image

3 Nov 2023 11:31 AM IST

Commodity

ഉള്ളിവില: ബഫര്‍ സ്റ്റോക്ക് വിപണിയിലേക്ക്

MyFin Desk

Centre to release onions from buffer stocks
X

Summary

  • നവംബറില്‍ ഒരുലക്ഷം ടണ്‍ ഉള്ളിയാകും പുറത്തിറക്കുക
  • കഴിഞ്ഞദിവസം വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
  • നൂറിലധികം ചില്ലറ വിപണികളിലെ വില നിയന്ത്രണത്തിന് ഇത് സഹായിക്കും


ഉള്ളിയുടെ വിലക്കയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നവംബര്‍ 3 മുതല്‍ 100-ലധികം നഗരങ്ങളിലെ ചില്ലറ വിപണികളിലേയ്ക്ക് ബഫര്‍ സ്റ്റോക്കുകളില്‍ നിന്ന് ഉള്ളി എത്തിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചു. കൂടുതല്‍ വിലക്കയറ്റം ഏതൊക്കെ മേഖലകളിലാണെന്നു വിലയിരുത്താന്‍ നവംബർ രണ്ടിന് വൈകുന്നേരം ചേർന്ന യോഗത്തിലാണ് തീരുമാനം.

ഉത്സവ സീസണില്‍ ഈ അവശ്യവസ്തുവിന്റെ വില നിയന്ത്രിക്കാന്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഒരു ലക്ഷം ടണ്‍ ഉള്ളിയാകും നവംബറില്‍ പുറത്തിറക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു.

' ഉള്ളി വിലയിലെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ഞങ്ങള്‍ സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്. പ്രത്യേക പ്രൈസ് ബാന്‍ഡില്‍ വില നീങ്ങുന്നുവെന്നല്ല, മറിച്ച് ഒരു നഗരത്തില്‍ വിലകള്‍ എങ്ങനെ ഉയരുന്നുവെന്നാണ് നിരീക്ഷിക്കുന്നത്,' ഇതേക്കുറച്ചു പഠനം നടത്തുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'' റീട്ടെയില്‍, മൊത്തവ്യാപാര വിപണികളില്‍ ഇടപെടുമ്പോള്‍, റീട്ടെയില്‍ വിപണികളിലേക്ക് എത്തിക്കുന്ന സ്റ്റോക്കുകളുടെ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി,'' ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഡോര്‍, ഭോപ്പാല്‍, റായ്പൂര്‍, റാഞ്ചി, ജയ്പൂര്‍, കോട്ട, ലക്നോ, വാരാണസി എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വില കുറയാന്‍ കാരണമായി. മുമ്പ് തക്കാളി വില കിലോയ്ക്ക് 250 രൂപ വരെ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി വിപണിയായ ഡല്‍ഹിയിലെ ആസാദ്പൂരിലും നവംബര്‍ രണ്ടോടെ സാധനങ്ങള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ 28-ന് സര്‍ക്കാര്‍ മിനിമം കയറ്റുമതി വില (എംഇപി) ടണ്ണിന് 800 ഡോളര്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉള്ളി വില കുറയുന്നുന്ന പ്രവണത കാണിച്ചു തുടങ്ങിയിരുന്നു. ഇത് ആഭ്യന്തരലഭ്യത വര്‍ധിപ്പിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ഖാരിഫ് വിളയുടെ പുതിയ വരവും സഹായിച്ചു. എന്നാല് രാജ്യതലസ്ഥാനത്ത് ചില്ലറ വില്‍പ്പന ഉള്ളി വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. ഒരു കിലോയ്ക്ക് 77 രൂപയാണ് ഇപ്പോള്‍ ചില്ലറവിലയെന്ന് ഉപഭോക്തൃകാര്യ വകുപ്പ് സമാഹരിച്ച കണക്കുകള്‍ കാണിക്കുന്നു.

രണ്ടാഴ്ച മുമ്പ് വില കിലോയ്ക്ക് 40 രൂപയായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. രാജ്യത്തുടനീളം ഉള്ളിയുടെ ശരാശരി വില കിലോയ്ക്ക് 58 രൂപയും ആയിരുന്നു.

എന്നാല്‍ ഉത്സവ സീസണില്‍ സാധനവില ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. ഉള്ളിവില നൂറിലെത്തുന്നത് തടയുക എന്നതാകും അധികൃതര്‍ സ്വീകരിക്കുന്ന നിലപാട്. 2023-24ല്‍ മൂന്ന് ലക്ഷം ടണ്‍ ഉള്ളി ബഫര്‍ നിലനിര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഓഗസ്റ്റില്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം ടണ്ണായി ഉയര്‍ത്തി. പിന്നീട് ബഫര്‍ സ്റ്റോക്ക് ലക്ഷം ടണ്‍ കൂടി ഉയര്‍ത്തി. 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ ഉള്ളിയായിരുന്നു ബഫര്‍ സ്റ്റോക്കായി സൂക്ഷിച്ചിരുന്നത്.

കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര വിപണികളില്‍ ലഭ്യത നിലനിര്‍ത്തുന്നതിനുമായി ഒരു ടണ്ണിന് 800 ഡോളറിന്റെ എംഇപി ചുമത്താനുള്ള തീരുമാനം മഹാരാഷ്ട്ര വിപണികളില്‍ ഉടനടി വില തിരുത്തല്‍ കാണിച്ചതായി കേന്ദ്രം അറിയിച്ചു.