image

3 Feb 2023 2:51 PM GMT

Commodity

കാപ്പി വിളവെടുപ്പ് ഊര്‍ജിതം, കുരുമുളകിന് താഴ്ന്ന വില, ഏലത്തിന് ഉത്തരേന്ത്യയില്‍ നിന്നും ആവശ്യക്കാര്‍

Kochi Bureau

കാപ്പി വിളവെടുപ്പ് ഊര്‍ജിതം, കുരുമുളകിന് താഴ്ന്ന വില, ഏലത്തിന് ഉത്തരേന്ത്യയില്‍ നിന്നും ആവശ്യക്കാര്‍
X

Summary

  • കാപ്പി വിളവെടുപ്പ് ഊര്‍ജിതം; വിലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം
  • സീസണായതിനാല്‍ കുരുമുളകിന് താഴ്ന്ന വില
  • ഏലത്തിന് ഉത്തരേന്ത്യയില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നു
  • പവന് ഇന്ന് 400 രൂപ ഇടിഞ്ഞ് 42,480 രൂപയായി



കാപ്പി വിളവെടുപ്പ് ഊര്‍ജിതം; വിലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം

കേരളത്തിലും കര്‍ണാടകത്തിലും കാപ്പി വിളവെടുപ്പ് ഊര്‍ജിതമായി. വയനാട്ടിലെ ഒട്ടു മിക്ക തോട്ടങ്ങളിലും കാപ്പി കുരു ഉണക്കി സംസ്‌കരിക്കുന്ന പ്രവര്‍ത്തനത്തിലാണ. ഒരു വിഭാഗം കര്‍ഷകര്‍. കഴിഞ്ഞ സീസണില്‍ കിലോ 200 രൂപയ്ക്ക് മുകളില്‍ വില ഉറപ്പ് വരുത്താനായ കാപ്പികുരു നിലവില്‍ 170 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എല്ലാ മേഖലയിലും വിളവെടുപ്പ് പുര്‍ത്തിയാവുന്നതോടെ വിലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം. കൂര്‍ഗ്ഗിലും ചിക്കമംഗലൂരിലും ഹസനിലും വിളവെടുപ്പ് പുരോഗമിക്കുന്നു. ഇന്ത്യന്‍ കാപ്പിക്ക് വിദേശ ഡിമാന്റ്റ് ശക്തമാണ്, യുദ്ധ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയിലും റഷ്യയും ഉക്രൈയ്‌നും നമ്മുടെ കാപ്പി ഉയര്‍ന്ന അളവില്‍ ഇറക്കുമതി നടത്തി.

സീസണായതിനാല്‍ കുരുമുളകിന് താഴ്ന്ന വില

ദക്ഷിണേന്ത്യയില്‍ കുരുമുളക് സീസണായതിനാല്‍ താഴ്ന്ന വിലയ്ക്ക് ചരക്ക് സംഭരിക്കാമെന്ന കണക്ക് കൂട്ടലില്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ വിപണിയില്‍ നിന്നും അകന്നതോടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ മുളക് വിലതാഴ്ന്നു. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള കുരുമുളക് നീക്കം മുന്‍ വര്‍ഷം ഇതേ കാലളവിനെ അപേക്ഷിച്ച് കുറവാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പാദനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. കയറ്റുമതിമേഖലയില്‍ നിന്നും കുരുമുളകിന് ആവശ്യകാര്‍ കുറവാണ്, ടണ്ണിന് 6600 ഡോളറാണ് രാജ്യാന്തര വിപണിയില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത്.

സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് അനുകൂല നിര്‍ദേശങ്ങള്‍ പുറത്തുവരാഞ്ഞത് സുഗവ്യഞ്ജന, നാളികേര മേഖലയെ നിരാശപ്പെടുത്തി. വിലതകര്‍ച്ചയില്‍ നട്ടം തിരിയുന്ന ഉല്‍പാദകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ ഒന്നും പ്ര്യാഖ്യാപിക്കാഞ്ഞത് മേഖലയിലെ പ്രതിസന്ധി കുടുതല്‍ രൂക്ഷമാക്കാം.



ഏലത്തിന് ഉത്തരേന്ത്യയില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളില്‍ നിന്നും ഏലത്തിന് കൂടുതല്‍ അന്വേഷണങ്ങളെത്തി. ഉല്‍പ്പന്നവില താഴ്ന്ന റേഞ്ചില്‍ നിന്നും മുന്നേറിയ വിവരമാണ ് ആഭ്യന്തര മാര്‍ക്കറ്റില്‍ ഏലക്ക ശേഖരിക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുന്നുത്. വിളവെടുപ്പ് അവസാനിച്ചതിനാല്‍ വില ഉയരുമെന്ന നിഗനമത്തിലാണ് സ്റ്റോക്കിസ്റ്റുകള്‍, എന്നാല്‍ ഉയര്‍ന്ന അളവില്‍ ചരക്ക് ലേലത്തിന് ഇറങ്ങുന്നത് അശങ്ക ഉളവാക്കി. മൊത്തം 63,606 കിലോഗ്രാം ഏലക്ക ലേലത്തിന് എത്തിയതില്‍ 60,257 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1162 രൂപയിലും മികച്ചയിനങ്ങള്‍ 1846 രൂപയിലുമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി കയറ്റുമതി സമൂഹവും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചു.

പവന് ഇന്ന് 400 രൂപ ഇടിഞ്ഞ് 42,480 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളില്‍ ഇന്നലെ സര്‍വകാല റിക്കോര്‍ഡ് നിലവാരമായ 42,880 വരെ കയറിയ പവന് ഇന്ന് 400 രൂപ ഇടിഞ്ഞ് 42,480 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5310 രൂപയില്‍ കൈമാറി. യുഎസ് തൊഴില്‍ മേഖലയില്‍ നിന്നും അനുകൂല വാര്‍ത്തകള്‍ പുറത്തുവരുമെന്ന വിലയിരുത്തലുകളും ഉയര്‍ന്നതലത്തില്‍ ലാഭമെടുപ്പിന് ഫണ്ടുകളും നിക്ഷേപകരും സ്വര്‍ണത്തില്‍ കാണിച്ച ഉത്സാഹവും രാജ്യാന്തര സ്വര്‍ണവില ട്രോയ്ഔണ്‍സിന് 1960 ഡോളറില്‍ നിന്നും 1910 ഡോളറിലേയ്ക്ക് ഇടിച്ചു.