image

28 Feb 2024 8:27 AM GMT

Buy/Sell/Hold

റിസ്ക്- റിവാർഡ് അനുകൂലമല്ല, ഐടി ഓഹരിക്ക് 'സെൽ' റേറ്റിംഗ്; ഇൻട്രാഡേയിൽ ഇടിവ്

Jesny Hanna Philip

റിസ്ക്- റിവാർഡ് അനുകൂലമല്ല, ഐടി ഓഹരിക്ക് സെൽ റേറ്റിംഗ്; ഇൻട്രാഡേയിൽ ഇടിവ്
X

Summary

  • മൂന്ന് മാസത്തിനിടെ 35% നേട്ടം നൽകി
  • വാല്യൂവേഷൻ വളർച്ചാനിരക്കിനെ ന്യായീകരിക്കുന്നില്ല


ഉയർന്ന മൂല്യവും വളർച്ചയിലെ മന്ദതയും ഉയർത്തിക്കാട്ടി വിപ്രോ ഓഹരികൾ ഡീഗ്രേഡ് ചെയ്തു കൊട്ടക് സെക്യൂരിറ്റീസ്. ഐടി വ്യവസായവും മറ്റു ഐടി കമ്പനികളെയും താരതമ്യം ചെയ്താണ് അനുമാനങ്ങൾ. വിപണിയിൽ ഐടി ഓഹരികൾ മുന്നേറിയപ്പോൾ മൂന്ന് മാസത്തിനിടെ 35% നേട്ടം കൈവരിക്കാൻ ഓഹരിക്ക് കഴിഞ്ഞു. ഓഹരികൾ ഡീഗ്രേഡ് ചെയ്തുകൊണ്ട് സെൽ' റേറ്റിംഗ് നൽകിയിട്ടുണ്ട്. നിലവിലെ ഓഹരിവിലയിൽ റിസ്ക്- റിവാർഡ് അനുകൂലമല്ല എന്നതാണ് ബ്രോക്കറേജിന്റെ വാദം. ഇന്നത്തെ വ്യാപാരത്തിൽ (1:00 പിഎം) ഓഹരികൾ 2 ശതമാനം ഇടിവോടെ 520 രൂപയിൽ ട്രേഡിംഗ് നടത്തുന്നു. ഓഹരികൾ ഫെബ്രുവരി 19 നു 545.90 എന്ന നേട്ടത്തിൽ എത്തിച്ചേർന്നിരുന്നു.

വരുമാന അനുമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന മൂല്യത്തിലാണ് ഓഹരികൾ നിലനിൽക്കുന്നത്. നിലവിലെ മൂല്യം 2026 സാമ്പത്തികവർഷത്തിലെ വരുമാന എസ്റ്റിമേറ്റ് അനുസരിച്ചു 21x ആണെന്നും ഇൻഫോസിസ്, എച്സിഎൽ ടെക്നോളജീസ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ വെറും 6-9% കിഴിവിൽ (Discount) മാത്രമാണ് ട്രേഡിങ്ങ് നടത്തുന്നതെന്നും കൊട്ടക് സെക്യൂരിറ്റീസ് എടുത്തുപറയുന്നു. "കഴിഞ്ഞ കുറേ വർഷങ്ങളായി ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികളെക്കാൾ താഴ്ന്ന വളർച്ചാനിരക്കാണ് വിപ്രോയ്ക്കുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഓർഗാനിക് കോൺസ്റ്റൻ്റ് കറൻസി (സിസി) അടിസ്ഥാനത്തിൽ ഇൻഫോസിസിനേയും എച്ച്‌സിഎൽ ടെക്കിനെയും അപേക്ഷിച്ച് ശരാശരി ~5% അണ്ടർപെർഫോമെൻസാണ് വരുമാന വളർച്ചയിൽ വിപ്രോ രേഖപെടുത്തിയിട്ടുള്ളത്” കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി വളർച്ചാ കണക്കുകളിൽ പ്രകടമായ അണ്ടർപെർഫോമൻസ് വിപ്രോ നേരിട്ടിട്ടുണ്ട്. ആന്തരികവും ബാഹ്യവുമായ ഒന്നിലധികം വെല്ലുവിളികൾ വിപ്രോക്ക് നേരിടേണ്ടിവന്നു. പ്രധാന മാനേജുമെൻ്റ് ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞു പോക്ക് വർധിച്ചു വരുന്നത് ശുഭസൂചനയല്ല. ഡിസംബറിലെ ശമ്പള പരിഷ്കരണങ്ങളിൽ കാര്യമായ വർദ്ധനവ് കമ്പനി നൽകിയിരുന്നില്ല. ഐടി കമ്പനികളുടെ ചെലവുകളിൽ ഏറ്റവും ഉയർന്നത് ശമ്പള ബില്ലുകളാണ് (സാധാരണയായി 60 ശതമാനത്തിലധികം). ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്കിനൊപ്പം മെഗാഡീൽ പ്രഖ്യാപനങ്ങളും കാര്യമായി ഉയർന്നിരുന്നില്ല. ഡിസംബറിലാവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായം പ്രതിവർഷം 12% ഇടിവും ഏകീകൃത വരുമാനം 4.4% ഇടിവും റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം പാദത്തിൽ കൊഴിഞ്ഞുപോക്ക് 10-പാദത്തിലെ താഴ്ന്ന നിരക്കായ 12.3% ആയി രേഖപ്പെടുത്തി.

