയാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ട്രേഡിങ് സെഷനുകളിലായി 14ശതമാനത്തോളം നേട്ടം ഇതിനോടകം ഓഹരികൾ നൽകി കഴിഞ്ഞു. യെസ് സെക്യൂരിറ്റീസ് ഓഹരിയെ "ന്യൂട്രലിൽ" നിന്ന് "ബൈ" നിർദേശത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയും ടാർഗെറ്റ് വില 350 രൂപയിൽ നിന്ന് 505 രൂപയായി ഉയർത്തുകയും ചെയ്തതാണ് മുന്നേറ്റത്തിന് കാരണമായത്. ഏകദേശം 23% മുന്നേറ്റമാണ് നിലവിലെ ഓഹരിവിലയിൽ നിന്നും ബ്രോക്കറേജ് കണക്കാക്കുന്നത്.

പേയ്‌മെൻ്റുകൾ സുഗമമാക്കുന്നതിന് കമ്പനിയെ പ്രാപ്തരാക്കുന്ന, മൂന്നാം കക്ഷി ആപ്ലിക്കേഷൻ പ്രൊവൈഡറായി (ടിപിഎപി) കമ്പനിയെ യുപിഐയിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനുള്ള എൻപിസിഐയുടെ അംഗീകാരത്തെത്തുടർന്ന് പേടിഎമ്മിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ താൽക്കാലികമായെങ്കിലും ഒഴിഞ്ഞിട്ടുണ്ട്. വാലറ്റ് ബിസിനസിലുള്ള വരുമാന ആശ്രയത്വം കുറഞ്ഞു വരുന്നത് ബ്രോക്കറേജ് ഉയർത്തികാട്ടുന്നു. റെഗുലേറ്ററി ഇടപെടൽ മൂലം ഉണ്ടായ കുപ്രസിദ്ധിയും ക്ലയൻ്റ് നഷ്ടവും ഒരു പരിധി വരെ കുറക്കാൻ കമ്പനിക്ക് ഇതിനോടകം സാധിച്ചുവെന്നു യെസ് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. കമ്പനി കഴിഞ്ഞ കാലങ്ങളിലായി നൽകിയ മത്സരവും റേറ്റിംഗ് അപ്‌ഗ്രേഡിനു കാരണമാണെന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. അതേസമയം വാലറ്റ് ബിസിനസ്സ് നിർത്തലാക്കുന്നത് സമീപകാലത്ത് പേടിഎമ്മിൻ്റെ വരുമാനത്തെ ബാധിക്കുമെന്ന് യെസ് സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. “വായ്പ വിതരണം നിലവിൽ സ്തംഭിച്ചിരിക്കുകയാണെന്നും ഇത് വളർച്ചയെ സമ്മർദ്ദത്തിലാക്കുന്നത് തുടരുന്നു' എന്നും ബ്രോക്കറേജ് കൂട്ടിച്ചേർത്തു.

ഇന്ന് ഓഹരികൾ 4.57% നേട്ടത്തോടെ 407 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ കഴിഞ്ഞ ഒരു മാസത്തിനിടെ 14 ശതമാനം ഉയർന്നു. ആർബിഐ ഇടപെടലിനെ തുടർന്നുണ്ടായ ഇടിവിൽ ഓഹരികൾ 318 രൂപ വരെ താഴ്ന്നിരുന്നു. 1955 രൂപയാണ് ഓഹരിയുടെ സർവകാല നേട്ടം. ലിസ്റ്റ് ചെയ്യപ്പെട്ട ഈ നാലക്ക നേട്ടത്തിലേക്ക് ഓഹരിക്ക് പിന്നീട് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല