image

30 May 2023 12:30 PM GMT

Commodity

വില തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നാളികേര കര്‍ഷകര്‍, പിടിമുറുക്കി ടയര്‍ ലോബി

Swarnima Cherth Mangatt

വില തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നാളികേര കര്‍ഷകര്‍, പിടിമുറുക്കി ടയര്‍ ലോബി
X

Summary

വില്‍പ്പന വിടാതെ ഏലം


സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ വില തകര്‍ച്ചയുടെ നെല്ലിപടിയിലെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപം കാര്‍ഷിക മേഖലയില്‍ നിന്നും ഉയരുന്നു. 32 ലക്ഷം വരുന്ന നാളികേര കര്‍ഷകരെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ടും ഇത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ക്ക് ചെറുവിരല്‍ പോലും അനക്കാന്‍ സംസ്ഥാന കൃഷിവകുപ്പും തയ്യാറായില്ല. കൊച്ചിയില്‍ കൊപ്ര വില 8000 ലേയ്ക്ക് ഇടിഞ്ഞു. താങ്ങ് വിലയെ അപേക്ഷിച്ച് ഏകദേശം 2860 രൂപ നഷ്ടത്തിലാണ് ഉത്പാദകര്‍ കൊപ്ര വിറ്റുമാറുന്നത്. കാര്‍ഷിക ചെലവുകളുടെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രാലയം ഓരോ ഉത്പന്നങ്ങള്‍ക്കും താങ്ങ് വില നിശ്ചയിക്കുന്നത്. നടപ്പ് വര്‍ഷം കൊപ്രയ്ക്ക് 10,860 രൂപ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സംഭരണ ഏജന്‍സികള്‍ വഴി കൊപ്ര ശേഖരിക്കാന്‍ തയ്യാറായിരുന്നങ്കില്‍ ഉത്ല്പാദന മേഖല ഇത്ര കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടില്ലായിരുന്നു. വിളവെടുപ്പ് വ്യാപകമായതോടെ തമിഴ്നാട്ടില്‍ പച്ചതേങ്ങയുടെ ലഭ്യത പതിവിലും ഇരട്ടിച്ചു. കാങ്കയം വിപണികളില്‍ കിലോ 77 രൂപയിലേയ്ക്ക് കൊപ്ര വില ഇടിഞ്ഞപ്പോള്‍ പൊള്ളാച്ചിയില്‍ ഇന്ന് 76 രൂപയിലാണ് കൈമാറ്റം നടന്നത്. പച്ചതേങ്ങ വില കിലോ 22.50 ലേയ്ക്കും താഴ്ന്നു. മാസാരംഭമായതിനാല്‍ വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം ഉയരുമെന്ന മില്ലുകാരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

വില്‍പ്പന വിടാതെ ഏലം

കാലാവസ്ഥയില്‍ കാര്യമായ മാറ്റം അടുത്ത ഒരാഴ്ച്ചയില്‍ സംഭവിക്കുമെന്ന നിലപാടില്‍ കൈവശമുള്ള ഏലക്ക വിറ്റഴിക്കാന്‍ ഇടപാടുകാര്‍ ഉത്സാഹിക്കുന്നു. രണ്ട് ലേലങ്ങളിലായി മൊത്തം 95,000 കിലോ ചരക്ക് ഇന്നലെ വില്‍പ്പനയ്ക്ക് എത്തിയതില്‍ നിന്നും വ്യക്തമാണ് സ്റ്റോക്ക് വിറ്റുമാറാന്‍ മദ്ധ്യവര്‍ത്തികളും മത്സരിക്കുന്നുതായി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ടായിട്ടും മികച്ചയിനങ്ങളുടെ വില കിലോ 1377 ലേയ്ക്കും ശരാശരി ഇനങ്ങള്‍ 927 ലേയ്ക്കും ഇടിഞ്ഞു.

വില ഉയര്‍ത്തി ടയര്‍ ലോബി

ഇറക്കുമതി ഭീഷണികള്‍ക്ക് മുന്നില്‍ കാര്‍ഷിക മേഖല പതറില്ലെന്ന് വ്യക്തമായതോടെ ടയര്‍ ലോബി ഷീറ്റ് വില ഉയര്‍ത്തി. നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 160 രൂപയിലേയ്ക്ക് കയറിയെങ്കിലും കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കാരുടെ അഭാവം വ്യവസായികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഉയര്‍ന്ന പകല്‍ താപനില തുടരുന്നതിനാല്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിപണിയിലെ വില ഇടിവ് മൂലം വള പ്രയോഗങ്ങള്‍ക്കും റെയിന്‍ഘാര്‍ഡ് ഇടുന്നതില്‍ നിന്നും വന്‍കിടചെറുകിട കര്‍ഷകര്‍ പിന്‍മാറിയത് കണക്കിലെടുത്താല്‍ ജൂണ്‍ രണ്ടാം പകുതിയിലും ഷീറ്റ് ക്ഷാമം നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍ക്കുന്നത്. ടയര്‍ നിര്‍മ്മാതാക്കളുടെ ഗോഡൗണുകളില്‍ റബര്‍ ഷീറ്റ് കരുതല്‍ ശേഖരം കുറയുന്നതിനാല്‍ അവര്‍ നിരക്ക് കൂടുതല്‍ ഉയര്‍ത്തുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം.