24 Oct 2023 12:06 PM IST
Summary
- ടണ്ണിന് 1,200 ഡോളറില്‍ നിന്ന് 950 ഡോളറായി കുറയ്ക്കും
- കര്‍ഷകരുടെയും കയറ്റുമതിക്കാരുടെയും നിരന്തര ആവശ്യപ്രകാരമാണ് നടപടി
- പുതിയ സീസണിലെ വിള വിലയിടിവിന് കാരണമായി
ബസ്മതി അരി കയറ്റുമതിക്കായി നിശ്ചയിച്ചിട്ടുള്ള തറവില ഇന്ത്യ കുറച്ചേക്കുമെന്ന് സൂചന. ബസ്മതി അരിയുടെ തറവില അഥവാ മിനിമം കയറ്റുമതി വില (എംഇപി) ടണ്ണിന് 1,200 ഡോളറില്‍ നിന്ന് 950 ഡോളറായി സര്‍ക്കാര്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിക്കുള്ള തറവില കുറയ്ക്കണമെന്ന് കര്‍ഷകരും കയറ്റുമതിക്കാരും നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.
പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രാദേശികമായി വില ഇടിയാതിരിക്കാനായാണ് ഓഗസ്റ്റില്‍ ബസ്മതി അരി കയറ്റുമതിയില്‍ ഇന്ത്യ ടണ്ണിന് 1,200 ഡോളര്‍ കയറ്റുമതിക്കുള്ള തറവില ചുമത്തിയത്.
പുതിയ സീസണിലെ വിളവെടുപ്പിന്റെ വരവോടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വിലയില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അത് നിലനിര്‍ത്തുമെന്ന് ഒക്ടോബര്‍ 14 ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ വിള ആഭ്യന്തര വിലയിടിവിന് കാരണമായെന്ന് കര്‍ഷകരും കയറ്റുമതിക്കാരും ആരോപിച്ചതോടെ എംഇപിയെ സജീവമായി അവലോകനം ചെയ്യുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
എംഇപിയുടെ പേരില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെയും കയറ്റുമതിക്കാരെയും സഹായിക്കുമെന്ന് ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് പ്രേം ഗാര്‍ഗ് പറഞ്ഞു. എംഇപി വ്യാപാരത്തെ സാരമായി ബാധിച്ചതിനാല്‍ കയറ്റുമതിക്കാര്‍ കര്‍ഷകരില്‍ നിന്ന് അരി വാങ്ങുന്നത് നിര്‍ത്തി, അദ്ദേഹം പറഞ്ഞു.
ബസ്മതി അരിയുടെ വ്യാപാരം പുനരാരംഭിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് വടക്കന്‍ സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള പ്രമുഖ കയറ്റുമതിക്കാരനായ വിജയ് സെതിയ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യബസ്മതി ഇതര ഇനങ്ങളുടെ കയറ്റുമതി തടഞ്ഞിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
