image

6 Jun 2023 12:15 PM GMT

Commodity

മഴ മേഘങ്ങളെ കാത്ത് കാര്‍ഷിക മേഖല; ബക്രീദ് മുന്നില്‍ കണ്ട് ഏലം

Kochi Bureau

commodity market price updation
X

Summary

  • തുലാവര്‍ഷം എത്തുന്നതോടെ തിരികളില്‍ കുരുമുളക് മണികള്‍ കുടുതല്‍ കരുത്തറ്റതായി മാറും


കാലവര്‍ഷം അറബിക്കടലില്‍ പാത്തും പതുങ്ങിയും കളിച്ച് കാര്‍ഷിക കേരളത്തിന്റെ ക്ഷമയെ പരീക്ഷിച്ച് തുടങ്ങി. വിത്ത് ഇറക്കാന്‍ മികച്ച അവസരത്തിനായി കാത്തിരിക്കുന്നവര്‍ മഴയുടെ വരവിനെ ഉറ്റ് നോക്കുകയാണ്. ഓണത്തിന് വിളവെടുക്കാനുള്ള പല ഉത്പന്നങ്ങളും നടീല്‍ സമയാണ് മുന്നിലുള്ളത്. വരള്‍ച്ചയില്‍ നട്ടം തിരിയുന്ന വാഴത്തോട്ടങ്ങളും മഴ മേഘങ്ങളുടെ വരവിനായി കാത്ത് നില്‍ക്കുന്നു. റബര്‍ മേഖലയും തണുത്ത കാലാവസ്ഥയെ ഉറ്റ് നോക്കുന്നു.

ഇടവപ്പാതിയുടെ വരവില്‍ കുരുമുളക് തോട്ടങ്ങളില്‍ തിരികള്‍ ഇട്ട് തുടങ്ങും. തുലാവര്‍ഷം എത്തുന്നതോടെ തിരികളില്‍ കുരുമുളക് മണികള്‍ കുടുതല്‍ കരുത്തറ്റതായി മാറും. അതേ സമയം കാലവര്‍ഷം രണ്ടാം പകുതിയില്‍ എല്‍ ലിനോ പ്രതിഭാസം മൂലം ദുര്‍ബമാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്താല്‍ തുലാവര്‍ഷത്തിന്റെ വരവിലും കാലതാമസത്തിന് ഇടയുണ്ട്.

ടയര്‍ വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തി നിര്‍മ്മാതക്കള്‍

ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് വില ഇടിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വിപണി വൃത്തങ്ങള്‍. മഴയുടെ വരവില്‍ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗിന് ഇറങ്ങുന്നതോടെ ഷീറ്റ് ലഭ്യതയ്ക്ക് ഒപ്പം ലാറ്റക്സ് വരവും ഉയരുമെന്ന നിലപാടിലാണ് വ്യവസായികള്‍. വന്‍കിട തോട്ടങ്ങളിലെ നിര്‍ജ്ജീവാസ്ഥ കണക്കിലെടുത്താല്‍ ജൂലൈയില്‍ മാത്രം വെട്ട് പുനരാരംഭിക്കാന്‍ സാധ്യതയെന്നാണ് പ്ലാന്റര്‍മാരില്‍ നിന്നുള്ള വിവരം. രാജ്യാന്തര റബര്‍ അവധി വിലകളിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇടപാടുകളുടെ ആദ്യ പകുതിയില്‍ വില ഇടിവിനെ അഭിമുഖീകരിച്ച റബര്‍ രണ്ടാം പകുതിയില്‍ കരുത്ത് തിരിച്ചു പിടിക്കുന്ന പ്രവണതയാണ് കാഴ്ച്ചവെച്ചത്. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 155 രൂപയിലും കോട്ടയത്ത് 156 രൂപയിലും വിപണനം നടന്നു.

ബക്രീദ് മുന്നില്‍ കണ്ട് ഏലം

തേക്കടിയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്ക് ഏതാണ്ട് പുര്‍ണതോതില്‍ വിറ്റഴിച്ചു. ബക്രീദ് മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണത്തിന് ഇടപാടുകാര്‍ കാണിച്ച ഉത്സാഹത്തില്‍ 44,562 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 43,255 കിലോയും ഇടപാടുകാര്‍ വാരികൂട്ടി. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തില്‍ സജീവമായതോടെ മികച്ചയിനങ്ങളുടെ വില കിലോ 1607 രൂപയായും ശരാശരി ഇനങ്ങള്‍ കിലോ 1094 രൂപയായും ഉയര്‍ന്നു.

ഭക്ഷ്യയെണ്ണ വില പാക്കറ്റ് നിര്‍മ്മാതാക്കള്‍ ലിറ്ററിന് പന്ത്രണ്ട് രൂപ വരെ കുറക്കണമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രായത്തില്‍ നിന്നുള്ള ഉത്തരവ് ഇറക്കുമതി എണ്ണ വിലകളില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചെങ്കിലും പിന്നിട്ട രണ്ട് ദിവസമായി കേരളത്തിലും തമിഴ്നാട്ടിലും വെളിച്ചെണ്ണ വില സ്ഥിരതയിലാണ്.