image

11 Oct 2023 5:30 PM IST

Commodity

ജാതിക്കയെ തേടുന്ന വിപണി; നവരാത്രി പൊടിപൊടിക്കാന്‍ ഏലം

Kochi Bureau

commodities market rate 11 10
X

Summary

  • ഏഷ്യന്‍ വിപണികളിലെ റബര്‍ വിലയുടെ ചാഞ്ചാട്ടം ഊഹക്കച്ചവടക്കാരെ വാങ്ങലുകാരാക്കി.


രാജ്യാന്തര റബര്‍ വിപണിയില്‍ നിന്നും അനുകൂല വാര്‍ത്തകള്‍ പുറത്തുവരുമെന്ന പ്രതീക്ഷ മുഖ്യ റബര്‍ ഉല്‍പാദന രാജ്യങ്ങള്‍ നിലനിര്‍ത്തി. ജപ്പാനീസ് എക്സ്ചേഞ്ചില്‍ റബറില്‍ അനുഭവപ്പെടുന്ന വില്‍പ്പന സമ്മര്‍ദ്ദത്തിന് ഇനിയും അയവ് വന്നിട്ടില്ലെങ്കിലും സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളിലെ ചാഞ്ചാട്ടം ഊഹക്കച്ചവടക്കാരെ വാങ്ങലുകാരാക്കി. തായ്‌ലന്‍ഡ്, ഇന്തോനേഷ്യേ മലേഷ്യ എന്നിവടങ്ങളില്‍ റബര്‍ ഉല്‍പാദനം ഉയരുന്നതിനാല്‍ പെടുന്നനെ ഒരു കുതിച്ചു ചാട്ടം ഷീറ്റ് വിലയില്‍ പ്രതീക്ഷിക്കാനാവില്ല.

കേരളത്തില്‍ കാലാവസ്ഥ അനുകൂലമായതോടെ റബര്‍ ഉല്‍പാദനം വടക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും ഉയര്‍ന്നു. എന്നാല്‍ പുതിയ ചരക്ക് തിരക്കിട്ട് വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഈ മാസം ആദ്യ പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വന്‍കിട തോട്ടങ്ങള്‍ ഉത്സാഹം കാണിച്ചിട്ടില്ല. നിത്യോവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ചെറുകിട കര്‍ഷകര്‍ ലാറ്റക്സ് വില്‍പ്പന നടത്തി. പലരും ഷീറ്റാക്കാന്‍ താല്‍പര്യം കാണിക്കുന്നുമില്ല, വില വീണ്ടും ഇടിയുമോയെന്ന ഭീതിയും ലാറ്റക്സ് വില്‍പ്പനയ്ക്ക് പിന്നിലുണ്ട്. ലാറ്റക്സ് ക്വിന്റ്റലിന് 10,400 രൂപയില്‍ വിപണനം നടന്നു.

ജാതിയും ഗ്രാമ്പൂവും വിപണി തേടുന്നു

ഉത്തരേന്ത്യയില്‍ നിന്നുള്ള ഔഷധ നിര്‍മ്മാതാകളും കറിമസാല വ്യവസായികളും ജാതിക്ക, ഗ്രാമ്പൂ വിപണികളില്‍ നിന്നുള്ള ചരക്ക് സംഭരണം ഊര്‍ജിതമാക്കി. സീസണ്‍ അവസാനിച്ചതിനാല്‍ മദ്ധ്യകേരളത്തിലെ മുഖ്യ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ജാതിക്ക, ജാതിപത്രി തുടങ്ങിയവയുടെ വരവ് കുറഞ്ഞു. ഓഫ് സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച് പലരും ചരക്ക് പിടിക്കുന്നുണ്ടങ്കിലും വിപണിയില്‍ മുന്നേറ്റ സൂചനകള്‍ ഇനിയും ദൃശ്യമായില്ല. ഇതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരം ഉറപ്പിച്ച കയറ്റുമതിക്കാര്‍ മികച്ചയിനം ചരക്ക് വില ഉയര്‍ത്തി ശേഖരിച്ചെങ്കിലും വിലക്കയറ്റം വിപണിയെ ബാധിക്കാത്ത വിതം ഇടപാടുകള്‍ പലതും രഹസ്യമായ നടത്തി. ജാതിക്ക കിലോ 240 രൂപയിലും ജാതിപത്രി 480 രൂപയില്‍ വിപണനം നടന്നപ്പോള്‍ നാടന്‍ ഗ്രാമ്പൂ കിലോ 940-1000 രൂപയില്‍ വ്യാപാരം നടന്നു.

ഏലത്തെ അന്വേഷിച്ച് കല്‍ക്കത്ത

കല്‍ക്കത്തയില്‍ നിന്നുള്ള വാങ്ങലുകാര്‍ നവരാത്രി വേളയിലെ ആവശ്യങ്ങള്‍ക്കുള്ള ഏലക്ക സംഭരണം നടത്തി. ഇടപാടുകാര്‍ നേരിട്ടും മദ്ധ്യവര്‍ത്തികള്‍ മുഖാന്തരവും ഏലക്ക ശേഖരിച്ചു. കോറോണ കാലയളവിന് ശേഷം നവരാത്രി വില്‍പ്പനകള്‍ ഇക്കുറി പൊടിപൊടിക്കുമെന്ന കണക്ക് കൂട്ടലിലാണ് ബംഗാളില്‍ നിന്നുള്ള വാങ്ങലുകാര്‍. മുന്നിലുള്ള കല്യാണ സീസണിലെ ആവശ്യങ്ങള്‍ക്കും അവര്‍ ചരക്ക് വാങ്ങുന്നുണ്ട്. ഇന്ന് നടന്ന ലേലത്തില്‍ 68,234 കിലോ ലേലത്തിന് വന്നതില്‍ 54,144 കിലോ വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2504 രൂപയിലും ശരാശരി ഇനങ്ങള്‍ 1748 രൂപയിലും ഇടപാടുകള്‍ നടന്നു.

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ധന

നാളികേരോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു. ഒരാഴ്ച്ചയില്‍ ഏറെയായി വെളിച്ചെണ്ണ സ്റ്റെഡി നിലവാരത്തില്‍ നീങ്ങിയ ശേഷമാണ് ഇന്ന് ഉണര്‍വിന്റ സൂചനകള്‍ പുറത്തുവിട്ടത്. മില്ലുകാര്‍ നിരക്ക് ഉയര്‍ത്താന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ കൊപ്ര വിലയിലും ഉണര്‍വിന് സാധ്യത.