image

22 Feb 2024 11:09 AM GMT

Buy/Sell/Hold

കടരഹിതം, ഉയർന്ന ഡിവിഡന്റ്, ഓഹരിവില 300 രൂപക്ക് താഴെ; കുതിപ്പിന് മുൻപേ അറിയാം ഈ ഓഹരിയെ

Jesny Hanna Philip

The share price is below 300 rupees, this stock is known before the jump
X

Summary

  • നിലവിൽ ഓഹരി 300 രൂപയിൽ താഴെ ട്രേഡിങ്ങ് നടത്തുന്നു
  • തുടർച്ചയായി 6-ാം വർഷവും കമ്പനി കടരഹിതം
  • തുടർച്ചയായി രണ്ടാം വർഷവും 30% ഡിവിഡന്റ്


ഏതൊരു മൾട്ടിബാഗർ ഓഹരികളുടെയും അടിസ്ഥാന ഘടകം ശക്തമായ, വളർച്ച സാദ്ധ്യതകൾ കാണുന്ന വ്യവസായവും ബിസിനെസ്സ് മോഡലും ആണെന്നത് നിക്ഷേപകർക്കിടയിലെ പരസ്യമായ രഹസ്യമാണ്. എന്നിരുന്നാലും വിപണിയിലെ ബഹളങ്ങൾക്ക് പുറകെ പോകുന്നവരാണ് മിക്ക നിക്ഷേപകരും. 2020 മാർച്ച് മുതൽ 20 മാസങ്ങൾക്കുള്ളിൽ 600 ശതമാനം നേട്ടം നൽകിയ കെമിക്കൽ ഓഹരി ഇപ്പോൾ കൺസോളിഡേഷൻ നേരിടുകയാണ്. കൺസോളിഡേഷൻ ഘട്ടത്തിലേക്ക് ഓഹരികളെ നയിച്ചത് ആഗോള ആഭ്യന്തര ഘടകങ്ങളാണ്. ഓഹരി 2021 ൽ നൽകിയ സർവകാല ഉയരം 321 രൂപയാണ്. നിലവിൽ ഓഹരി 300 രൂപയിൽ താഴെ ട്രേഡിങ്ങ് നടത്തികൊണ്ട് ബ്രേക്ഔട്ടിന് ഒരുങ്ങുകയാണ്. കമ്പനിയെക്കുറിച്ചും മേഖലയെക്കുറിച്ചും കൂടുതൽ അറിയാം.

