image

9 Jun 2023 12:30 PM GMT

Market

കാലവര്‍ഷത്തണുപ്പിലും ചൂട് പിടിച്ച് ഏലം വില്‍പ്പന, സീസണിലും താങ്ങ് നഷ്ടപ്പെട്ട് നാളികേരം

Kochi Bureau

commodity market updates
X

Summary

  • പ്രദേശിക വിപണികളില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു


കാത്തിരിപ്പുകള്‍ക്ക് വിരാമിട്ട് സംസ്ഥാനത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളിലും കാലവര്‍ഷം സജീവമായി. വിത്തുകളുടെ നടീല്‍ സമയം പ്രയോജനപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് കാര്‍ഷിക കേരളം. വരണ്ട് ഉണങ്ങിയ കൃഷി ഭൂമിയിലേയ്ക്കുള്ള ജലപ്രവാഹം ഉത്പാദന രംഗത്ത് വീണ്ടും കുതിച്ചു ചാട്ടത്തിന് വഴി തെളിക്കും. മഴ കനത്തതോടെ നാളികേര വിളവെടുപ്പില്‍ നിന്നും കര്‍ഷകര്‍ താല്‍കാലികമായി പിന്‍മാറി. ഇനി തെങ്ങ് കയറ്റം കര്‍ക്കിടകത്തിലെ വീണ്ടും ഉണരൂ. നാളികേര വിളവെടുപ്പ് സീസണ്‍ അവസാനിച്ച ഘട്ടത്തില്‍ തന്നെ കൊപ്ര വിപണിക്ക് 8000 രൂപയിലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ടത് ഉത്പാദകരെ ഞെട്ടിച്ചു. കൊപ്ര 7900 ലേയ്ക്ക് താഴ്ന്നതിനിടയിലും കൊപ്രയാട്ട് മില്ലുകാരില്‍ നിന്നുള്ള ഓര്‍ഡറുകളുടെ അഭാവം മൂലം തമിഴ്നാട് വിപണിയില്‍ 7550 ലേയ്ക്ക് ഇടിഞ്ഞു. കാങ്കയത്ത് വെളിച്ചെണ്ണ കൊച്ചി നിരക്കിനെ അപേക്ഷിച്ച് ക്വിന്റ്റലിന് 1750 രൂപ ഇടിഞ്ഞ് 10,750 ലാണ്.

ഉത്പാദനം ചുരുങ്ങി റബര്‍

മദ്ധ്യകേരളത്തിലെ പല തോട്ടങ്ങളിലും ചെറിയ അളവില്‍ റബര്‍ ടാപ്പിംഗിന് ഉത്പാദകര്‍ രംഗത്ത് ഇറങ്ങി. വെട്ട് തുടങ്ങിയ ഒട്ടുമിക്ക തോട്ടങ്ങളിലും പാല്‍ ലഭ്യത കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞത് അവരെ നിരാശരാക്കി. പത്ത് ഷീറ്റിനുള്ള പാല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഉത്പാദനം പകുതിയായി ചുരുങ്ങിയെന്നാണ് വെട്ടുകാരുടെ പക്ഷം. സ്വന്തമായി റബര്‍ വെട്ടുന്ന കര്‍ഷകര്‍ക്ക് ഇത് കാര്യമായ പ്രതിസന്ധി ഉളവാക്കില്ലെങ്കിലും വെട്ട് കൂലി നല്‍കിയുള്ള ടാപ്പിങ് ആദായകരമാവില്ലെന്നാണ് നിലവിലെ സ്ഥിതി. മഴ ശക്തമാക്കുന്നതിനൊപ്പം അന്തരീക്ഷ താപനില വീണ്ടും കുറയുന്നതോടെ മരങ്ങള്‍ കൂടുതല്‍ പാല്‍ ചുരുത്തുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. ഇതിനിടയില്‍ വ്യവസായികള്‍ ഒട്ടുപാല്‍ 8900 രൂപയ്ക്കും ലാറ്റക്സ് 11,400 രൂപയ്ക്കും ശേഖരിച്ചു. അതേ സമയം ഷീറ്റ്ക്ഷാമം തുടരുകയാണെങ്കിലും ടയര്‍ കബനികള്‍ നാലാം ഗ്രേഡിന് 15,500 ലേയ്ക്ക് ഇടിച്ചു.

ചൂട് പിടിച്ച് ഏലം വില്‍പ്പന

ഏലം വില വീണ്ടും ചൂടുപിടിച്ചു. ലേല കേന്ദ്രത്തില്‍ ചരക്ക് സംഭരിക്കാന്‍ വാങ്ങലുകാര്‍ കാണിച്ച ഉത്സാഹത്തില്‍ മികച്ചയിനങ്ങളുടെ വില കിലോ 1947 രൂപയായി കയറി. വില്‍പ്പനയ്ക്ക് എത്തിയ 49,955 കിലോഗ്രാം ചരക്കില്‍ 49,335 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ 1130 രൂപയില്‍ ലേലം കൊണ്ടു. പ്രദേശിക വിപണികളില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു, ബക്രീദ് ഡിമാന്റ് മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണത്തിന് വ്യാപാരികള്‍ താല്‍പര്യം കാണിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കയറ്റുമതി മേഖലയില്‍ നിന്നും ഏലത്തിന് ആവശ്യകാരുണ്ട്.