image

8 Jun 2023 1:00 PM GMT

Commodity

റബര്‍ ഉത്പാദനത്തില്‍ പ്രതീക്ഷ; എണ്ണവില കുറയ്ക്കാതെ കമ്പനികള്‍

Kochi Bureau

റബര്‍ ഉത്പാദനത്തില്‍ പ്രതീക്ഷ; എണ്ണവില കുറയ്ക്കാതെ കമ്പനികള്‍
X

Summary

  • ചുക്ക് വിപണിയില്‍ ആവശ്യക്കാരേറെ


രാജ്യാന്തര റബര്‍ മാര്‍ക്കറ്റില്‍ ഉണര്‍വിന്റെ സൂചനകള്‍ കണ്ട് തുടങ്ങിയതോടെ ആഭ്യന്തര മാര്‍ക്കറ്റില്‍ പുതിയ കച്ചവടങ്ങള്‍ക്ക് ഇന്ത്യന്‍ ടയര്‍ വ്യവസായികള്‍ തിടുക്കം കാണിക്കുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ രാജ്യത്ത് കാലവര്‍ഷത്തിന് തുടക്കം കുറിച്ചത് ഉത്പാദന മേഖലയ്ക്ക് അനുകൂലമാണ്. പിന്നിട്ട പത്ത് ദിവസത്തിനിടയില്‍ റബര്‍ വിലയില്‍ ഇടിവുണ്ടായിട്ടും ഉത്പാദന മേഖലകളില്‍ നിന്നും വില്‍പ്പനക്കാര്‍ എത്താഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ട്. ഉയര്‍ന്ന അളവില്‍ ഷീറ്റ് പിടിച്ച് കൃത്രിമ ക്ഷാമത്തിന് ശ്രമം നടത്തുകയാണെന്ന്വ്യവസായികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വില ഇടിഞ്ഞിട്ടും ലഭ്യത ഉയരാഞ്ഞത് ഉത്തരേന്ത്യന്‍ വാങ്ങലുകാരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു.

ടയര്‍ നിര്‍മ്മാതാക്കള്‍ മികച്ചയിനം ഷീറ്റിന് കിലോ 156-157 രൂപ വാഗ്ദാനം ചെയ്തെങ്കിലും കാര്യമായി റബര്‍ കണ്ടെത്താനായില്ല. ഇതിനിടയില്‍ ജപ്പാന്‍, സിംഗപ്പൂര്‍, ചൈനീസ് റബര്‍ അവധി വ്യാപാരത്തിലെ ചാഞ്ചാട്ടം വന്‍ കുതിപ്പിനുള്ള തയ്യാറെടുപ്പായി ഒരു വിഭാഗം കണക്ക് കൂട്ടുന്നു.

എണ്ണവില കുറയ്ക്കാതെ കമ്പനികള്‍

പാചകയെണ്ണ വിലകളില്‍ അടിയന്തിരമായി കുറവ് വരുത്താന്‍ ഭക്ഷ്യമന്ത്രാലയം ഉത്തരവിറക്കിയെങ്കിലും ബഹുരാഷ്ട്ര കമ്പനികള്‍ പലതും ഇതിന് തയ്യാറായിട്ടില്ലന്നാണ് വിപണി വൃത്തങ്ങളില്‍ നിന്നം ലഭ്യമാകുന്ന വിവരം. സ്റ്റോക്ക് ഉയര്‍ന്ന വിലയ്ക്ക് തന്നെ വിറ്റഴിച്ച് നഷ്ട സാധ്യത കുറക്കാനുള്ള നീക്കത്തിലാണവര്‍. വെളിച്ചെണ്ണ വില ലിറ്ററിന് 160 രൂപയ്ക്ക് മുകളിലാണ്. വില പെടുന്നനെ വില കുറക്കേണ്ടിവരുന്നത് മുന്‍ നിര്‍ത്തി വന്‍കിട വ്യവസായികള്‍ താല്‍ക്കാലികമായി കൊപ്ര സംഭരണം നിയരന്തിച്ചു. എണ്ണ കുരുക്കളുടെ വിലയില്‍ കാര്യമായ വ്യതിയാനം ഇനിയും സംഭവിച്ചിട്ടില്ല, ആ നിലയ്ക്ക് ചരക്ക് ശേഖരിച്ച ശേഷം താഴ്ന്ന വിലയ്ക്ക് എണ്ണ വിറ്റഴിക്കുക പ്രയോഗികമല്ല. കാങ്കയത്ത് കൊപ്ര 7600 രൂപയിലും കൊച്ചിയില്‍ 7900 രൂപയിലുമാണ്. സൂര്യകാന്തി, പാം ഓയില്‍ വിലകള്‍ പുതിയ നിരക്കിലേയ്ക്ക് താഴുന്നതോടെ വെളിച്ചെണ്ണ വിലയിലും മാറ്റത്തിന് സാധ്യത.

ചുക്ക് വിപണിയില്‍ ആവശ്യക്കാരേറെ

ചുക്കിന് കയറ്റുമതി വിപണിയില്‍ ആവശ്യകാരുണ്ടെങ്കിലും വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചില്ല. അതേ സമയം വിലക്കയറ്റം മുന്നില്‍ കണ്ട് കാര്‍ഷിക മേഖല വന്‍തോതില്‍ ചുക്ക് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മഴയുടെ വരവ് സ്റ്റോക്കുള്ള ചുക്കിന് കുത്ത് വീഴാന്‍ ഇടയാക്കുമോയെന്ന ഭീതിയും തല ഉയര്‍ത്തുന്നു. അന്തരീക്ഷ താപനില കുറയുന്നത് ചുക്കിന്റെ ഗുണിലവാരത്തെ ചെറിയ അളവില്‍ ബാധിക്കുമെന്നതിനാല്‍ പരമാവധി നേരത്തെ ചരക്ക് വിറ്റുമാറാനുള്ള നീക്കങ്ങളും കാര്‍ഷിക മേഖലകളില്‍ അരങ്ങേറുന്നു. മികച്ചയിനം ചുക്ക് കിലോ 240 രൂപ.