വെണ്ടർ കൺസോളിഡേഷൻ (Vendor consolidation) ഇവൻ്റുകളിലെ നഷ്ടം വിപ്രോ പങ്കിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ചു കൊട്ടക് സെക്യൂരിറ്റീസ് 2024-26 സാമ്പത്തിക വർഷത്തിൽ 3.6% ഡോളർ അധിഷ്ഠിത വരുമാന വളർച്ച (CAGR) കണക്കാക്കുകയും ചെയ്യുന്നു. ചിലവുകൾ ചുരുക്കുന്നതിനായി ക്ളയന്റുകൾ കൂടുതലായും വെണ്ടർ കൺസോളിഡേഷൻ അവലംബിക്കുന്നത് ഏതാനും ചില പാദങ്ങളിലായി കണ്ടുവരുന്നുണ്ട്. ഇത്തരം ഡീലുകൾക്കായി ആക്‌സെഞ്ചർ, ക്യാപ്‌ജെമിനി, ഐബിഎം കൺസൾട്ടിംഗ് എന്നിവ ശക്തമായ മത്സരം ഇന്ത്യൻ ഐടി കമ്പനികൾക്ക് നൽകുന്നുണ്ട്.

വിപ്രോയുടെ കഷ്ടതകൾ , ഇതുകൂടാതെ, ഉയർന്ന കൺസൾട്ടിംഗ് എക്സ്പോഷർ ഉള്ള ബിഎഫ്എസ്ഐ (BFSI) മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. മാനുഫാക്റ്ററിങ് സെഗ്‌മെന്റിലും കാര്യമായ വളർച്ച രേഖപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞില്ല. അതെ സമയം മറ്റു ഇന്ത്യൻ ഐടി കമ്പനികൾക്ക് മാനുഫാക്റ്ററിങ് വെർട്ടിക്കലുകളിൽ ഭേദപ്പെട്ട പ്രകടനം നൽകാനും കഴിഞ്ഞിട്ടുണ്ട്. ബിഎഫ്എസ്ഐ ഇതര വെർട്ടികലുകളുടെ വീണ്ടെടുപ്പും അനിശ്ചിതത്വത്തിലാണെന്ന് കൊട്ടക് ഇക്വിറ്റീസ് പറയുന്നു. കൂടാതെ പ്രാദേശിക തലത്തിൽ വിപ്രോയ്ക്കു പ്രതികൂലമായി നിലനില്കുന്നത് യൂറോപ്പാണ്. കാപ്‌കോ ഏറ്റെടുക്കലിലൂടെയും പ്രാദേശിക നേതൃത്വ നിയമനങ്ങളിലൂടെയും മേഖലയിൽ ഉയർന്ന നിക്ഷേപം വിപ്രോ നടത്തിയിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ ദുർബലമായ പ്രകടനമാണ് നൽകിയിട്ടുള്ളത്.

വിവേചനാധികാരമുള്ള ചിലവുകളിലെ (Discretionary spending ) ഉയർച്ച കൊട്ടക് ഇക്വിറ്റീസ് പ്രധാന അളവുകോലായി മുന്നോട്ടേക്ക് വയ്ക്കുന്നു. പ്രാധാന്യമുള്ള ദൈനംദിന പ്രവർത്തനങ്ങൾ അല്ലാതെയുള്ള സേവനങ്ങൾക്കായി ക്ളയന്റുകൾ ചിലവഴിക്കുന്നതാണ് ഐടി മേഖലയിലെ വിവേചനാധികാര ചിലവുകൾ. ഐടി കമ്പനികൾക്ക് നേട്ടം ഇത്തരം ചിലവുകൾ വർധിക്കുമ്പോളാണ്. വിവേചനാധികാരമുള്ള ചിലവുകളിലെ ഏതൊരു വീണ്ടെടുക്കലും റേറ്റുചെയ്ത (ADD/BUY) ടയർ 1 സ്റ്റോക്കുകളിൽ മികച്ച വളർച്ച സാധ്യത നൽകുന്നു എന്ന് കൊട്ടക് ഇക്വിറ്റീസ് പറയുന്നു. അതെ സമയം വിപ്രോയുടെ നിലവിലുള്ള വാല്യൂവേഷൻ ഉയർന്നതായതികൊണ്ടു തന്നെ മാർജിൻ പുരോഗതികൾ കാര്യമായ സുരക്ഷാ നിക്ഷേപകർക്ക് നൽകുന്നില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി നൽകിയ 35% മുന്നേറ്റം കണക്കിലെടുത്തു റിസ്ക് - റിവാർഡ് അനുകൂലമല്ലെന്നു കൊട്ടക് ഇക്വിറ്റീസ് പറയുന്നു. സെൽ' റേറ്റിംഗോടെ ഓഹരിയൊന്നിന് ടാർഗറ്റ് വില 440 രൂപ നൽകിയിട്ടുണ്ട്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല