image

4 Jun 2025 6:13 PM IST

Commodity

ഒരു ചുവട്‌ കൂടി മുന്നേറി നാളികേരോൽപ്പന്നങ്ങൾ

MyFin Desk

ഒരു ചുവട്‌ കൂടി മുന്നേറി നാളികേരോൽപ്പന്നങ്ങൾ
X

നാളികേരോൽപ്പന്നങ്ങൾ ഒരു ചുവട്‌ കൂടി മുന്നേറി. മാസാരംഭ ഡിമാൻറ്റിൽ ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണ വിൽപ്പന വർദ്ധിച്ചത്‌ മില്ലുർക്ക്‌ ആവേശം പകർന്നു. അയൽ സംസ്ഥാനത്തെ മില്ലുകാർ സ്‌റ്റോക്കുള്ള വെളിച്ചെണ്ണയ്‌ക്ക്‌ വിറ്റുമാറാൻ ഉത്സാഹിച്ചു. കാങ്കയത്ത്‌ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 31,975 രൂപയിലാണ്‌. കൊച്ചി മാർക്കറ്റിൽ എണ്ണ വില ക്വിൻറ്റലിന്‌ 300 രൂപ വർദ്ധിച്ച്‌ 30,500 രൂപയായി, കൊപ്ര വില 200 രൂപ കയറി 20,400 ലും ഇടപാടുകൾ നടന്നു. നഗരപ്രദേശങ്ങളിലെ ചെറുകിട വിപണികളിൽ പച്ചതേങ്ങ കിലോ 80 രൂപയിലാണ്‌.

ബാങ്കോക്ക്‌ റബർ മാർക്കറ്റ്‌ നീണ്ട അവധി ദിനങ്ങൾക്ക്‌ ശേഷം ഇടപാടുകൾ പുനരാരംഭിച്ചത്‌ റബറിൻെറ വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. മൂന്നാം ഗ്രേഡ്‌ ഷീറ്റ്‌ വില ക്വിൻറ്റലിന്‌ 18,873 രൂപയായി ഉയർന്നു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളെ ഉറ്റ്‌ നോക്കുകയാണ്‌ ബാങ്കോക്കിലെ കയറ്റുമതി സമൂഹം. ഏഷ്യൻ റബർ അവധി വിലകളിലും ഉണർവ്‌ കണ്ടു, ജപ്പാൻ ഒസാക്കയിൽ റബർ ഒക്‌ടോബർ കിലോ 280 യെന്നിൽ നിന്നും 295 യെന്നിലേയ്‌ക്ക്‌ ഉയർന്നു. എന്നാൽ സംസ്ഥാനത്തെ വിപണികളിൽ നിന്നും വില ഉയർത്താതെ ഷീറ്റ്‌ സംഭരിക്കാനാണ്‌ ടയർ കന്പനികൾ നീക്കം നടത്തിയത്‌. കൊച്ചിയിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 19,700 രൂപ.

ഏലക്ക ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിൻതുണയിൽ മികച്ചയിനങ്ങൾ കിലോ 3030 രൂപയായും ശരാശരി ഇനങ്ങൾ 2441 രൂപയായും ഉയർന്നു. മൊത്തം 41,692 കിലോ ഏലക്ക ലേലത്തിന്‌ എത്തിയതിൽ 40,270 കിലോയും കൈമാറ്റം നടന്നു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ലേലത്തിൽ സജീവമായിരുന്നു.

കൊച്ചി വിപണിയിലേയ്‌ക്കുള്ള കുരുമുളക്‌ വരവ്‌ കുറഞ്ഞ അളവിലാണ്‌. കാലവർഷത്തിനിടയിൽ അന്തരീക്ഷ താപനില കുറഞ്ഞത്‌ മുളകിൽ ഈർപ്പം തട്ടാൻ ഇടയാക്കുമെന്ന ആശങ്കയിൽ ഒരു വിഭാഗം വാങ്ങലുകാർ അൽപ്പം പിൻവലിഞ്ഞു. ഗാർബിൾഡ്‌ മുളക്‌ ക്വിൻറ്റലിന്‌ 68,900 രൂപയിൽ വ്യാപാരം നടന്നു.