image

15 March 2023 11:45 AM GMT

Commodity

സംഭരണ തിയതി കാത്ത് കൊപ്ര, വില ഉയര്‍ത്തി റബര്‍

Kochi Bureau

commodities market update 15 03
X

Summary

  • ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ച എക്സ്പോര്‍ട്ടര്‍മാരും ഏലക്കയിലെ താല്‍പര്യം നിലനിര്‍ത്തി


നാളികേര മേഖല സംസ്ഥാന സര്‍ക്കാരിന്റെ കൊപ്ര സംഭരണ തിയതി പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ്. വിളവെടുത്ത നാളികേരം കൊപ്രയാക്കി പത്തായങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള വലിയോരു പങ്ക് കര്‍ഷകരും ചരക്ക് സംഭരണ ഏജന്‍സിക്ക് എത്രയും വേഗത്തില്‍ കൈമാറാനുളള തയ്യാറെടുപ്പിലാണ്.

ഉത്പാദകരുടെ പക്കല്‍ ഉണക്ക് കൂടിയ ചരക്കാണുള്ളതെങ്കിലും കാലപഴക്കം വന്നാല്‍ കുത്ത് വീണ് കേട് സംഭവിക്കുമെന്ന ആശങ്കയും തല ഉയര്‍ത്തുന്നു. വിപണി വിലയെക്കാള്‍ ഉയര്‍ന്ന വില സംഭരണ ഏജന്‍സിയില്‍ ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. അതേ സമയം കഴിഞ്ഞ സീസണില്‍ സംഭരിച്ച കൊപ്ര നാഫെഡ് പുര്‍ണമായി വിറ്റഴിച്ചിട്ടില്ലെന്ന വിവരം വില ഇടിക്കാന്‍ വ്യവസായികളെ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കൊപ്ര വില ഇന്നും സ്ഥിരമായി നിലകൊണ്ടു.

കടുത്ത ക്ഷാമത്തില്‍ റബര്‍

റബറിന് കടുത്തക്ഷാമം നേരിട്ടതോടെ വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവിലാണ് ടയര്‍ നിര്‍മ്മാതാക്കള്‍. കാര്‍ഷിക മേഖലകളിലും ടെര്‍മിനല്‍ മാര്‍റ്റക്കറ്റിലും റബര്‍ ഷീറ്റിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില്‍പ്പനക്കാരില്ലെന്ന് വ്യക്തമായതോടെ നാലാം ഗ്രേഡ് കിലോ 144 രൂപയ്ക്ക് ശേഖരിക്കാന്‍ ടയര്‍ കമ്പനികള്‍ രംഗത്ത് അണിനിരന്നെങ്കിലും അവര്‍ക്ക് ആവശ്യാനുസരണം ഷീറ്റ് ലഭ്യമായില്ല. ഇതിനിടയില്‍ ചെറുകിട വ്യവസായികള്‍ ഒട്ടുപാല്‍ കിലോ 90 രൂപയില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും കിട്ടാതെവന്നപ്പോള്‍ 9200 വരെ വാഗ്ദാനം ചെയ്യാനും തയ്യാറായി. ലാറ്റക്സിനും ക്ഷാമം നേരിടുകയാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താല്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ കാലതാമസം നേരിടാം.

പിന്നോട്ടടിക്കാതെ ഏലം

ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ച എക്സ്പോര്‍ട്ടര്‍മാരും ഏലക്കയിലെ താല്‍പര്യം നിലനിര്‍ത്തി. ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ ആകെ 29,239 കിലോഗ്രാം ചരക്ക് മാത്രമാണ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്, വരവ് ചുരുങ്ങിയത് വാങ്ങലുകാരില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും മികച്ചയിനങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന വില കിലോ 2144 രുപയില്‍ ഒതുങ്ങി, ശരാശരി ഇനം ഏലക്ക 1382 രൂപയിലും കൈമാറി.