image

23 Feb 2024 10:43 AM GMT

Buy/Sell/Hold

അഞ്ചു സെഷനുകളിൽ 24% നേട്ടം, ഇനിയും പ്രതീക്ഷിക്കാം 36% മുന്നേറ്റം; ഈ ഓഹരി പോർട്ട്ഫോളിയോയിൽ ഉണ്ടോ?

Jesny Hanna Philip

അഞ്ചു സെഷനുകളിൽ 24% നേട്ടം, ഇനിയും പ്രതീക്ഷിക്കാം 36% മുന്നേറ്റം; ഈ ഓഹരി പോർട്ട്ഫോളിയോയിൽ ഉണ്ടോ?
X

Summary

  • രണ്ടു വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപ്പിൽ ഹോട്ടൽ ഓഹരികൾ നേടി
  • ഇൻട്രാഡേ വ്യാപാരത്തിൽ 9 ശതമാനം വരെ നേട്ടം


ഇന്നത്തെ വ്യാപാരത്തിൽ ഇന്ത്യൻ ഹോട്ടൽസ്, ഷാലെറ്റ് ഹോട്ടൽസ്, ലെമൺ ട്രീ ഓഹരികൾ 1 മുതൽ 3 ശതമാനം വരെ നേട്ടം നൽകുമ്പോൾ സാംഹി ഹോട്ടൽസ് ഇൻട്രാഡേ വ്യാപാരത്തിൽ 9 ശതമാനം വരെ നേട്ടം സർവകാല ഉയരത്തിലേക്ക് എത്തിച്ചേർന്നു. തുടർന്ന് വ്യാപാരത്തിനിടയിൽ പ്രോഫിറ്റ് ബുക്കിങ്ങിനും ഓഹരികൾ സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ ഏതാനും ചില ആഴ്ചകൾക്കിടയിലായി സാംഹി ഓഹരികൾ 182 - 207 സോണിലായിരുന്നു ട്രേഡിങ്ങ് നടത്തിയിരുന്നത്. ഈ സോണിൽ നിന്നൊരു ബ്രേക്ക്ഔട്ടിന് ഓഹരികൾക്ക് സാധിച്ചുവെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫൈനാൻഷ്യൽസ് ഓഹരികൾക്ക് നൽകുന്ന ടാർഗറ്റ് വില 310 രൂപയാണ്. അതായത് നിലവിലെ ഓഹരിവിലയിൽ നിന്നും 36% ഉയർച്ചയാണ് വിദഗ്ദ്ധർ പ്രതീക്ഷക്കുന്നത്. മൂന്നാം പാദഫലങ്ങൾക്ക് ശേഷം വൻ മുന്നേറ്റം ഓഹരികൾ പ്രകടമാക്കി.

ശക്തമായ സാമ്പത്തിക ഫലങ്ങളാണ് മൂന്നാം പാദത്തിൽ സാംഹി ഹോട്ടൽസ് റിപ്പോർട്ട് ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ വരുമാനം 40%വും അസറ്റ് എബിറ്റ്ഡാ (asset EBITDA) 50 ശതമാനവും നേട്ടം നൽകി. ശരാശരി റൂം നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനം (RevPAR) വാർഷികാടിസ്ഥാനത്തിൽ 28% ഉയരുകയും വരുമാനത്തിന്റെ 43% സംഭാവന ചെയ്യുകയും ചെയ്തു. ഉയർന്ന വരുമാനം ലഭിക്കുന്ന വിദേശ സഞ്ചാരികളുടെ വരവ് അപ്പർ അപ്പ് സ്കെയിൽ സെഗ്മെന്റിലെ ഉയർച്ചയെ നയിച്ചു. അപ്പർ മിഡ്സ്കെയിൽ വിഭാഗം 12% ഉയർച്ചയും മിഡ്സ്കെയിൽ വിഭാഗം 16% ഉയർച്ചയും രേഖപ്പെടുത്തി. ഇരുവിഭാഗങ്ങളും വരുമാനത്തിലേക്ക് യഥാക്രമം 42%,15% എന്നിങ്ങനെ സംഭാവന ചെയ്തു. വ്യോമയാന പാസഞ്ചർ ട്രെൻഡും ഓഫീസ് സ്പേസ് ട്രെൻഡും സൂചിപ്പിക്കുന്നത് ഈ മുന്നേറ്റം തുടരുമെന്നാണ്.

ഹോട്ടൽ മേഖലയിലെ കമ്പനികളിൽ സുപ്രധാനമായ ഘടകം നിലവിൽ നവീകരണത്തിന് കീഴിലുള്ള ഇൻവെന്ററികളും അവയുടെ പ്രഖ്യാപനങ്ങളുമാണ്. നവീകരണത്തിലോ റീബ്രാൻഡിങ്ങിലോ ലോഞ്ച് ചെയ്യാനോ ആവുന്ന നിരവധി പദ്ധതികൾ സാംഹി ഹോട്ടൽസ് 2025 സാമ്പത്തികവർഷത്തിലേക്കു സജ്ജീകരിച്ചിട്ടുണ്ട്. പുനെ ഹയാത്ത് റീജൻസിയിൽ 16 അപ്പാർട്ട്മെന്റുകൾ, ബാംഗ്ലൂർ ഹോളിഡേ ഇൻ എക്സ്പ്രെസ്സിൽ 54 മുറികൾ, കൊൽക്കട്ടയിൽ പുതിയ ഹോളിഡേ ഇൻ എക്സ്പ്രസ് ഹോട്ടൽ, കാസ്പിയ ഗ്രെയ്റ്റർ നോയിഡ ഹോട്ടലിന്റെ റീബ്രാൻഡിങ്‌ എന്നിവ ഉയർന്ന പ്രതീക്ഷകളാണ് നിക്ഷേപകർക്ക് നൽകുന്നത്.

ഹോട്ടൽ ഓഹരികളുടെ കുതിപ്പ് പുതിയ കഥയല്ല. തുടർച്ചയായി ബെഞ്ച്മാർക്ക് സൂചികകളിലും അധിക നേട്ടം നൽകാൻ ഹോട്ടൽ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് മാർക്കറ്റ് ക്യാപിൽ ഹോട്ടൽ ഓഹരികൾ നേടിയത്. ഇന്ത്യൻ ഹോട്ടലുകൾ, ലെമൺ ട്രീ ഹോട്ടൽസ്, ചാലറ്റ് ഹോട്ടൽസ്, ഇഐഎച്ച് ലിമിറ്റഡ് എന്നിവയുടെ ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനിടെ 70-136% വർധിച്ചു. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ഓഹരികൾ 2021 മുതൽ ബെഞ്ച്മാർക്ക് നിഫ്റ്റി50-യെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 2024-ൽ നിഫ്റ്റി50 ഇതുവരെ 2.2% നേട്ടമുണ്ടാക്കിയപ്പോൾ, ഹോട്ടൽ ഓഹരികളുടെ സൂചിക ഏകദേശം 30% ഉയർന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല