image

17 Jun 2025 6:17 PM IST

Commodity

കുരുമുളക് കര്‍ഷകര്‍ പ്രതീക്ഷയില്‍; വെളിച്ചെണ്ണവില വീണ്ടും മുന്നോട്ട്

MyFin Desk

കുരുമുളക് കര്‍ഷകര്‍ പ്രതീക്ഷയില്‍;  വെളിച്ചെണ്ണവില വീണ്ടും മുന്നോട്ട്
X

Summary

ഏലക്ക വരവ് കുറഞ്ഞു


ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള നാടന്‍ കുരുമുളക് വരവ് ചുരുങ്ങി. എന്നാല്‍ വിദേശ ചരക്കുമായി കലര്‍ത്തി വില്‍പ്പനയ്ക്ക് ഇറങ്ങുന്നവര്‍ രംഗത്തുണ്ടെങ്കിലും പ്രതിദിനം ശരാശരി 20 ടണ്ണില്‍ കുറവ് ചരക്കാണ് വിപണിയില്‍ എത്തുന്നത്. വൈകാതെ വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ചരക്ക് വില്‍പ്പന കുറച്ച് വിപണിയിലെ ചലനങ്ങള്‍ വിലയിരുത്തുന്നു. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ രണ്ട് രൂപ കുറഞ്ഞ് 657 രൂപയായി.

ഏലക്ക ലേലത്തില്‍ വരവ് പെടുന്നനെ ചുരുങ്ങി, ഇന്ന് ലേലത്തിന് ആകെ 11,630 കിലോചരക്ക് മാത്രമാണ് വില്‍പ്പനയ്ക്ക് വന്നത്, ഇതില്‍ 10,105 കിലോയും ഇടപാടുകാര്‍ ശേഖരിച്ചു. ആഭ്യന്തര വാങ്ങലുകാര്‍ ഏലക്കയില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 2846 രൂപയിലും ശരാശരി ഇനങ്ങള്‍ 2315 രൂപയിലും കൈമാറി. വലിപ്പം കൂടിയ ഇനങ്ങളില്‍ കയറ്റുമതിക്കാര്‍ താല്‍പര്യം കാണിച്ചെങ്കിലും നിരക്ക് അമിതമായി ഉയര്‍ത്താന്‍ അവര്‍ തയ്യാറായില്ല.

റബര്‍ ഷീറ്റ് വില ഉയര്‍ത്തി ശേഖരിക്കാന്‍ ടയര്‍ നിര്‍മ്മാതക്കള്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. അതേസമയം ഉല്‍പാദന മേഖലകളില്‍ ചരക്കില്ലാത്തിനാല്‍ കൊച്ചിയിലും കോട്ടയത്തും മലബാര്‍ മേഖലകളിലും വില്‍പ്പനക്കാരും കുറവാണ്. നാലാംഗ്രേഡ് റബര്‍ കിലോ 197.50 രൂപയില്‍ വിപണനം നടന്നു.

കൊച്ചിയില്‍ വെളിച്ചെണ്ണകൂടുതല്‍ മികവ് കാണിച്ചു. എണ്ണവിലവീണ്ടും300 രൂപവര്‍ദ്ധിച്ച് ക്വിന്റ്റലിന് 33,500 രൂപയായി. അതേസമയം തമിഴ്‌നാട് വിപണിയായ കാങ്കയത്ത് തുടര്‍ച്ചയായ ആറാംദിവസവും വെളിച്ചെണ്ണവില മാറ്റമില്ലാതെ നിലകൊണ്ടു.