image

13 March 2023 12:18 PM GMT

Commodity

നാളികേരോത്പന്നങ്ങളുടെ വില കൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍

MyFin Desk

commodities market update 13 03
X

Summary

  • വെളിച്ചെണ്ണ, കൊപ്ര വിലകള്‍ ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വാരാവസാനം വര്‍ദ്ധിച്ചത് ഉല്‍പാദന മേഖലയില്‍ ആവേശം വിതറി.


സാമ്പത്തിക വര്‍ഷാവസാനം അടുത്തതോടെ കാര്‍ഷികോല്‍പ്പന്ന വിപണിയിലും കയറ്റിറക്കുമതി മേഖലയിലും സാമ്പത്തിക ഞെരുക്കം ചെറിയ അളവില്‍ തല ഉയര്‍ത്തുന്നു. കാര്‍ഷിക മേഖല ബാങ്കുകളിലേയ്ക്കുള്ള വായ്പ്പ തിരിച്ചടിവിനാവശ്യമായ പണം കണ്ടത്താന്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ഇറക്കുന്ന അവസരമാണ്. ഇടുക്കി, വയനാട്, പത്തനംത്തിട്ട, മലപ്പുറം, കോട്ടയം ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ഈ വാരം കൂടുതല്‍ കുരുമുളക് അടക്കുള്ള ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ഇറക്കുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാര സമൂഹം.

അതുകൊണ്ട് തന്നെ വില ഇടിച്ച് ചരക്ക് കൈക്കലാക്കാന്‍ പറ്റുമോയെന്ന് ഉറ്റ് നോക്കുകയാണ് ഉത്തരേന്ത്യന്‍ വ്യാപാരികളും ചില കയറ്റുമതിക്കാരും. കുരുമുളക് ഉല്‍പാദനം കുറവായതിനാല്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഇറക്കുമതി ചരക്കിനെ ആശ്രയിക്കേണ്ടിവരുമെന്ന നിലപാടിലാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ള കുരുമുളക് തമിഴ്നാട്ടിലേയ്ക്കും കര്‍ണാടകത്തിലേയ്ക്കും നീങ്ങുന്നുണ്ട്. കൊച്ചി കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് 48,900, രൂപയില്‍ വിപണനം നടന്നു. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ വില ടണ്ണിന് 6450 ഡോളറാണ്.

നാളികേരോല്‍പ്പന്നങ്ങളുടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. വെളിച്ചെണ്ണ, കൊപ്ര വിലകള്‍ ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വാരാവസാനം വര്‍ദ്ധിച്ചത് ഉല്‍പാദന മേഖലയില്‍ ആവേശം വിതറി. ഈസ്റ്റും വിഷുവും എണ്ണ വിപണി ചൂടുപിടിക്കാന്‍ അവസരം ഒരുക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇതിനിടയില്‍ കൊപ്ര സംഭരണത്തിന് ഉത്തരവ് ഇറങ്ങിയെങ്കിലും കഴിഞ്ഞ സിസണില്‍ നാഫെഡ് സംഭരിച്ച കൊപ്ര പുര്‍ണമായി വിറ്റഴിഞ്ഞിട്ടില്ല. അടുത്ത മാസം കേരളം കൊപ്ര സംഭരണം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയതും വിപണിയുടെ മുന്നേറ്റ സാധ്യതകള്‍ക്ക് ആക്കം കൂട്ടാം. കൊപ്ര 8450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ശാന്തന്‍പാറയില്‍ നടന്ന ഏലക്ക ലേലത്തില്‍ 38,889 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 33,157 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഉല്‍പ്പന്നത്തില്‍ കാണിച്ച താല്‍പര്യം മികച്ചയിനങ്ങളെ 2508 രൂപയിലേയ്ക്ക് ഉയര്‍ത്തി, ശരാശരി ഇനങ്ങള്‍ 1338 രൂപയില്‍ കൈമാറി. ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ വേനല്‍ മഴയെ ഉറ്റ്നോക്കുകയാണ്, അടുത്ത വാരം മഴ എത്തിയാല്‍ ഏലചെടികള്‍ വരള്‍ച്ചയില്‍ നിന്നും താല്‍ക്കാലികമായ മോചനം നേടും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ അനുഭവപ്പെട്ട മുന്നേറ്റം അതേ വേഗതയില്‍ കേരളത്തിലും പ്രതിഫലിച്ചു.