5 May 2023 5:15 PM IST
Summary
- ഭക്ഷ്യയെണ്ണ വിലകള്‍ രാജ്യത്തെ മുഖ്യ വിപണികളില്‍ താഴുന്ന പ്രവണതയിലാണ്
രാജ്യാന്തര റബര്‍ വില വരും മാസങ്ങളില്‍ ഉണര്‍വ് കാഴ്ച്ചവെക്കുമെന്ന സൂചന ഏഷ്യന്‍ ടയര്‍ നിര്‍മ്മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കി. മുഖ്യ ഉത്പാദന രാജ്യങ്ങളില്‍ പ്രതികൂല കാലാവസ്ഥ മുലം ടാപ്പിംഗ് ദിനങ്ങള്‍ കുറഞ്ഞതിനാല്‍ കടുത്ത ക്ഷാമം റബറിന് നേരിടുന്നുണ്ട്. എന്നാല്‍ അതിന് അനുസൃതമായി വില ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ വ്യവസായികള്‍ താല്‍പര്യം കാണിച്ചില്ല. ചൈനീസ് ടയര്‍ മേഖല മാര്‍ച്ചില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ച വിവരം റബര്‍ ഉത്പാദന രാജ്യങ്ങളില്‍ അനുകുല തരംഗം സൃഷ്ടിക്കും. ഏഷ്യന്‍ റബര്‍ അവധി വിപണികളിലെ വാങ്ങല്‍ താല്‍പര്യം വില ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകള്‍. ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ കേരളത്തിലെ വിപണികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും വേനല്‍ മഴ ലഭ്യമായയെങ്കിലും പകല്‍ ചൂട് കണക്കിലെടുത്താല്‍ ടാപ്പിംഗ് പുനരാരംഭിക്കാന്‍ കാലതാമസം നേരിടാം.
എണ്ണ വിലയില്‍ പ്രതിസന്ധി
ഭക്ഷ്യയെണ്ണ വിലകള്‍ രാജ്യത്തെ മുഖ്യ വിപണികളില്‍ താഴുന്ന പ്രവണതയിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പാം ഓയില്‍, സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഉയര്‍ന്നത് വിലയില്‍ സമ്മര്‍ദ്ദമുളവാക്കുന്നുണ്ട്. വിവിധ എണ്ണകളുടെ വില ഈ വാരം ഇടിഞ്ഞത് കണക്കിലെടുത്താല്‍ വരും ദിനങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് കാര്യമായ മുന്നേറ്റത്തിന് അവസരം ലഭിക്കില്ല. സംസ്ഥാനത്ത് കൊപ്രയുടെ ലഭ്യത ചുരുങ്ങിയെങ്കിലും മില്ലുകാര്‍ ചരക്ക് സംഭരണം നിയന്ത്രിക്കാന്‍ ഇടയുണ്ട്. അതേ സമയം സര്‍ക്കാര്‍ ഏജന്‍സി കൊപ്ര സംഭരണത്തിന് ഇറങ്ങിയാല്‍ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കാം. കൊച്ചിയില്‍ വെളിച്ചെണ്ണ വില 13,100 രൂപ.
വേനല്‍ മഴയില്‍ കണ്ണ് നട്ട് ഏലം
ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഉത്പന്നത്തിനായി മത്സരിച്ചു. മൊത്തം 54,325 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 47,456 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങള്‍ കിലോ 1977 രൂപയിലും ശരാശരി ഇനങ്ങള്‍ 1187 രൂപയിലും കൈമാറി. വേനല്‍ മഴ നേട്ടമാക്കി മാറ്റാനാവുമെന്ന നിഗനമത്തിലാണ് ഏലം കര്‍ഷകര്‍.
പഠിക്കാം & സമ്പാദിക്കാം
Home
