10 Aug 2023 3:15 PM IST
Summary
- ഇഞ്ചി കൃഷി പ്രദേശം മുന്‍ വര്‍ഷങ്ങളില്‍ നിന്നും പകുതിയിലധികം കുറഞ്ഞു
ഇഞ്ചി വില പുതിയ ഉയരത്തിലേക്ക് എന്നാണ് വിപണി വിശകലനം. ജിസിസി രാജ്യങ്ങളിലും ബംഗ്ലദേശിലും ഇന്ത്യയിലും ഇഞ്ചിക്ക് ഡിമാന്റ് ഉയര്‍ന്നതാണ് നിലവിലെ വില വര്‍ധനവിന് കാരണം. എന്നാല്‍ ഇവരുടെ ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പന്നം വിപണിയില്‍ എത്തുന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളിലെ കനത്ത മഴയില്‍ മറ്റു സ്ഥലങ്ങളിൽ കൃഷി നശിച്ചത് കൊണ്ട് കര്‍ണാടകയുടെയും വയനാട് ജില്ലയുടേയും ഏതാനും ഭാഗങ്ങളിലും മാത്രമായി ഇഞ്ചി കൃഷി ചുരുങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഇഞ്ചിയുടെ ഏതാണ്ട് 60 ശതമാനവും കര്‍ണാടകയിലാണ്. വിപണിയില്‍ ഇഞ്ചി വില കിലോയ്ക്ക് 400 രൂപ വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 280 രൂപയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 1,50,000 ഹെക്ടറില്‍ കൃഷിയിറക്കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇഞ്ചി കൃഷി 50,000 ഹെക്ടറിലായി ചുരുങ്ങിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലുള്ളവര്‍ കൂടുതലും പാട്ടത്തിനെടുത്താണ് ഇഞ്ചി കൃഷി ചെയ്യുന്നത്.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമൊഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മാര്‍ക്കറ്റില്‍ ഇഞ്ചിയുടെ മൊത്ത വില കിലോക്ക് 220 രൂപയും ചില്ലറ വില 240 രൂപയുമാണ്. മഞ്ചേരി, പെരുമ്പാവൂര്‍, തിരുവന്തപുരം ചാല മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇഞ്ചി വില ഉയര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ കല്‍പ്പറ്റ മാര്‍ക്കറ്റില്‍ മൊത്ത വില 80 രൂപയും ചില്ലറ വില 129 രൂപയുമാണ്.
രൂക്ഷമാകുന്ന ചുക്ക് ക്ഷാമം
കേരളത്തിലെ വിപണികളില്‍ ചുക്ക് ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വിലയിലാണ് കച്ചവടം നടക്കുന്നത്. ചുക്കിന് രാജ്യത്തു ഡിമാന്റ് ഉയരുന്നത് ഉത്തരേന്ത്യന്‍ ശൈത്യകാലത്താണ്. അതിനാല്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ചുക്ക് വില പിന്നെയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍. ശൈത്യ കാല ഡിമാൻഡ് മുന്നിൽ കണ്ട് കര്‍ണാടക അടക്കം പലയിടങ്ങളിലും ചുക്ക് ഉല്‍പാദനം തകൃതിയായി നടക്കുന്നുണ്ട്.
മികച്ച ഇനം ചുക്ക് ജനുവരിയില്‍ 15,500 രൂപ മുതല്‍ 17,500 രൂപ വരെ നിരക്കിലാണ് കൊച്ചിയില്‍ വില്‍പ്പന നടത്തിയതെങ്കില്‍ ഇപ്പോഴിത് 32,500 രൂപ മുതല്‍ 35,000 രൂപ വരെ ആയ്ചയിട്ടുണ്ട് . കഴിഞ്ഞ ആഴ്ച്ചയില്‍ 3500 രൂപ കൂടുതൽ നൽകിയാണ് കയറ്റുമതിക്കാര്‍ ചുക്ക് സംഭരിച്ചത്.
ഇഞ്ചിക്ക് ഇപ്പോൾ ഉയർന്ന വില കിട്ടുന്നതിനാൽ കര്‍ണാടകയില്‍ ഇഞ്ചി മോഷണം വ്യാപകമാണ്..
പഠിക്കാം & സമ്പാദിക്കാം
Home
