image

17 Feb 2026 6:50 PM IST

Commodity

കൊടും ചൂട്; ഏലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു

MyFin Desk

കൊടും ചൂട്; ഏലത്തോട്ടങ്ങള്‍   കരിഞ്ഞുണങ്ങുന്നു
X

Summary

ആഭ്യന്തര വിപണിയിൽ ഡിമാന്റ് മങ്ങിയത് മൂലം തുടര്‍ച്ചയായ മൂന്നാം ദിവസവും കുരുമളക് വിലതാഴ്ന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളകുവില 200 രൂപകുറഞ്ഞ് 70,400രൂപയില്‍ ഇടപാടുകള്‍ നടന്നു


സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ലെങ്കിലും തമിഴ്നാട്ടില്‍ നാളികേരോല്‍പ്പന്നങ്ങള്‍ അല്‍പ്പം പരുങ്ങലിലാണ്. കാങ്കയത്ത് മില്ലുകാര്‍ വെളിച്ചെണ്ണവില ചൂണ്ടിക്കാട്ടി കൊപ്രയ്ക്ക് 100 രൂപകുറച്ച് ചരക്ക് സംഭരണത്തിന് ശ്രമം നടത്തി. വ്യവസായികളുടെ ഈ നീക്കം ഉല്‍പാദകരെ താഴ്ന്നവിലയ്ക്ക് തേങ്ങവിറ്റുമാറാന്‍ നിര്‍ബന്ധിതരാക്കും.

വരള്‍ച്ച ശക്തമായതോടെ ഏലത്തോട്ടങ്ങള്‍ നിര്‍ജീവാവസ്ഥയിലേയ്ക്ക്. ചൂട് മറികടക്കാന്‍ വന്‍കിട തോട്ടങ്ങള്‍ ജലസേചനമാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് തുടങ്ങി. ഇന്നത്തെ ലേലത്തില്‍ ആകെ 34,763 കിലോ ഏലക്ക മാത്രമാണ് എത്തിയത്, ഇതില്‍ 33,799 കിലോയും ആഭ്യന്തര,വിദേശ ഇടപാടുകാര്‍ ശേഖരിച്ചു. ശരാശരി ഇനം ഏലക്കകിലോ 2449 രൂപയില്‍ കൈമാറി.

അന്തര്‍സംസ്ഥാന വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് മൂലം തുടര്‍ച്ചയായ മൂന്നാം ദിവസവും കുരുമളക് വിലതാഴ്ന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളകുവില 200 രൂപകുറഞ്ഞ് 70,400രൂപയില്‍ ഇടപാടുകള്‍ നടന്നു.

ദക്ഷിണേന്ത്യയില്‍ പകല്‍ താപനില പിന്നിട്ട മാസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നത് തേയിലതോട്ടങ്ങളില്‍ കൊളുന്ത് നുള്ള് മന്ദഗതിയിലാക്കി. മഴ കുറഞ്ഞതിനൊപ്പം ചൂട് ശക്തമായതിനാല്‍ പുതിയ ഇലകള്‍ കിളിര്‍ക്കുന്നതിന് കാലതാസം നേരിടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലെയും കാലാവസ്ഥ വിലയിരുത്തിയാല്‍ മുന്നിലുള്ള മാസങ്ങളില്‍ തേയില ഉല്‍പാദനം കുറയുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. കൊച്ചിലേലത്തില്‍ ഇല, പൊടിതേയിലകളുടെ ലഭ്യതകുറഞ്ഞത് നിരക്ക് മെച്ചപ്പെടുത്തി.