നാഷണൽ ഓർഗാനിക് കെമിക്കൽ ഇൻഡസ്ട്രീസ് എന്നറിയപ്പെട്ടിരുന്ന എൻഓസിഐഎൽ (NOCIL) ലിമിറ്റഡ് 1961 മെയ് 11 ന് സ്ഥാപിതമായി. നവി മുംബൈ (മഹാരാഷ്ട്ര), ദഹേജ് (ഗുജറാത്ത്) എന്നിവിടങ്ങളിലാണ് പ്രധാന ഉത്പ്പാദന യൂണിറ്റുകൾ. കെമിക്കൽ മേഖലയിൽ, കൂടുതൽ കൃത്യമായി പറയുകയാണെങ്കിൽ, റബ്ബർ രാസവസ്തുക്കളുടെ ഉത്പ്പാദനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടയർ വ്യവസായത്തിനും റബ്ബർ സംസ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് മേഖലകൾക്കും കെമിക്കലുകൾ നൽകുന്ന വിതരണക്കാരാണ് എൻഓസിഐഎൽ. ഉൽപ്പന്ന നിരയിൽ ഏകദേശം 21 തരം റബ്ബർ രാസവസ്തുക്കൾ ഉൾപ്പെടുന്നു, അവയെ നാലായി തരംതിരിക്കാം. ആക്സിലറേറ്ററുകൾ, ആൻറി ഡിഗ്രാഡൻ്റുകൾ/ആൻ്റി ഓക്സിഡൻറുകൾ, പ്രീ-വൾക്കനൈസേഷൻ ഇൻഹിബിറ്ററുകൾ, പോസ്റ്റ്-വൾക്കനൈസേഷൻ സ്റ്റെബിലൈസറുകൾ എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇവയെല്ലാം വൾക്കനൈസേഷൻ(റബ്ബറുകൾ കാഠിന്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയ) പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്. ഇവ റബ്ബർ ഉൽപ്പന്നങ്ങളുടെ ആയുസ്സ്, ക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്ത സാഹചര്യങ്ങളിൽ ഉത്പന്നങ്ങളുടെ പെർഫോമൻസ് ഉറപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ മെറ്റീരിയൽ പാഴാകുന്നത് കുറയ്ക്കാനും ഈ കെമിക്കൽ ഏജന്റുകൾ ഉപയോഗിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തന വരുമാനം 11% സിഎജിആർ വളർച്ച കാണിക്കുന്നു. അതേസമയം നികുതിക്ക് ശേഷമുള്ള ലാഭം ഇതേ കാലയളവിൽ -3% നെഗറ്റീവ് വളർച്ചയാണ് രേഖപെടുത്തിയത്. റിട്ടേൺ ഓൺ ഇക്വിറ്റി (ROE), റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്‌ഡ് (ROCE) അനുപാതങ്ങൾ 2023 സാമ്പത്തിക വർഷം ഇടിവ് നേരിട്ടു. 2023 സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ 3% (YoY) വാർഷിക വർധനയുണ്ടായി.എന്നാൽ എബിറ്റ്ഡാ വരുമാനം വാർഷികാടിസ്ഥാനത്തിൽ 12% ഇടിഞ്ഞപ്പോൾ അറ്റാദായം 15% നഷ്ടം രേഖപ്പെടുത്തി.സാമ്പത്തിക വർഷം 2024 ൻ്റെ ആദ്യ ഒമ്പത് മാസത്തിലേക്ക് നീങ്ങുമ്പോൾ പ്രതിവർഷം വിൽപ്പനയിൽ 11%, എബിറ്റ്ഡാ 27%, അറ്റാദായം 24% എന്നിങ്ങനെ കുറവ് രേഖപ്പടുത്തി. ഈ കാലയളവിലെ EBITDA മാർജിൻ 13.8% ആയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, ഇൻവെൻ്ററി ക്രമീകരണം, യൂറോപ്യൻ ടയർ നിർമ്മാതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ കാരണം കയറ്റുമതി അളവ് കുറയുന്നത് പോലുള്ള ഘടകങ്ങളാണ് ഈ ഇടിവിന് കാരണം. കൂടാതെ ചൈനയിൽ നിന്നുള്ള ഇറക്കുമതി വെല്ലുവിളികളും ഉയർത്തുന്നുണ്ട്.

