image

5 Jun 2023 12:00 PM GMT

Commodity

ഉതിര്‍ന്ന് വീണ് കുരുമളക്, ഭക്ഷ്യ എണ്ണ വില കുറഞ്ഞേക്കുമെന്ന ഭയത്തില്‍ നാളികേര വിപണി

Kochi Bureau

Price of coconut, pepper soar; farmers in distress as production declines
X

Summary

  • കൊച്ചി കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള വാങ്ങലുകാര്‍ മാര്‍ക്കറ്റ് നിരക്കിലും കൂടിയ വിലയ്ക്ക് മുളക് ശേഖരിക്കാന്‍ ഇറങ്ങിയത് വിപണി വൃത്തങ്ങളില്‍ ആശങ്ക പരത്തി
  • വിലയിടിച്ച് ടയര്‍ വ്യവസായികള്‍


കുരുമുളകിന് പിന്നിട്ടവാരം ക്വിന്റ്റലിന് 400 രൂപയുടെ തിരിച്ചടി നേരിട്ടത് മൂലം കാര്‍ഷിക മേഖല ഇന്ന് വില്‍പ്പനതോത് കുറച്ചു. കഴിഞ്ഞ അഞ്ച് ആഴ്ച്ചകളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന ശേഷമുള്ള സാങ്കേതിക തിരുത്തലായാണ് നിലവിലെ തളര്‍ച്ചയെ വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം അന്തര്‍സംസ്ഥാന വാങ്ങലാകാരില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതും ഒരു വിഭാഗം വ്യവസായികള്‍ വിദേശ മുളക് വില്‍പ്പനയ്ക്ക് എത്തിച്ചതും വിപണിയുടെ കരുത്ത് ചോര്‍ത്തി. ഏകദേശം 230 ടണ്‍ മുളകാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വന്നത്. ഇതിനിടയില്‍ വാണിജ്യ ഉടമ്പടിയുടെ ഭാഗമായി ശ്രീലങ്കയില്‍ നിന്നും നികുതി രഹിതമായി 2500 ടണ്‍ മുളക് കയറ്റുമതിക്ക് സജ്ജമായെന്ന വാര്‍ത്തകള്‍ വിലക്കയറ്റത്തിന് തടസമായി. കൊച്ചി കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള വാങ്ങലുകാര്‍ മാര്‍ക്കറ്റ് നിരക്കിലും കൂടിയ വിലയ്ക്ക് മുളക് ശേഖരിക്കാന്‍ ഇറങ്ങിയത് വിപണി വൃത്തങ്ങളില്‍ ആശങ്ക പരത്തി. ചരക്ക് കൈമാറി ഒരാഴ്ച്ചയ്ക്ക് ശേഷം പണം നല്‍കാമെന്ന നിലപാടിലാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ കുരുമുളക് ശേഖരിച്ച ചിലര്‍ പണം നല്‍കാതെ അപ്രത്യക്ഷമായ ചരിത്രവുമുണ്ട്. കൊച്ചി അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോയ്ക്ക് 488 രൂപയാണ് വില.

ഭക്ഷ്യ എണ്ണ വില കുറഞ്ഞേക്കും

പാചക എണ്ണകളുടെ വില കുറയ്ക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം നാളികേര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാവും. ഭക്ഷ്യ എണ്ണകളുടെ വില കിലോ എട്ടു മുതല്‍ 12 രൂപ വരെ വില അടിയന്തിരമായി കുറക്കമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രായം ഉത്തരവിട്ടിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ പാചകയെണ്ണകളുടെ വില ആറ് മാസത്തിനിടയില്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കാള്‍ക്ക് അനുകൂലമായ പ്രഖ്യാപനം കേന്ദ്രം നടത്തിയത്.

പാം ഓയില്‍, സൂര്യകാന്തി എണ്ണ വിലകള്‍ ഗണ്യമായി കുറഞ്ഞങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില പഴയ നിലവാരത്തില്‍ നീങ്ങുകയാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ, കൊപ്ര വിലകളില്‍ ഇന്ന് മാറ്റം അനുഭവപ്പെട്ടില്ലെങ്കിലും പാക്കറ്റ് നിര്‍മ്മാതാക്കള്‍ നിരക്ക് കുറക്കണമെന്ന നിര്‍ദ്ദേശം ഉത്പാദകരില്‍ ആശങ്ക പരത്തുന്നു.

ഏലം ലേലത്തില്‍ ഉത്സാഹം

നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തില്‍ അരലക്ഷം കിലോയ്ക്ക് മുകളില്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തി. ഉയര്‍ന്ന തോതിലുള്ള ചരക്ക് വരവിനിടയിലും ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങളുടെ വില കിലോ 1474 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1058 രൂപയിലും കൈമാറ്റം നടന്നു. മൊത്തം 53,421 കിലോഗ്രാം ഏലക്കയുടെ ഇടപാടുകള്‍ നടന്നു.

വിലയിടിച്ച് ടയര്‍ വ്യവസായികള്‍

ടയര്‍ വ്യവസായികള്‍ റബര്‍ വില വീണ്ടും ഇടിച്ചു. കൊച്ചി, കോട്ടയം വിപണികളില്‍ ചരക്ക് ക്ഷാമം രൂക്ഷമായതിനിടയില്‍ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ ഒരു രൂപ കുറച്ച് 155 ന് വാങ്ങാല്‍ താല്‍പര്യം കാണിച്ചെങ്കിലും വില്‍പ്പനക്കാരുടെ അഭാവം തിരിച്ചടിയായി. അതേ സമയം ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ ലാറ്റക്സ് വില കിലോ രണ്ട് രൂപ ഉയര്‍ത്തി 113 ന് ശേഖരിച്ചു.