image

24 Jan 2023 12:00 PM GMT

Commodity

പ്രതീക്ഷയോടെ റബ്ബര്‍, വിപണി പിടിച്ച് ഏലം

MyFin Bureau

cardamom farmers fall price
X

Summary

  • ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ അടുത്ത വാരം വിലക്കയറ്റത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും. തുലാവര്‍ഷം നീണ്ടുനിന്നതിനാല്‍ പല ഭാഗങ്ങളിലും ടാപ്പിംഗിന് അടിക്കടി നേരിട്ട തടസം റബര്‍ ഉത്പാദനത്തെ ബാധിച്ചു


ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളില്‍ അടുത്ത വാരം വിലക്കയറ്റത്തിന് തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും. തുലാവര്‍ഷം നീണ്ടുനിന്നതിനാല്‍ പല ഭാഗങ്ങളിലും ടാപ്പിംഗിന് അടിക്കടി നേരിട്ട തടസം റബര്‍ ഉത്പാദനത്തെ ബാധിച്ചു.

കൊച്ചി, കോട്ടയം വിപണികളില്‍ വര്‍ഷാന്ത്യത്തിലും ഷീറ്റ് ക്ഷാമം രൂക്ഷമായിരുന്നു. ക്രിസ്തുമസ് വേളയിലും ജനുവരി ആദ്യ പകുതിയിലും ചരക്ക് വരവ് ചുരുങ്ങിയിട്ടും വില ഉയര്‍ത്താന്‍ ടയര്‍ കമ്പനികള്‍ താല്‍പര്യം കാണിച്ചില്ല. വിദേശ മാര്‍ക്കറ്റുകളില്‍ റബര്‍ മികവ് കാണിച്ചാല്‍ സംസ്ഥാനത്ത് റബര്‍ ശ്രദ്ധിക്കപ്പെടാം. ഇതിനിടയില്‍ ഇന്ന് നാലാം ഗ്രേഡ് റബര്‍ കിലോ രണ്ട് രൂപ വര്‍ധിച്ച് 143 ലേയ്ക്ക് കയറി. അഞ്ചാം ഗ്രേഡ് 140 രൂപയായി.

ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ തോട്ടങ്ങളില്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ പുതിയ മുളക് സംസ്‌കരണം പുരോഗമിക്കുന്നു. മാസാവസാനതോടെ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള വരവ് ഉയര്‍ന്ന് തുടങ്ങുമെന്ന നിഗമനത്തിലാണ് വിപണി. ഹൈറേഞ്ച് മുളക് വരവിനായി കാത്ത് നില്‍ക്കുകയാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍. പുതിയ കുരുമുളകിന് വിദേശ കച്ചവടങ്ങള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കയറ്റുമതി മേഖല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6500 ഡോളര്‍, കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില 51,600 രൂപ.

ലേല കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം വാരത്തിലും ഏലക്ക ശ്രദ്ധിക്കപ്പെട്ടു. സീസണ്‍ കാലയളവില്‍ കനത്ത വില തകര്‍ച്ചയെ അഭിമുഖീകരിച്ച സുഗന്ധറാണി പുതുവര്‍ഷത്തില്‍ കാഴ്ച്ചവെച്ച തിരിച്ചു വരവ് ഉത്പാദകര്‍ക്ക് ആവേശം പകര്‍ന്നു. ആറ് മാസം നീണ്ട വില തകര്‍ച്ചയില്‍ നിന്നും താല്‍ക്കാലിക തിരിച്ചു വരവിന് ഓഫ് സീസണ്‍ അവസരം ഒരുക്കുമെന്ന കണക്ക് കൂട്ടലിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍.



വ്യവസായികളുടെ താല്‍പര്യം കണക്കിലെടുത്താല്‍ ശരാശരി ഇനങ്ങള്‍ കിലോ 1200 രൂപയ്ക്ക് മുകളില്‍ ഇടം കണ്ടെത്താം. ഇന്ന് ഇടുക്കിയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1093 രൂപയിലും മികച്ചയിനങ്ങള്‍ 1636 രൂപയിലും കൈമാറ്റം നടന്നു.

അതേസമയം കൊപ്ര വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പച്ചതേങ്ങ, കൊപ്ര സംഭരണ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തണുപ്പന്‍ മനോഭാവം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരുമാസമായി 8600 രൂപയില്‍ സ്ഥിരതയില്‍ നീങ്ങിയ കൊപ്ര വില 8500 ലേയ്ക്ക് ഇടിഞ്ഞു. മുഖ്യ വിപണികളില്‍ വെളിച്ചെണ്ണ വിലയും കുറഞ്ഞു. തമിഴ്നാട്, കര്‍ണാടക വിപണികളിലും നിരക്ക് താഴ്ന്നു.