12 Sep 2023 11:00 AM GMT
Summary
- ഒരു മാസത്തില്‍ ഏറെയായ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ സ്ഥിരതയിലാണ് നീങ്ങുന്നത്.
സംസ്ഥാനത്ത് റബര്‍ ടാപ്പിംഗ് സീസണ്‍ പുരോഗമിക്കുകയാണ്. വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കാലവര്‍ഷം വീണ്ടും കേരളത്തില്‍ സജീവമായതോടെ ഉത്പാദന മേഖലയില്‍ റബര്‍ വെട്ട് വ്യാപകമായി. കാലാവസ്ഥ അനുകൂലമായതിനാല്‍ റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡും വര്‍ദ്ധിച്ചു. ക്രിസ്തുമസ് വരെയുള്ള കാലയളവില്‍ വിപണികളില്‍ ഷീറ്റും ലാറ്റക്സും വന്‍തോതില്‍ വില്‍പ്പനയ്ക്ക് ഇറങ്ങാന്‍ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികളും. ടയര്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും വീക്ഷിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത റബര്‍ ലഭ്യത വരും മാസങ്ങളില്‍ ഉയരുമെന്നത് വിപണിയില്‍ അവരുടെ സാന്നിധ്യം ശക്തമാക്കാം. ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് കിലോ 142 രൂപയ്ക്ക് ശേഖരിച്ചു. രാജ്യന്തര മാര്‍ക്കറ്റില്‍ മികച്ചയിനം ഷീറ്റ് വില കിലോ 132 രൂപയാണ്.
ചുക്ക് വില താഴേക്ക്
ചുക്ക് ശേഖരിക്കാന്‍ ആഭ്യന്തര വാങ്ങലുകാര്‍ രംഗത്ത് അണിനിരന്നെങ്കിലും ഉത്പാദകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഉത്പന്ന വില താഴ്ന്നതിനാല്‍ സ്റ്റോക്കിസ്റ്റുകള്‍ ചരക്കില്‍ പിടിമുറുക്കി. പച്ച ഇഞ്ചി വില ഉയര്‍ന്ന തലത്തില്‍ നീങ്ങുന്നതിനാല്‍ താഴ്ന്ന വിലയ്ക്ക് ചുക്ക് കൈമാറുന്നത് നഷ്ട കച്ചവടമായി മാറുമെന്ന നിലപാടില്‍ വലിയൊരു വിഭാഗം ഇടനിലക്കാരും വിപണിയില്‍ നിന്നും അകന്നു. അതേ സമയം അറബ് രാജ്യങ്ങളില്‍ നിന്നും ലഭിച്ച ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി ഷിപ്പ്മെന്റിനുള്ള ചുക്ക് സംഭരണവുമായി കയറ്റുമതികാര്‍ രംഗത്തുണ്ട്. മികച്ചയിനം ചുക്കിന് രൂപയാണ് വില 32,500.
പ്രതിരോധം മറികടന്ന് ഏലം
ഉത്പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ചരക്ക് സംഭരണത്തിന് കയറ്റുമതികാരും ആഭ്യന്തര വ്യാപാരികളും ഉത്സാഹിച്ചു. വാങ്ങലുകാരില്‍ നിന്നുള്ള ആവശ്യം കനത്തതോടെ മികച്ചയിനങ്ങളുടെ വില ചെറിയോരു ഇടവേളയ്ക്ക് ശേഷം വീണ്ടും 3000 രൂപയിലെ പ്രതിരോധം മറികടന്ന് കിലോ 3002 രുപയായി കയറി. ശരാശരിയിനങ്ങള്‍ 1937 രൂപയില്‍ കൈമാറ്റം നടന്നു. മൊത്തം 57,690 കിലോ എലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 52,297 കിലോയും വിറ്റഴിഞ്ഞു.
ഇറക്കുമതി വന്‍ധനയില്‍ പാം ഓയില്‍
പാം ഓയില്‍ ഇറക്കുമതി ശക്തിയാര്‍ജിച്ചതോടെ ആഭ്യന്തര വിപണിയില്‍ നിരക്ക് താഴ്ന്നു. ഇന്തോനേഷ്യയും മലേഷ്യയും ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഉയര്‍ന്ന അളവില്‍ പാം ഓയില്‍ ഇന്ത്യയിലേയ്ക്ക് കയറ്റുമതി നടത്തുകയാണ്. കൊച്ചിയില്‍ പാം ഓയില്‍ 8400 രൂപയിലേയ്ക്ക് താഴ്ന്നത് കൊപ്രയാട്ട് മില്ലുകാരെ ആശങ്കയിലാക്കി. ഇറക്കുമതി എണ്ണ വിപണി നിയന്ത്രിക്കുന്നതിനാല്‍ വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം ചുരുങ്ങി.