ലോകത്തിലെ റബ്ബർ കെമിക്കൽ ഉൽപ്പാദനത്തിൻ്റെ 80% ചൈനയുടേതാണ്. ആഭ്യന്തരമായി 35% ഉപയോഗിച്ചതിന് ശേഷം മിച്ചമുള്ളവ കയറ്റുമതി ആവിശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. മേഖലയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ അമേരിക്ക ഉപരോധങ്ങൾ ഏർപെടുത്തിയിരിക്കുന്നതിനാൽ ഇന്ത്യയാണ് ചൈനയുടെ ഇറക്കുമതി കേന്ദ്രം. അതിനോടപ്പം 2023 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള പാദങ്ങളിലും കയറ്റുമതി ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ കയറ്റുമതി 21% ഇടിവാണ് 2023 സാമ്പത്തിക വർഷം നേരിട്ടത്. യൂറോപ്പിലെ ആഗോള മാന്ദ്യത്തിൻ്റെയും തെക്ക്-കിഴക്കൻ ഏഷ്യയിലെ ലാറ്റക്സ് ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിൻ്റെയും പശ്ചാത്തലത്തിലായിരുന്നു ഈ ഇടിവ്. വർഷത്തിന്റെ ആദ്യ പകുതിയിൽ വില സ്ഥിരമാക്കി നില നിർത്താൻ ശ്രമിച്ചപ്പോൾ വോളിയം കനത്ത ആഘാതം നേരിട്ടു. തുടർന്ന് വിലയിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വന്നു. പ്രഭുദാസ് ലീലാധർ റിപ്പോർട്ടുകൾ അനുസരിച്ചു ആഗോള ടയർ നിർമ്മാതാക്കളായ മിഷേലിൻ (Michelin), ബ്രിഡ്ജ്സ്റ്റോൺ (Bridgestone) എന്നിവർ സമീപക കാലത്തേക്ക് സാമ്പത്തിക മാന്ദ്യം, ഉയർന്ന തൊഴിൽ/ഊർജ്ജ ചെലവ്, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവ 2024 കലണ്ടർ വര്ഷത്തിലേക്കും തുടർന്നേക്കാമെന്നു ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. എൻഓസിഐഎൽ പ്രധാനമായും ഡിമാൻഡ് തേടുന്നത് ടയർ വ്യവസായത്തിൽ നിന്നാണ്. അതിലും റീപ്ലേസ്‌മെൻ്റ് മാർക്കറ്റിൽ നിന്നാണ് ആവിശ്യകതയുടെ ഭൂരിപക്ഷവും രേഖപ്പെടുത്തുന്നത്. 2023 കലണ്ടർ വർഷത്തിന്റെ ആദ്യ 9 മാസങ്ങളിൽ ടയർ ഡിമാൻഡ് വർധിച്ചെങ്കിലും റീപ്ലേസ്‌മെൻ്റ് മാർക്കറ്റിൽ നിന്നുള്ള ഡിമാൻഡ് 1% ഇടിവായിരുന്നു രേഖപെടുത്തിയത്. കൂടാതെ റബ്ബർ വിലയും ദുർബലമായി തുടരുന്നു. റബ്ബർ രാസവസ്തുക്കളുടെ ആവശ്യകതയുടെ മറ്റൊരു സൂചകമായ പ്രകൃതിദത്ത റബ്ബർ വിലയും ദീർഘകാല വിലയേക്കാൾ 15% താഴെയാണ്. ചൈനീസ് കമ്പനികളിൽ നിന്നുള്ള ഉയർന്ന വെല്ലുവിളി ലാറ്റക്സ് വ്യവസായത്തിലും പ്രകടമാണ്. കമ്പനിയുടെ കയറ്റുമതി അളവിൻ്റെ 30% ലാറ്റക്സ് ആയിരുന്നു. എന്നാൽ ഇപ്പോൾ ലാറ്റക്സ് വോള്യങ്ങൾ 12-15% ആയി കുറഞ്ഞു.

ഇത്തരം സമീപകാല വെല്ലുവിളികൾ നിലനിൽക്കുന്നെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയുടെ സ്ഥാനം ശക്തമാണ്. അതിലൊന്ന് ഉയർന്ന കപ്പാസിറ്റിയുള്ള ചുരുക്കം ചില ചൈനീസ് ഇതര റബ്ബർ കെമിക്കൽ നിർമ്മാതാക്കളിൽ ഒന്നാണ് കമ്പനി എന്നുള്ളതാണ്. ചൈന പ്ലസ് 1 സ്ട്രാറ്റജിയിൽ മുൻപോട്ടു കുതിക്കാൻ ഇത് കമ്പനിയെ സഹയിക്കും. റബ്ബർ രാസവസ്തുക്കളുടെ ഏതാണ്ട് പൂർണ്ണമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നത് ഈ മുന്നേറ്റത്തിന് കൂടുതൽ ആക്കം നൽകും. ആഭ്യന്തര ടയർ വ്യവസായത്തിൻ്റെ കാപെക്‌സ്, മതിയായ കപ്പാസിറ്റി ഹെഡ്‌റൂം എന്നിവയുടെ പിന്തുണയോടെ സമീപകാല വെല്ലുവിളികളിൽ നിന്ന് കര കയറാനാവുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ശക്തമായ ആർ&ഡി കഴിവുകൾ പ്രശംസാർഹമാണ്. 2022- 23 ലെ ഇന്ത്യൻ കെമിക്കൽ കൗൺസിലിൻ്റെ ബെസ്റ്റ് ഇൻഡസ്ട്രി അക്കാഡമിയ സഹകരണ അവാർഡ് കമ്പനിക്കു ലഭിച്ചിരുന്നു. തുടർച്ചയായി 6-ാം വർഷവും കമ്പനി കടരഹിതമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും തുടർച്ചയായി രണ്ടാം വർഷവും 30% സ്ഥിരമായ ലാഭവിഹിതം അഥവാ ഡിവിഡന്റ് നൽകുന്നതും പ്രമുഖമാണ്.