image

23 Jan 2023 1:27 PM GMT

Commodity

ഏലത്തിന്റെ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ മത്സരം, പച്ച തേങ്ങയുടെ പുതുക്കിയ സംഭരണ വില പ്രഖ്യാപനത്തെ ഉറ്റ് നോക്കി നാളികേര കര്‍ഷകര്‍

Kochi Bureau

cardamom coconut auction centres price01
X

Summary

  • റംസാനിനുള്ള ചരക്ക് സംഭരണത്തിന് അറബ് രാജ്യങ്ങള്‍ അടുത്തവാരം തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ഏലം കയറ്റുമതിക്കാര്‍
  • കൊപ്രയുടെ വിപണി വില ഒരു മാസമായി 8600 രൂപയില്‍ സ്റ്റെഡിയാണ്.



കൊച്ചി: ഏലം വിളവെടുപ്പ് പൂര്‍ത്തിയായതോടെ ലേല കേന്ദ്രങ്ങളില്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ഇടപാടുകാര്‍ മത്സരം ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള ആറ് മാസ കാലയളവില്‍ പുതിയ ചരക്കിന്റെ ലഭ്യത കുറയുമെന്ന തിരിച്ചറിവ് ആഭ്യന്തര വിദേശ വാങ്ങലുകാരെ ലേല കേന്ദ്രങ്ങളിലേയ്ക്ക് കൂടുതലായി ആകര്‍ഷിക്കും.

മാര്‍ച്ചില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭത്തിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണത്തിന് അറബ് രാജ്യങ്ങള്‍ അടുത്തവാരം തുടക്കം കുറിക്കുമെന്നകണക്ക് കൂട്ടലിലാണ് കയറ്റുമതിക്കാര്‍. ഹൈറേഞ്ചിലെ ഏലം ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം ചുരുങ്ങുന്നതിന് മുന്നേകൂടുതല്‍ ഏലക്ക ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉത്തരേന്ത്യന്‍ ഇടപാടുകാരും. ഡിസംബര്‍ അവസാനം കിലോ 726 രൂപയിലേയ്ക്ക് ഇടിഞ്ഞ ശരാശരി ഇനം ഏലക്ക വില ഇന്ന് വണ്ടന്‍മേട്ടില്‍ നടന്നലേലത്തില്‍ കിലോ 1160 രൂപയായി ഉയര്‍ന്നു. നിരക്ക് കൂടുതല്‍ ആകര്‍ഷകമായി മാറുമെന്ന പ്രതീക്ഷയിലാണ് ഉല്‍പാദന മേഖല. മികച്ചയിനങ്ങളുടെ വിലകിലോ 1905രൂപയായിവര്‍ദ്ധിച്ചു. മൊത്തം 98,649 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു.

പച്ച തേങ്ങയുടെ പുതുക്കിയ സംഭരണ വില പ്രഖ്യാപനത്തെ ഉറ്റ് നോക്കുകയാണ് 35 ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍. കഴിഞ്ഞ സീസണില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയുടെ കൊപ്രസംഭരണം പരാജയമായിരുന്നെങ്കിലും താങ്ങ് വിലയ്ക്കുള്ള പച്ച തേങ്ങസംഭരണം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. കേന്ദ്രം ഡിസംബര്‍ അവസാനം കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തി നിശ്ചയിച്ച സാഹചര്യത്തില്‍ കേരളം പച്ച തേങ്ങ ശേഖരിക്കുന്ന കാര്യത്തില്‍ അനുകുല നിലപാട് സ്വീകരിക്കുമെന്ന നിഗമനത്തിലാണ് ഉല്‍പാദകര്‍. കൊപ്രയുടെ വിപണി വില ഒരു മാസമായി 8600 രൂപയില്‍ സ്റ്റെഡിയാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 13,300 രൂപയിലും കോഴിക്കോട് 14,800 രൂപയിലുമാണ്.



റബര്‍ വിലയില്‍ കാര്യമായവ്യതിയാനമില്ല, പകല്‍ താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ടാപ്പിങ് സീസണ്‍ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുന്നു. മുന്നിലുള്ള ആഴ്ച്ചകളില്‍ ടയര്‍ വ്യവസായികള്‍ ഷീറ്റ് വില ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍, നാലാം ഗ്രേഡ് റബര്‍ വില കിലോ 141 രൂപയില്‍ വിപണനം നടന്നു. ഇതിനിടയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ചൈനീസ് വ്യവസായികള്‍ അടുത്ത ദിവസം രാജ്യാന്തര റബര്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്നതോടെ ആഗോള റബര്‍ വിലയില്‍ മുന്നേറ്റ സാധ്യത. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായറബര്‍ ഇന്ന് 145 രൂപയില്‍ വിപണനം നടന്നു.