image

7 Sep 2023 11:45 AM GMT

Commodity

ഉത്സവ സീസണില്‍ നോട്ടമിട്ട് കുരുമുളക്; വില ചുരുങ്ങി ചുക്ക്

Kochi Bureau

commodities market rate 07 09
X

Summary

  • വില കുറച്ച് ചുക്ക് കൂടുതല്‍ കൈക്കലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്.


പുലര്‍ച്ചെ അനുഭവപ്പെട്ട മഴ മൂലം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ റബര്‍ ടാപ്പിങില്‍ നിന്നും പിന്‍മാറാന്‍ നിര്‍ബന്ധിതരായി. മലയോര മേഖലകളില്‍ കാറ്റിന്റെ വേഗത ഉയര്‍ന്ന് നിന്നതും റബര്‍ വെട്ടില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉത്പാദകരെ പ്രേരിപ്പിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തമായത് ഉത്പാദന മേഖലയ്ക്ക് ആശ്വാസമെങ്കിലും ടാപ്പിങ് തടസപ്പെടുന്നത് റബര്‍ ക്ഷാമം രൂക്ഷമാക്കാന്‍ ഇടയുണ്ട്.

രാജ്യാന്തര റബര്‍ വിപണിയെ ബാധിച്ച മാന്ദ്യം ഇനിയും വിട്ടുമാറിയില്ല. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ റബര്‍ 131 രൂപയ്ക്ക് വില്‍പ്പന നടത്തുന്നതിനാല്‍ വിദേശ ചരക്കിലാണ് ഇന്ത്യന്‍ വ്യവസായികളും താല്‍പര്യം കാണിക്കുന്നത്. വിദേശത്ത് നിന്നാവുമ്പോള്‍ നൂറു കണക്കിന് ടണ്‍ റബറിന് ഓരോ വിലയില്‍ കച്ചവടം ഉറപ്പ് വരുത്താനാവുമെന്നത് നേട്ടമായി വ്യവസായികള്‍ വിലയിരുത്തുന്നത്. ആഭ്യന്തര വിപണിയില്‍ വന്‍ ഓര്‍ഡറുമായി ഇറങ്ങിയാല്‍ ഉത്പന്ന വിലയിലെ സ്ഥിതി ഉറപ്പ് വരുത്താനാവില്ലെന്ന നിലപാടിലാണ് പല ടയര്‍ നിര്‍മ്മാതാക്കളും. ഇതിനിടയില്‍ റബര്‍ അവധി നിരക്കുകള്‍ താഴ്ന്ന തലത്തില്‍ നീങ്ങുന്നത് രാജ്യാന്തര വില ഉയരാനുള്ള സാധ്യതകളെ പിടിച്ചു നിര്‍ത്തിയതും ഇറക്കുമതിക്കാര്‍ക്ക് നേട്ടമായി. കൊച്ചിയില്‍ നാലാം ഗ്രേഡ് കിലോ 147 ലും അഞ്ചാം ഗ്രേഡ് 143 രൂപയിലുമാണ്.

കരുതലോടെ കുരുമുളക്

കുരുമുളക് ഏതാനും ദിവസങ്ങളായി സ്ഥിരതയിലാണ്. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ലഭ്യത ഉയരുമെന്ന പ്രതീക്ഷയില്‍ പുതിയ വാങ്ങലുകളില്‍ നിന്നും ഇടപാടുകാര്‍ വിട്ടു നില്‍ക്കുകയാണ്. അതേ സമയം തിരക്കിട്ട് ഉത്പന്നം വിറ്റുമാറാന്‍ കര്‍ഷകരും തയ്യാറാവുന്നില്ല. ഇതിനിടിയില്‍ പ്രതികൂല കാലാവസ്ഥ മുന്‍ നിര്‍ത്തി ചെറുകിട കര്‍ഷകരും രംഗത്ത് നിന്നും പിന്‍വലിഞ്ഞു. താപനില കുറഞ്ഞതോടെ കുരുമുളകിലെ ജലാംശതോത് ഉയരാന്‍ ഇടയുള്ളതിനാല്‍ കരുതലോടെയാണ് ഓരോ നീക്കവും കാര്‍ഷിക മേഖല നടത്തുന്നത്. ഉത്സവ സീസണ്‍ മുന്നിലുള്ളതിനാല്‍ വിലക്കയറ്റം സംഭവിക്കുമെന്ന നിലപാടിലാണ് സ്റ്റോക്കിസ്റ്റുകളും. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 63,500 രൂപ.

വില കയറാതെ ഏലം

ഗ്രീന്‍ കാര്‍ഡമം ട്രേഡിംഗ് കമ്പനിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് വരവ് ഗണ്യമായി കുറഞ്ഞു. ഉത്പാദകര്‍ ഏലക്ക നീക്കത്തില്‍ വരുത്തിയ നിയന്ത്രണം പക്ഷേ ഉത്പന്ന വിലയെ കാര്യമായി സ്വാധീനിച്ചില്ല. കേവലം 28,814 കിലോ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 28,481 കിലോയും വിറ്റഴിഞ്ഞങ്കിലും മികച്ചയിനങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന വില 2636 രൂപയും ശരാശരി ഇനങ്ങള്‍ 1926 രൂപയുമാണ്. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തില്‍ സജീവമായിരുന്നു.

വില ചുരുങ്ങി ചുക്ക്

കയറ്റുമതി ലോബിയുടെ സമ്മര്‍ദ്ദ ഫലമായി ചുക്ക് വില ഇടിഞ്ഞു. ആഭ്യന്തര വിദേശ ഓര്‍ഡറുകള്‍ എത്തിയ അവസരത്തില്‍ ചരക്ക് സംഭരണത്തിന് അവര്‍ സംഘടിത നീക്കത്തിലാണ്. ഇതിനിടയില്‍ വിവിധയനം ചുക്ക് വില ക്വിന്റ്റലിന് 2500 രൂപ ഇടിച്ചു. വില തകര്‍ച്ചയിലുടെ സ്റ്റോക്കിസ്റ്റുകളില്‍ പരിഭ്രാന്തി പരത്തി ചരക്ക് കൈക്കലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.