image

3 March 2026 11:06 AM IST

Commodity

സ്വർണ്ണവില 2 ലക്ഷത്തിലേക്ക്! നിക്ഷേപകർ ജാഗ്രതൈ; എന്താണ് സ്വർണ്ണത്തിലെ 'സൂപ്പർ സൈക്കിൾ'?

MyFin Desk

Gold bars and coins with a rising stock market graph in the background representing gold price hike.
X

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക്; നിക്ഷേപകർ ഉറ്റുനോക്കുന്നു

Summary

സ്വർണ്ണവില 1.85 ലക്ഷത്തിലേക്ക്! പവന് ലക്ഷങ്ങൾ കടക്കുമോ? മോത്തിലാൽ ഓസ്വാളിന്റെ ഞെട്ടിക്കുന്ന പ്രവചനം.


സ്വര്‍ണ്ണവിലയില്‍ നാം ഇതുവരെ കണ്ടത് വെറുമൊരു വര്‍ദ്ധനവല്ല, മറിച്ച് ഒരു പുതിയ സൂപ്പര്‍ സൈക്കിളിന്റെ തുടക്കം മാത്രമാണ്! ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളര്‍ എന്ന ചരിത്രപരമായ കടമ്പ കടന്നിരിക്കുയാണ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണം ഒരു ലോംഗ് ടേം ബുള്‍ ഫേസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.അടുത്ത 12 മാസത്തിനുള്ളില്‍ കോമെക്‌സ് ഗോള്‍ഡ് ഔണ്‍സിന് 6,000 ഡോളറിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് ഏകദേശം 1.85 ലക്ഷം രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ട്! ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായാല്‍ ഇടക്കാലയളവില്‍ തന്നെ സ്വര്‍ണ്ണവില ഔണ്‍സിന് 7,500 ഡോളര്‍ വരെ എത്തിയേക്കാം എന്ന നിരീക്ഷണം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്.

6,000 ഡോളറിലേക്കോ?

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കടുക്കുന്നതോടെ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടാകുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എലാര ക്യാപിറ്റലും റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 6,000 ഡോളറിലേക്ക് കുതിച്ചേക്കാം. ഇറാനിലെ സൈനിക നടപടി നാലഞ്ച് ആഴ്ച കൂടി നീണ്ടുനിന്നേക്കാമെന്ന അമേരിക്കന്‍ ട്രംപിന്റെ പ്രസ്താവന സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് പണമൊഴുകാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം,കൊട്ടക് സെക്യൂരിറ്റീസിലെ കമ്മോഡിറ്റി റിസര്‍ച്ച് എവിപി കൈനാത്ത് ചെയിന്‍വാലയുടെ നിരീക്ഷണമനുസരിച്ച്, അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ വന്‍ തിരിച്ചടി ഉണ്ടാവും. ഇതോടെ വിപണിയില്‍ സങ്കല്‍പ്പിക്കാനാവാത്ത വിധം വിലക്കയറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എന്തുകൊണ്ടാണ് ഇത്രയേറെ കുതിക്കുന്നത്?

ഡോളറിനെ അമിതമായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ മാറുന്നതും, ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകളും, യുദ്ധസമാനമായ സാഹചര്യങ്ങളുമാണ് സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റുന്നത്. സാധാരണയായി പലിശനിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വര്‍ണ്ണവില കുറയേണ്ടതാണെങ്കിലും, 2023 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ഈ നിയമം തെറ്റിച്ചുകൊണ്ട് സ്വര്‍ണ്ണം കുതിച്ചുയര്‍ന്നത് സാമ്പത്തിക ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.ധനനയങ്ങളിലും കേന്ദ്ര ബാങ്കുകളിലുമുള്ള വിശ്വാസം കുറയുന്നത് സ്വര്‍ണ്ണത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മോത്തിലാല്‍ ഓസ്വാളിലെ കമ്മോഡിറ്റി റിസര്‍ച്ച് വിഭാഗം തലവന്‍ നവനീത് ദമാനി ചൂണ്ടിക്കാട്ടുന്നു. വെറുമൊരു നാണയപ്പെരുപ്പം മാത്രമല്ല, ആഗോള സാമ്പത്തിക വ്യവസ്ഥയുടെ അസ്ഥിരതയാണ് സ്വര്‍ണ്ണത്തിന് ഈ കരുത്ത് നല്‍കുന്നത്.

വില പുനര്‍നിര്‍ണ്ണയം

ചുരുക്കത്തില്‍, സ്വര്‍ണ്ണം അതിന്റെ വില പുനര്‍നിര്‍ണ്ണയിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വര്‍ണ്ണത്തെ കേവലം ഒരു ആഭരണമായല്ല, മറിച്ച് തകരുന്ന സാമ്പത്തിക വ്യവസ്ഥകള്‍ക്കെതിരെയുള്ള ഒരു ഇന്‍ഷുറന്‍സായി ലോകം കാണാന്‍ തുടങ്ങിയിരിക്കുന്നു.